യോഗാചാര്യ ഉണ്ണിരാമന്‍
ഡയറക്ടര്‍, പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍
അത്യത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ മാനവ സമൂഹത്തിന് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശാസ്ത്രലോകത്ത് നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത മേഖലകളില്ല എന്നു പറയാം. അത്ര മഹത്തരമാണ് നാം ഉണ്ടാക്കിയ ശാസ്ത്ര നേട്ടങ്ങള്‍. പ്രത്യേകിച്ച് വൈദ്യശാസ്ത്രത്തില്‍ സങ്കല്പിക്കാന്‍ പറ്റാത്ത ആധുനിക സാങ്കേതിക വിദ്യകള്‍ നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്രയൊക്കെ പുരോഗതി കൈവരിച്ചെങ്കിലും ഒരു പരമാണുവിന്റെ മുന്‍പില്‍ മാനവ സമൂഹം പകച്ചുപോയതാണ് ഈയടുത്ത കാലത്ത് നാം കണ്ടത്. നിസ്സഹായരായ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ അപഹരിക്കപ്പെട്ടു. നിരവധി പേര്‍ രോഗാനന്തരം വിവിധതരം മാനസിക ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. പ്രതിവിധിക്കുള്ള ഉപാധികള്‍ വികസിപ്പിച്ചെടുത്തെങ്കിലും വേണ്ടത്ര വിജയിച്ചില്ല. കൊവിഡ് സൃഷ്ടിച്ച ഭീതിയില്‍ നിന്ന് മനുഷ്യന്‍ മുക്തനായിട്ടില്ല.
ചരിത്രം പരിശോധിച്ചാല്‍ പലകാലഘട്ടങ്ങളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. പ്രകൃതിയോടടുത്ത് ജീവിക്കുന്ന സമൂഹത്തിന് ഇത്തരം രോഗങ്ങള്‍ അത്രകാര്യമായി ബാധിക്കുന്നില്ല എന്നാണ് അനുഭവം. പ്രത്യേകിച്ച് ചില ആദിവാസി സമൂഹത്തിന്. ഇത്തരം രോഗങ്ങള്‍ മനുഷ്യനെ മാത്രമെ ബാധിക്കുന്നുള്ളൂവെന്നതും പരിഗണിക്കേണ്ടതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് ഇത്തരം രോഗം വന്നതായി അറിവില്ല. അവയിലും രോഗങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര വ്യാപകമാകാറില്ല. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് അകന്നതിന്റെ ദുരന്തമാണ് ഏറ്റുവാങ്ങുന്നത്. പ്രകൃതിയില്‍ നിന്ന് അകലുന്നന്നതോടെ പ്രതിരോധശക്തി കുറയുന്നു. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും ശരീരത്തിന് സ്വന്തമായുള്ള പ്രതിരോധശക്തി നിലനിര്‍ത്താന്‍ നാം ശ്രദ്ധ കൊടുത്തേ പറ്റൂ.
സ്വയമുള്ള പ്രതിരോധശക്തി കുറയുന്നതിന് പല കാരണങ്ങളുണ്ട്. ഭക്ഷണത്തിലൂടെ ശരീരം മലിനമാകുമ്പോള്‍ രോഗവും പ്രതിരോധശക്തി കുറയുന്ന സാഹചര്യവും ഉണ്ടാകുന്നു. മറ്റൊരു പ്രധാന കാരണം മാനസിക സംഘര്‍ഷമാണ്. ഒറ്റപ്പെടല്‍, സാമൂഹിക ബന്ധങ്ങളില്‍ നിന്നുള്ള അകല്‍ച്ച എന്നിവ മൂലമുള്ള മാനസിക സംഘര്‍ഷം പ്രത്യേകിച്ചും. നാലുചുമരുകള്‍ക്കുള്ളില്‍ മാത്രം ജീവിച്ച് മാനസികമായ പിരിമുറക്കം വര്‍ദ്ധിച്ച് ഡിപ്രഷനിലേക്ക് എത്തുന്നു. ഇത്. നമ്മുടെ അന്തസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇത് പ്രതിരോധശക്തി കുറയാന്‍ കാരണമാകുന്നു.. ഉല്‍കണ്ഠയും, ഭയവും പ്രതിരോധശക്തി കുറയുന്നതിനുള്ള മറ്റു കാരണങ്ങളാണ്. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വൈദൃശാസ്ത്രത്തിന് ഒരു പരിധി വരെ മാത്രമേ കഴിയൂ. നമ്മുടെ ശരീരത്തേയും മനസ്സിനേയും ശരിയായ രീതിയില്‍ പാകപ്പെടുത്തിയെടുക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അതിന് ഉത്തമമായ മാര്‍ഗം യോഗയാണ്.
യോഗ പരിശീലനത്തിലൂടെ പ്രധാനമായും നമ്മുടെ ശരീരം ആരോഗ്യവത്താകുന്നു. നാഡികളും പേശികളും ആന്തരികാവയവങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നു. ശാരീരിക സ്വസ്ഥത കൈവരുന്നതോടെ സ്വാഭാവികമായും മാനസിക സ്വസ്ഥതയും കൈവരിക്കാനാകും. ഇത്പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. യോഗ പരിശീലനത്തിലൂടെ നമ്മുടെ ശരീരത്തില്‍ സ്വാധീനിക്കപ്പെടുന്ന അതിപ്രധാനമായ ഘടകമാണ്അന്ത:സ്രാവഗ്രന്ഥികള്‍. മാനസിക സംഘര്‍ഷം അന്ത:സ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഉദാഹരണമായി ഒരു അപകട ഘട്ടം വന്നാല്‍ അതിനെ നേരിടാന്‍ സാധാരണ ഉര്‍ജ്ജം മതിയാവില്ല. ഓരോ കോശങ്ങളിലേക്കും കൂടുതല്‍ ഊര്‍ജ്ജം കിട്ടണം. അതിനായി ശരീരം അടിയന്തിരമായി തയ്യാറാകണം. വിവരം തലച്ചോറിനകത്തെ ഹൈപ്പോതലാമസില്‍ എത്തും. അവിടെ നിന്ന് പിറ്റിയൂട്ടറിഗ്രന്ഥികളിലേക്കും. സങ്കീര്‍ണ്ണമായ നാഡീവ്യൂഹ പ്രക്രിയകളിലൂടെ ശരീരം കടന്നു പോകുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനവേഗത കൂടുന്നു. കാരണം ഓരോ കോശങ്ങളിലേക്കും കൂടുതല്‍ രക്ത പ്രവാഹം ലഭിക്കണം. അവിടെ ഊര്‍ജ്ജം കൂടുതല്‍ ലഭിക്കുന്നു. രക്ത ശുദ്ധീകരണത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവിശ്യമാണ്. കൂടുതലായ കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പുറംതള്ളണം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വേഗതയില്‍ നടക്കുന്നു. ശരീരത്തെ അടിയന്തര ഘട്ടത്തെ നേരിടാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി നിരവധി ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു.
നമ്മുടെ നാഡീവ്യവസ്ഥയില്‍ സിംപതറ്റിക് നാഡി, പാരാ സിംപതറ്റിക് നാഡീ എന്നീ രണ്ടു നാഡീ വ്യവസ്ഥകള്‍ ഉണ്ട്. സിംപതറ്റിക്‌നാഡിയാണ് മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങളെ സഹായിച്ചത്. ശരീരം സാധാരണ രീതിയിലെത്താന്‍ സഹായിക്കുന്നത് പാരാസിംപതറ്റിക് നാഡിയാണ്. എന്നാല്‍ ഒരു ദിവസം പലതവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ മാനസിക സംഘര്‍ഷം കൂടുന്നു. ഇതിനെ നേരിടാന്‍ ഓരോ കോശങ്ങളിലേക്കും കൂടുതല്‍ ഈര്‍ജ്ജം ലഭിക്കണം. അതിനായി ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം വേഗതയില്‍ നടത്തേണ്ടി വരുന്നു. ഇത് സാധ്യമാകുന്നത് നാഡീവ്യവസ്ഥയിലെ സിംപതറ്റിക് നാഡിയുടെ പ്രവര്‍ത്തന ഫലമായാണ്. എന്നാല്‍ പാരാസിംപതറ്റിക് നാഡി പ്രവര്‍ത്തിച്ച് ശാന്തത കൈവരുത്തുന്നു.
നമ്മുടെ ശരീരത്തിലെ ജൈവരാസ ഘടകമായ ന്യൂറോ ട്രാന്‍സ്മിറ്റേഴ്സായ എന്‍ഡോര്‍ഫിന്‍, ഡോപോമിന്‍, സെറാട്ടോണിന്‍, ഓക്‌സിടോസിന്‍ എന്നിവ ശരീരത്തില്‍ ശരിയായി നിലനിര്‍ത്താന്‍ സാധിച്ചാല്‍ ആരോഗ്യം സംരക്ഷണം സാധ്യമാകുന്നു.പുറമെ നിന്നുള്ള ഒരു അന്യ പദാര്‍ത്ഥം വൈറസ്, ബാക്ടീരിയ എന്നിവ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിലെ ആന്റിബോഡി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ച് രോഗം തടയാന്‍ ശ്രമിക്കുന്നു.ദിവസവും യോഗ പരിശീലിക്കുന്ന വ്യക്തിക്ക് ശരീരത്തിനും മനസ്സിനും ആരോഗ്യം വര്‍ദ്ധിക്കുന്നു. പ്രതിരോധശക്തി വര്‍ദ്ധിക്കുന്നു.
9495840352
പ്രതികരിക്കാൻ ഇവിടെ എഴുതുക: