മാധ്യമ സുഹൃത്തുക്കള്‍ക്കിടയിലെ ചില ചിന്തകള്‍, അവരുടെ നിലപാടുകള്‍, നിഗമനങ്ങള്‍ ഒക്കെയാണ് വിഷയം എന്നാദ്യമേ സൂചിപ്പിക്കട്ടെ. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്, കോവിഡ് പ്രതിസന്ധി ഉടലെടുക്കുന്നതിന് മുന്‍പ്. ഒരു മാധ്യമ സ്ഥാപനം അവരുടെ ട്രെയിനി പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ഒരു ശിബിരത്തില്‍ ക്ലാസ് എടുക്കാന്‍ ക്ഷണിച്ചു. നിശ്ചിത തീയതിക്ക് ആഴ്ചകള്‍ മുന്‍പേ പരിചയമുള്ള സുഹൃത്ത് സമ്മതം ചോദിച്ചു; ഒരാഴ്ച മുന്‍പേ പറഞ്ഞാല്‍ മതി, എത്തിക്കോളാം എന്ന് ഞാന്‍ സമ്മതിക്കുകയും ചെയ്തു. ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ആണ് ഞാന്‍ ഉദ്ബോധിപ്പിക്കേണ്ടതെന്നും അറിയിച്ചിരുന്നു. ഏതാണ്ട് 20- 25 പുതിയ പത്രപ്രവര്‍ത്തകര്‍ അഥവാ ട്രെയ്നിമാര്‍. ഒട്ടെല്ലാവരും ജേര്‍ണലിസത്തില്‍ ബിരുദവും ഡിപ്ലോമയും ബിരുദാനന്തര ബിരുദവുമൊക്കെയുള്ളവര്‍. ബയോഡാറ്റ കണ്ടപ്പോള്‍ തന്നെ സന്തോഷമായി. അപ്പോള്‍ അതിന്റെ സംഘാടകര്‍ പറഞ്ഞു, ദേശീയ രാഷ്ട്രീയം ഒരു ക്ലാസ് കഴിഞ്ഞു; ബിജെപിയും സംഘപരിവാറും സംബന്ധിച്ച് ക്ലാസ് എടുത്താല്‍ നന്നായി. ഞാന്‍ സ്ഥലത്തെത്തുമ്പോഴാണ് ഈ നിര്‍ദ്ദേശം വരുന്നത്. വിഷയം അതായതിനാല്‍ വിഷമമില്ല. മാത്രമല്ല ഇതുപോലെ മറ്റൊരു മാധ്യമ ശിബിരത്തില്‍ ഞാന്‍ ആ വിഷയം കൈകാര്യം ചെയ്തത് അറിയാവുന്നയാളാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആകെ രണ്ടുമണിക്കൂര്‍, അതില്‍ ഒരു മണിക്കൂര്‍ സംശയ നിവാരണം അഥവാ ചര്‍ച്ച. എനിക്ക് മുന്‍പേ അവിടെ ക്ലാസ് എടുത്തവരില്‍ ചില ഐഎഎസ്,ഐപിഎസ് പ്രമുഖര്‍, അതെ കാറ്റഗറിയില്‍ പെട്ട റിട്ടയര്‍ ചെയ്ത ചിലരൊക്കെ ഉണ്ട്. ഇത് ആദ്യമേ സൂചിപ്പിച്ചത്, പരിപാടിയുടെ സ്വഭാവവും മറ്റും ബോധ്യപ്പെടുത്താനാണ്.
ഞാന്‍ ആദ്യമേ പ്രസംഗം വേണ്ടെന്നുവെച്ചു; ചോദ്യോത്തര പരിപാടി എന്ന നിലക്ക് തുടങ്ങാം; അവസാനം സംസാരിക്കാം. അതിനൊരു ഗുണമുണ്ടെന്ന് അറിയാമായിരുന്നു. അവിടെയുള്ളവരുടെ നിലവാരം മനസിലാക്കാന്‍ കഴിയും; ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ ഉള്ള കുട്ടികളാണ് മുമ്പിലുള്ളത്.
ഇവിടെ നാം ഓര്‍ക്കണം, ഇന്ത്യയില്‍ അപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരുണ്ട്; ഒരു ആര്എസ്എസുകാരന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നു. ഭരണത്തലത്തിലൊക്കെ ആര്‍എസ്എസിന്റെ സ്വാധീനമെന്ന വലിയ ആക്ഷേപം പ്രതിപക്ഷം വേണ്ടിടത്തും വേണ്ടാത്തിടത്തും ഉന്നയിക്കുന്നു. സ്വാഭാവികമായും അതിലൊക്കെ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള താല്പര്യവും ഗ്രാഹ്യവുമൊക്കെ മനസ്സിലാക്കാമല്ലോ.
‘കേരളത്തിലെ ആര്‍എസ്എസിന്റെ തലവന്‍ ആരാണ് എന്നറിയാമോ……… ?’. ‘എവിടെയാണ് കേരളത്തില്‍ ആര്‍എസ്എസിന്റെ ആസ്ഥാനമെന്നറിയാമോ?’. എന്റെ ചോദ്യത്തോടെ തുടങ്ങാമെന്ന് കരുതി. സംഘത്തിന്റെ നേതൃത്വത്തിലുള്ളവരില്‍ ആരുടെയെങ്കിലും പേര് അവര്‍ പറയുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ ചുമതല സംബന്ധിച്ചോ വ്യക്തിയുടെ പേരിനെക്കുറിച്ചോ ഇവര്‍ക്കാര്‍ക്കും ഒന്നുമറിയില്ലായിരുന്നു. പലരും പല പേരുകളും പറഞ്ഞു എന്നത് ശരിയാണ്; അതൊക്കെ പരമ അബദ്ധവും; അതുകൊണ്ട് ഇവിടെ കുറിക്കുന്നില്ല. സംഘത്തിന്റെ ആസ്ഥാനം സാധാരണ നിലക്ക് അറിയാനായേക്കും എന്നും ധരിച്ചു. അതുമറിയാത്തവര്. ആര്‍എസ്എസ് തുടങ്ങിയത് എവിടെയെന്നോ അതിന്റെ ആസ്ഥാനം എവിടെയെന്നോ അറിയാത്തവരുമായിരുന്നു. നമ്മുടെ യുവമാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഘ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരം, അവരുടെ പൊതുവിജ്ഞാനത്തിന്റെ ആഴം എന്നിവയൊക്കെ എത്രയുണ്ടെന്ന് ആര്‍ക്കും ഇതില്‍നിന്ന് ബോധ്യമാവും. ഇവര്‍ ട്രെയിനിമാരാണ് എന്നാശ്വസിക്കാം. ചാനല്‍ ചര്‍ച്ചകളിലൊക്കെ ആങ്കര്മാരാവുന്ന മുതിര്‍ന്ന മഹാന്മാരുടെ കാര്യവും പലപ്പോഴും ഏറെയൊന്നും ഭിന്നമാവാറില്ല; അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് എത്രയോ വട്ടം കണ്ടിട്ടുണ്ട്.
ശരിയാണ്, ആര്‍എസ്എസിനെ നന്നായി മനസിലാക്കാന്‍ അത്ര എളുപ്പമല്ല; അത് പരസ്യമായി പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ പ്രസ്ഥാനമാണെങ്കില്‍ പോലും. പഴയ കാലത്ത് സംഘത്തെ നന്നായി മനസിലാക്കാന്‍ സിപിഎമ്മുകാര്‍ സഖാക്കളെ ശാഖകളിലേക്ക് അയച്ചതൊക്കെ ഇന്നിപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ. പുറമെനിന്ന് നോക്കിക്കണ്ടാല്‍ ഒന്നും മനസ്സിലാവുകയില്ല എന്നവര്‍ക്ക് തിരിച്ചറിയാനായത് കൊണ്ടാണ് അങ്ങിനെയൊരു ഉദ്യമം നടത്തിയത്. അങ്ങിനെവന്നവര് പിന്നെ തിരിച്ചുപോയില്ല എന്നതുമോര്‍ക്കുക. എന്നാലും മാധ്യമ പ്രവര്‍ത്തകര്‍ സംഘത്തെ, സംഘ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അതെന്താണ് എന്ന് അല്‍പ്പമെങ്കിലും തിരിച്ചറിയേണ്ട? ഇത് സംഘത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏത് സംഘടനയെയും അതിന്റെ നേതാക്കളെയും വിമര്‍ശിക്കുന്നതിന് മുന്‍പ് ആ നേതാവാരാണ്, എന്താണ് ആ സംഘടനയുടെ രീതികള്‍, നയങ്ങള്‍ എന്നൊക്കെ മനസിലാക്കണം; എങ്കിലേ ആ വാര്‍ത്തയില്‍ ഒരു സമഗ്രത ഉണ്ടാവൂ. മാവോയിസ്റുകള്‍ മുതല്‍ മുസ്ലിം ലീഗ് വരെ ഏതു സംഘടനയായാലും അങ്ങിനെതന്നെ.
താന്‍ തയ്യാറാക്കുന്ന വാര്‍ത്തയില്‍ അവനവന് ഒരു വിശ്വാസം വേണ്ടേ; ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഒരു ‘കണ്‍വിക്ഷന്‍’. ഇതെന്നും മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്; അത് ആ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയുടെ ഭാവം കൂടിയാണ്. എന്നാല്‍ അതൊന്നും ഇന്ന് പലപ്പോഴും നടക്കുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് മാധ്യമ സുഹൃത്തുക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ശൈലി ഇന്നിപ്പോള്‍ കൂടിക്കൂടി വരുന്നു എന്നതാണ് ദുഃഖകരം. മറ്റൊന്ന്, വ്യക്തി താല്പര്യങ്ങള് വസ്തുതകളേക്കാള്‍ പ്രാമുഖ്യം നേടുന്നു എന്നതും. സത്യം അഥവാ വസ്തുത റിപ്പോര്‍ട്ട് ചെയ്യലല്ല മറിച്ച് തന്റെ രാഷ്ട്രീയ -മത- സാമുദായിക താല്പര്യങ്ങളെ സത്യത്തിനുമുകളില് കയറിയിരിക്കാന്‍ അവര്‍ അനുവദിക്കുന്നു. ജിഹാദി ഫ്രണ്ടുകാരന്‍ സമ്മാനമായി നല്കുന്ന മൊബൈല്‍ ഫോണ്‍, മാസാമാസം ചിലര്‍ നല്കുന്ന ചില്ലറ…. ഇതൊക്കെയാണ് തന്നെ നയിക്കുന്നത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോഴാണ് സത്യവും ധര്‍മ്മവും വഴിതെറ്റുക. അവിടെ തങ്ങള്‍ അടിയറ വെക്കുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ അവര്‍ മടിച്ചാലോ? രാഷ്ട്രവിരുദ്ധത തലയുയര്‍ത്തിനിന്ന് ആടുന്നതും ഇവിടെ നാം കാണുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപിക്കെതിരെ നടത്തിയ നീക്കങ്ങളും ഇതോടൊപ്പം ചേര്‍ത്തുവെച്ച് വായിക്കേണ്ടതുണ്ട്. കൊടകര, മഞ്ചേശ്വരം പിന്നെ കല്‍പ്പറ്റ… എന്തൊക്കെ കേസുകള്‍. അതൊക്കെ ആരുടെ താത്പര്യപ്രകാരമാണ് സൃഷ്ടിച്ചത് എന്നത് ആര്‍ക്കുമറിയാവുന്നതാണ്. അതൊന്നും എവിടെയുമെത്താന്‍ പോകുന്നില്ല എന്നുമറിയാം. അതിലെ വസ്തുതകള്‍ വിളിച്ചുപറയുന്നതിന് പകരം പോലീസിന്റെ ഭാഷ്യം മാത്രം റിപ്പോര്‍ട്ട് ചെയ്തവരാണിവര്‍. അറസ്റ്റിലായവരുടെ രാഷ്ട്രീയം നോക്കാന്‍ മറന്നവരും. പക്ഷെ അതിനിടയില്‍ നേതൃമാറ്റം, പുതിയ പ്രസിഡന്റ്, കേന്ദ്ര ഇടപെടല്‍ അങ്ങിനെ എന്തൊക്കെ വാര്‍ത്തകള്‍ ചമച്ചു. ചില വ്യാജ വാര്‍ത്തകള്‍ക്കെതിരെ ബിജെപി നിയമ നടപടികള്‍ തുടങ്ങിയെന്നും കാണുന്നു. യുപി പോലീസ് അടുത്തിടെ എടുത്ത നടപടികളും ശ്രദ്ധേയം തന്നെ.
ദേശീയ തലത്തില്‍ ടൂള്‍കിറ്റ് വാര്‍ത്തയായത് ഇക്കാലത്താണ്. കോണ്‍ഗ്രസ് സൃഷ്ടിച്ച ടൂള്‍ കിറ്റില്‍ കുറെയേറെ കള്ളത്തരങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് കാലത്ത് മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന പടമെടുത്ത് ലോക മാധ്യമങ്ങള്‍ക്ക് കൊടുക്കണം എന്നതായിരുന്നു അതിലൊന്ന്. മലയാള മാധ്യമ പ്രവര്‍ത്തകര്‍ അടക്കം അത് ചെയ്യുന്നത് ഇക്കാലത്ത് നാം കണ്ടതാണല്ലോ. ഡല്‍ഹിയിലൊക്കെ സാധാരണ നിലക്ക് തന്നെ അനേകം മരണങ്ങള് ഒരു ദിവസമുണ്ടാവാറുണ്ട്. ആ പൊതു ശ്മാശാനത്തിന് മുന്നില്‍ ചെന്ന് തരം താണ കഥകള്‍ മെനഞ്ഞ മാധ്യമ പുംഗവന്മാര്. പണ്ടെങ്ങോ എവിടെയോ കണ്ട ഒരു ചിത്രമെടുത്ത് യുപിയില്‍ ഗംഗ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നു എന്ന് വാര്‍ത്ത ചമച്ചവര്‍….. ബിജെപി, ആര്‍എസ്എസ് വിരോധമാവാം; നരേന്ദ്ര മോദി വിരോധവുമായിക്കൊള്ളട്ടെ. എന്നാല്‍ നിഷ്പക്ഷമുഖം പേറുന്ന മാധ്യമങ്ങള്‍ ഇത്തരം കള്ള വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍, ചര്‍ച്ചകള്‍ നടത്തുമ്പോള്‍…. ആ ടൂള്‍ കിറ്റില്‍ പറഞ്ഞ പ്രകാരം സ്വാധീനിക്കപ്പെട്ടവരാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് പറയേണ്ടിവരില്ലേ. സ്വന്തം മടിശീലയോട് നന്ദി കാണിക്കണം എന്നതുകൊണ്ടാവണം അതൊക്കെ എന്ന് ആരെങ്കിലും സംശയിച്ചാല്‍ ആക്ഷേപിക്കാനാവുമോ? ഇത്തരത്തിലുള്ള കരുനീക്കങ്ങള്‍ കൊണ്ട് ബിജെപിയെ അല്ലെങ്കില്‍ സംഘ പ്രസ്ഥാനങ്ങളെ നശിപ്പിക്കാനാവില്ല എന്നത് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതും ഇക്കൂട്ടരുടെ ഗതികേടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: