ഇസ്ലാമബാദ്: ‘ടോളോ ന്യൂസ്’ എന്ന മാധ്യമസ്ഥാപനത്തിന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നല്കിയ അഭിമുഖം ചര്‍ച്ചയാകുന്നു. അല്‍ ഖയിദ ഭീകരന് ഒസാമ ബിന്‍ ലാദനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പരാമര്‍ശിച്ചത് അഭിമുഖത്തില്‍ ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടി. പരാമര്‍ശം സന്ദര്‍ഭത്തില്‍നിന്ന് അടര്ത്തിമാറ്റുകയായിരുന്നുവെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇത് ആയുധമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ന്ന്, ലാദന് രക്തസാക്ഷിയെന്ന് ഖുറേഷി വിശ്വസിക്കുന്നുണ്ടോയെന്ന് മാധ്യമപ്രവര്ത്തകന് തിരക്കി. ‘ഞാനതിനോട് പ്രതികരിക്കുന്നില്ല’ എന്ന് അല്പ നേരത്തെ ആലോചനയ്ക്കുശേഷം അദ്ദേഹം ഉത്തരം നല്കി. ഇതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അഫ്ഗാന് സമാധാന നടപടികളെക്കുറിച്ചും അഭിമുഖത്തില്‍ ചോദ്യങ്ങളുയര്‍ന്നു. പാക്കിസ്ഥാന്റെ മണ്ണില്‍നിന്ന് താലിബാന് പിന്തുണ കിട്ടുന്നുണ്ടോയെന്നും മാധ്യമപ്രവര്ത്തകന് ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: