കൊട്ടാരക്കര: മുട്ടില്‍ മരം കൊള്ള ഏറെ വിവാദം സൃഷ്ടിച്ച അവസരത്തിലാണ് കൊട്ടാരക്കര നഗരസഭാ പരിധിയിലും മരംമുറി വിവാദം പുറത്തുവരുന്നത്.
സ്വകാര്യവ്യക്തികളുടെയും മറ്റും ഉടമസ്ഥതയിലുള്ള വന്‍മരങ്ങള്‍ മഴയുടെയും കാറ്റിന്റെയും പേര് പറഞ്ഞു നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ മുറിച്ചുനീക്കി മരത്തിന്റെ ഉടമകളെ ബന്ധപ്പെടാതെ മറിച്ചു വിറ്റതായാണ് ആരോപണം. 2021 മെയ് 30ന് കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അപകടഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിടുകയും തുടര്‍ന്നു കറങ്ങിനടന്ന് റോഡരികില്‍ നിന്നും പൊതുസ്വകാര്യയിടങ്ങളില്‍ നിന്നും നിരവധി മരങ്ങള്‍ മുറിച്ചുമാറ്റുകയുമായിരുന്നു.
ജൂണ്‍ 12ന് ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭയിലെ നാലാം ഡിവിഷനില്‍ നിന്നും പരസ്പരം കേസ് നടക്കുന്ന രണ്ടു കുടുംബങ്ങളുടെ ഭൂമിയില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു കടത്തി. സ്വകാര്യവസ്തുക്കളില്‍ നിന്നും മരം മുറിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്ലാതെ ഉടമകള്‍ക്ക് ഒരു രൂപ പോലും നല്‍കാതെ മരം മുറിച്ചുകടത്തുകയായിരുന്നു. നിലവില്‍ ഒരിടത്തുമാത്രമാണ് അതിര്‍ത്തി തര്‍ക്കം കാരണം നോട്ടീസ് നല്‍കി മരം മുറിച്ചതെന്നും ബാക്കിയുള്ളവയെ പറ്റി അറിയില്ലെന്നും നഗരസഭ സെക്രട്ടറി പ്രതികരിച്ചു.
















