തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അംബേദ്ക്കര്‍ ചെയറിനും വിലക്ക്. സര്‍വകലാശാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മ അയ്യങ്കാളി കള്‍ച്ചറല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ അപേക്ഷ പ്രകാരം അംബേദ്കര്‍ ചെയര്‍ പ്രവര്‍ത്തിക്കുന്നതിന് 2015 മാര്‍ച്ച് 21ലെ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ചെയര്‍ പ്രവര്‍ത്തിക്കുന്നതിന് 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് അടക്കാന്‍ ആവശ്യപ്പെട്ട് സര്‍വ്വകലാശാല 2016 ഫെബ്രുവരി 16ന് കത്ത് നല്കി.
ഇത്രയും ഭീമമായ തുക അടയ്ക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത പട്ടികജാതിക്കാരായ ട്രസ്റ്റ് അംഗങ്ങള്‍ക്ക് കഴിയില്ലെന്നും ഇതിന് മുമ്പ് രൂപീകരിച്ച വിവിധ ചെയറുകള്‍ക്ക് നല്കിയ പ്രവര്‍ത്താനുമതി പ്രകാരം കോര്‍പ്പസ് ഫണ്ടില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ ചെയറിന്റെ തുടര്‍ പ്രവര്‍ത്താനുമതി നിഷേധിക്കുകയാണുണ്ടായത്. ഇതിന് ശേഷവും നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.
സര്‍വകലാശാല ഇത്തരത്തില്‍ പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവണതയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പട്ടികവര്‍ഗക്കാര്‍ക്ക് അര്‍ഹതപ്പെട്ട സംവരണത്തില്‍ നിന്ന് രണ്ടര ശതമാനമെടുത്ത് മുന്നാക്കക്കാര്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. മഹാനായ ഭരണഘടനാ ശില്പ്പിയുടെ നാമധേയത്തിലുള്ള ചെയറിന് പരമാവധി ഇളവ് നല്കി തുടര്‍പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ട്രസ്റ്റ് പ്രസിഡന്റും മുന്‍ സിന്‍ഡിക്കേറ്റ് മെമ്പറുമായ അഡ്വ.കെ. ശിവരാമന്, സെക്രട്ടറി പി. വേലായുധന് മൂന്നിയൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: