കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തമ്മില്‍ വെല്ലുവിളിക്കുമ്പോള്‍, കലാലയ കാലത്തെ അതിക്രമങ്ങള്‍ നിരത്തി വീരസ്യം പറയുമ്പോള്‍, ചുരുളഴിയുന്നത് കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ കൊലപാതക-അക്രമ ബോംബ് രാഷ്ട്രീയം. അന്നും ഇന്നും കലാലയത്തില്‍ കഠാര രാഷ്ട്രീയത്തിന്റെ വിത്തിട്ടതും സിപിഎം-കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളായിരുന്നുവെന്ന കാര്യവും നേതാക്കള്‍ സ്വയം വെളിപ്പെടുത്തുകയാണ്.
1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ഇരുവരുടേയും രാഷ്ട്രീയ ചരിത്രം ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ നിറഞ്ഞതാണ്. തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന് എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായിരുന്നു പിണറായി വിജയന്. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ തയ്യല്‍ തൊഴിലാളി വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് സിപിഎം സംഘം ഇല്ലാതാക്കിയത്. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന കൊലക്കത്തി രാഷ്ട്രീയത്തിന് അന്ന് സിപിഎം തുടക്കമിട്ടു. പിണറായി മുഖ്യമന്ത്രിയായിട്ടും സിപിഎം അത് തുടരുകയാണ്. സിപിഎം ജില്ലാ-സംസ്ഥാന സെക്രട്ടറിയായിരിക്കെയും അക്രമ രാഷ്ട്രീയത്തിന് പിണറായി നേതൃത്വം നല്കി. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സ്വന്തം ബാഗില്‍ നിന്ന് വെടിയുണ്ട പിടിച്ചതടക്കം പല സംഭവങ്ങളിലും പിണറായി സംശയത്തിന്റെ നിഴലിലായി.
പിണറായി ഒരുഭാഗത്ത് മറ്റ് പാര്‍ട്ടികളോട് അസഹിഷ്ണുത തുടര്‍ന്നപ്പോള്‍, മറുഭാഗത്ത് സമാന്തരമായി കെ. സുധാകരനും 1980കള്‍ക്ക് ശേഷം ‘പല്ലിനു പല്ലെ’ന്ന സിദ്ധാന്തവുമായി കോണ്‍ഗ്രസിനുവേണ്ടി രംഗത്തുണ്ടായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പദവിയിലെത്തിയതോടെ സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ജില്ലയിലെ സമാധാനം കെടുത്തുകയും ചെയ്തു. ഏതാണ്ട് 2000 വരെ കണ്ണൂരിലാകെ ഇരുകൂട്ടരും അശാന്തി വിതച്ചു. സിപിഎം പ്രവര്ത്തകന് നാല്‍പ്പാടി വാസു വധക്കേസിലും ഇ.പി. ജയരാജനെ ആന്ധ്രയില്‍ ട്രെയിനി
ല്‍ വച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും സുധാകരന് ആരോപണവിധേയനായി. ഡിസിസി ഓഫീസില്‍ ബോംബ് സൂക്ഷിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ വേറേ. ഇപ്പോള്‍ ഇരുവരും സംസ്ഥാനത്തെ ക്രിമിനല്‍ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ മുഖ്യരായിരുന്നെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. വിജയനും സുധാകരനും തമ്മിലുള്ള വെല്ലുവിളി സമാധാന അന്തരീക്ഷം തകര്‍ക്കുമോയെന്ന ആശങ്കയിലാണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: