പി.കെ. ഗോപി
കാലഗണനയില്‍ പിശകുപറ്റിയെന്നോണം നിയതി ചിലരെ വേഗം മടക്കി വിളിക്കുന്നു. ഗുരുപൗര്‍ണ്ണമിയുടെ ശോഭയോടെ കാവ്യാകാശം നിറഞ്ഞു പെയ്തുകൊണ്ടിരിക്കെ, എവിടെ നിന്നോ മരണത്തിന്റെ കാര്‍മേഘം, എസ്. രമേശന് നായര്‍ എന്ന ശ്രേഷ്ഠകവിയെ കവര്‍ന്നെടുത്തു! സ്തംഭിച്ചിരിക്കാനല്ലാതെ മറ്റൊന്നും വയ്യ. ‘ഗോപീ… പ്രിയപ്പെട്ട ഗോപീ’ എന്ന വിളി ഹൃദയം കവരുംപോലെ ഇനി കേള്‍ക്കില്ല. കലര്‍പ്പില്ലാത്ത ആ പുഞ്ചിരിയുടെ നൈര്‍മ്മല്യം ഇനിയൊരിക്കലും കാണാനാവില്ല…
മഹാകവി അക്കിത്തത്തിന്റെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം തേടിയ പുരുഷപൂര്ണ്ണിമയുടെ ആ കാവ്യവാങ്മയത്തിന് സാംസ്കാരിക കേരളത്തിന്റെ പുണ്യസംഗമങ്ങളില്‍ എതിരറ്റ സ്ഥാനമുണ്ടായിരുന്നു. ഏതു ഗഹനമായ തത്ത്വസംഹിതയും, തത്തച്ചുണ്ടിലെ കതിര്മണിപോലെ ലളിതമായി കൊത്തിക്കൊറിക്കാന്‍ രമേശന് നായര്‍ എന്ന അനുഗൃഹീതകവിക്ക് നിഷ്പ്രയാസം കഴിഞ്ഞിരുന്നു. വിപ്ലവമോ, അദൈ്വതമവേദാന്തമോ, ആത്മീയതയോ, നവോത്ഥാനമോ, വിവേകാനന്ദവചനം പോലെ ശക്തിസൗന്ദര്യങ്ങളോടെ അദ്ദേഹം വാക്കിലുറപ്പിച്ചു. ബുദ്ധനും വിവേകാനന്ദനും ടാഗോറും മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവുമെല്ലാം ആ കാവ്യദര്പ്പണത്തില് അനശ്വരശോഭയോടെ പ്രതിഫലിച്ചു.
കലഹവിമുക്തമായ കവിത്വസിദ്ധിയാല് ഉള്‍ബലം ലഭിച്ച അപൂര്‍വ്വം കവികളിലൊരാളെന്ന നിലയില്‍ രമേശന്‍നായര്‍ക്ക് പ്രത്യേകമായ ആദരം ലഭിച്ചിരുന്നു. ഗാനാത്മകതയില്‍ ഇതള്‍ വിരിച്ചു സുഗന്ധം പരത്തിയ എത്രയെത്ര കവിതകള്‍ മലയാളിയുടെ ചുണ്ടില്‍ ചലച്ചിത്രഗാനരൂപത്തില് നിത്യവും അലയടിക്കാറുണ്ട്. മലയാളഭാഷയുടെ മാനുഷികഭാവങ്ങളെ ഭദ്രമായി അവതരിപ്പിക്കാന്‍ ഏതാനും നിമിഷങ്ങളുടെ ധ്യാനത്തില്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു. കവിതയുടെ മാഹാത്മ്യം അതിന്റെ ദാര്‍ശനികമായ ഔന്നത്യത്തിലാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. അഹിംസയുടെ അഗാധമായ സാരാംശങ്ങള്‍ സ്വന്തം വ്യക്തിത്വവികാസത്തിന്റെ ചേരുവകളില്‍ പ്രധാനമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വിദ്വേഷത്തിന്റെ കണികപോലും ഉള്ളില്‍ തമ്പടിക്കാന്‍ അവസരം കൊടുക്കാതെ സ്നേഹമാനവികതയെ പ്രകീര്‍ത്തിച്ചു.
‘വളരുന്നു തന്റെയുള്ളില്‍
വെറ്റിലക്കൊടിപോലവേ
ഒരാനന്ദമൊരസ്വാസ്ഥ്യം
ഒരു ധര്മ്മപ്രചോദനം’
ഗുരുപൂര്ണ്ണിമയിലെ ഈ വരികള്‍ രമേശന്‍നായരുടെ ആനന്ദാസ്വാസ്ഥ്യങ്ങള്ക്ക് നന്നേ ഇണങ്ങുന്നു. ഹൃദ്യാനുഭവങ്ങളുടെ കാല്പനികകല്ലോലിനി ഒഴുകുന്നിടത്തെല്ലാം കൈരളി ചിലങ്കകെട്ടി നൃത്തം ചെയ്തു. ചിതലരിച്ച ആചാരപ്പുലഭ്യങ്ങളെ ആട്ടിയകറ്റിയ മനസ്സായിരുന്നു അദ്ദേഹത്തില്‍ പ്രകാശം ചൊരിഞ്ഞു വിളങ്ങിയത്.
‘അനാചാരവിഴുപ്പെല്ലാ-
മര്ത്ഥമില്ലാതെ പേറുവോര്‍
അലക്കുകല്ലുകാണാഞ്ഞി-
ട്ടലയുന്നോ യുഗങ്ങളായ്?!’
ഈ സന്ദേഹത്തിന്റെ മൂര്‍ച്ച ഏതൊക്കെ നെഞ്ചിലാണ് ആഞ്ഞുതറയ്ക്കുകയെന്ന് കാവ്യാസ്വാദകര്ക്കറിയാം. മതജാതിവൈരങ്ങളുടെ ഭ്രാന്തും പാരവശ്യവും എത്രയെത്ര കലാപങ്ങളാണ് ഈ ജ്ഞാനഭൂമിയില്‍ നടപ്പാക്കിയത്. അവരോട് കവിക്ക് വിളംബരം ചെയ്യാനുള്ളത് കേട്ടോളൂ:
‘വര്ഗ്ഗമൊന്നേ നമുക്കുള്ളൂ
സ്വര്ഗ്ഗമീ ഭൂമി തന്നെയാം
സ്വര്‍ഗ്ഗം നരകമാക്കീടാന്
മത്സരിക്കാതിരിക്കുവിന്!’
കവിയെ നിഷ്പക്ഷമായി കേള്‍ക്കാന്‍ കാതുള്ളവര്‍ ചുരുക്കം. എങ്കിലും ആത്മധൈര്യം വിടാതെ പൊരുതി നിന്ന രമേശന് നായര്‍ക്ക് അക്ഷരം മാത്രമായിരുന്നു ആയുധം. ‘ഗ്രാമക്കുയിലിന്റെ’ ആത്മാര്ത്ഥനാദം സിരകളിലോളം സൃഷ്ടിച്ചപ്പോള്‍ മാത്രം അദ്ദേഹം പതുക്കെപാടി നടന്നു. 1948 ല്‍ കന്യാകുമാരി ജില്ലയിലെ കുമാരപുരത്തു ജനിച്ചതിനാല്‍ തമിഴ്ഭാഷയില്‍ പ്രാവീണ്യം നേടാനായി. മലയാളവും തമിഴും ചാര്‍ത്തിയ കാവ്യപ്പെരുമയില് എഴുതിയെഴുതി ദേശീയാംഗീകാരം നേടി.
”വറ്റിത്തീരും കനിവിലൊരു
താരാട്ടുപാട്ടാരുപാടും?
ദു:ഖംമൂടും തിമിരമിതില്
ആരാര്ദ്രദീപം കൊളുത്തും..?
ആര്‍ദ്ര ദീപങ്ങള്‍, സഞ്ചരിച്ച വഴികളിലെല്ലാം കൊളുത്തിയ ഒരുവന്റെ ആകസ്മികവേര്പാട് പറഞ്ഞറിയിക്കാനാവാത്ത വിധം ഇരുള്മൂടിയതായി അനുഭവപ്പെടുന്നു. കവിയായും നാടകകൃത്തായും ഗാനരചയിതാവായും തിരക്കഥാകൃത്തായും വിവര്‍ത്തകനായും പ്രക്ഷേപകനായും നിറഞ്ഞുനിന്ന രമേശന് നായര്‍ എഴുതിയ അഭിമാനധീരതയുടെ ആള്‍രൂപമായിരുന്നു.
”വെടിയൂ നീ ദേവദത്ത,
ഭീരുത്വത്തിന്റെ തോടുകള്‍
കര്‍മ്മകാണ്ഡം വിളിക്കുന്നു
നിന്റെ ധീരമനസ്സിനെ”
എന്ന് ‘ജന്മപുരാണം’എന്ന കവിതയില്‍ എഴുതിയതു വെറുതെയല്ല. ‘ചിലപ്പതികാര’ത്തിന്റെയും ‘തിരുക്കുറളി’ന്റെയും പുനരാഖ്യാനം വഴി നേടിയ ദ്രാവിഡത്തനിമയുടെ ഉള്‍ക്കാമ്പില്‍ മനുഷ്യയുക്തി സര്‍ഗ്ഗവൈഭവത്തോടെ ജ്വലിച്ചു നിന്നുവെന്നതാണ് സത്യം. ശുദ്ധീകരണം സ്വന്തം അകത്തു നിന്നാരംഭിക്കണമെന്ന് ‘സരയൂതീര്ത്ഥ’ത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
”നീ നിന്റെയുള്ളില്ത്തന്നെ
എയ്തെടുക്കുക, നിന്നില്‍
നൂറല്ല, നൂറായിരം
ശത്രുക്കളല്ലീ വാഴ്വൂ…’
എത്രയെത്ര കാവ്യതീര്ത്ഥങ്ങളില് മുങ്ങി നിവര്‍ന്നാലാണ് ഒരാള്‍ക്ക് ബുദ്ധപ്രജ്ഞയിലേക്ക് പരിവര്‍ത്തനം ചെയ്യാനാവുക. കവിത രമേശന് നായര്‍ക്ക് വഴിപാടല്ല, വഴിദീപമാണ്. ‘ചരിത്രത്തിനു പറയാനുള്ളതു’ തന്നെയാണ് കവിക്കും പറയാനുള്ളത്. ഉരയുന്ന ചക്രങ്ങള്‍ രേഖപ്പെടുത്തിയ മായാത്ത അടയാളങ്ങളില്‍ കവിയുടെ ധന്യവചസ്സുകള്‍ മാത്രം. കൈയെത്തും ദൂരത്ത് പുസ്തകങ്ങള്‍ കരയുന്നു. പച്ചിലകള്‍ വകഞ്ഞുമാറ്റി ആശ്രമമൃഗം പായുന്നു. എവിടെ സൗമ്യചിത്തനായ ആ സഞ്ചാരി? സ്വാതന്ത്ര്യവും സംഗീതവും ഭാഷയുടെ അവകാശം പോലെ സ്വയം ‘ഭാഗപത്ര’ ത്തില്‍ വാര്ന്നുവയ്ക്കാന് കഴിഞ്ഞതാണ് രമേശന്‍നായരുടെ മഹത്ത്വം.
”പങ്കുവയ്ക്കാനരുതാത്തൊരെന്റെ
സങ്കടങ്ങള്‍ നിനക്കുതരുന്നു
ചോരവീണു കുതിര്‍ന്ന സ്വപ്നത്തിന്
പാരിജാതം നിനക്കു തരുന്നു”
ഹേ, മാരകരോഗമേ, നീ അരുതാത്തതു ചെയ്തുകളഞ്ഞല്ലൊ! യഥാര്‍ത്ഥ കവിയായിരുന്ന സ്നേഹത്തിന്റെ ചന്ദനചൈതന്യത്തെ മടക്കിവിളിച്ചല്ലൊ!! പ്രണാമം.. പ്രണാമം എന്നുച്ചരിച്ച് നിലവിളിക്കുകയല്ലാതെ എന്തുചെയ്യാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: