മരം ഒരു വരം എന്നാണല്ലോ ചൊല്ല്.ആര്‍ക്കാണ് അത് വരമാകുന്നതെന്ന് പണ്ടേ നമുക്കറിയാവുന്നതാണ്. ‘പുഴകള്‍ നദികള്‍ പൂവനങ്ങള്‍, ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍’ എന്നോ മറ്റോ ഒരു കവി എഴുതിയിട്ടില്ലേ? ഒരു ഗന്ധര്‍വന്‍ അത് തേന്‍മാധുര്യത്തോടെ പാടിത്തന്നിട്ടില്ലേ? സ്ത്രീധനം വാസ്തവത്തില്‍ സ്ത്രീക്ക് കിട്ടിയ ധനമാണ്.
ആ ധനം അങ്ങനെ ചെലവഴിക്കാന്‍ പാടുള്ളതല്ല. സ്ത്രീയുടെ രക്ഷകര്‍ത്താക്കള്‍ സ്‌നേഹവും വാത്സല്യവും കൂട്ടിക്കുഴച്ച് തങ്ങളുടെ പൊന്നോമനകള്‍ക്ക് നല്‍കുന്നതാണത്. തങ്ങളുടെ കാലശേഷവും അതവിടെ ഓണോര്‍മകളായി ഊഞ്ഞാലാടി നില്‍ക്കണമെന്നത്രേ അവര്‍ പ്രാര്‍ഥിക്കുന്നത്. എന്നാല്‍ ആ സ്ത്രീകളെ പൊന്നുപോലെ നോക്കാം എന്നു വാഗ്ദാനം നല്‍കി വരണമാല്യം ചാര്‍ത്തി കൊണ്ടുവരുന്നവരില്‍ ബഹുഭൂരിപക്ഷവും അത് വിറ്റുതുലയ്‌ക്കുന്നതാണ് അനുഭവം. ആരോ സ്വരുക്കൂട്ടി വച്ച സ്വത്തായതിനാല്‍ ചോദിക്കാനും പറയാനും നില്‍ക്കാതെ വിറ്റ് പണമുണ്ടാക്കുന്ന ധീരവീര ശൂര മരുമക്കളെ നാമെത്ര കണ്ടിരിക്കുന്നു. ലോകാവസാനം വരെ അതങ്ങനെ തന്നെ ആയിരിക്കുമെന്നതിന് സംശയമൊന്നുമില്ല. ന്യൂജന്‍ മരുമക്കള്‍ ന്യൂമോഡല്‍ വില്‍പനയാവുമെന്നു മാത്രമേയുള്ളൂ.
ഇവിടെ ഭൂമിയ്‌ക്കു കിട്ടിയ സ്ത്രീധനം കൈകാര്യം ചെയ്യുന്നത് ഭൂപാലകന്മാരാണെന്ന വ്യത്യാസമേയുള്ളൂ. പൂങ്കാവനങ്ങളില്‍ ആത്മാഭിമാനത്തോടെ നില്‍ക്കുന്ന മരങ്ങളെ വെട്ടി വീഴ്‌ത്തി കറന്‍സി സംഘടിപ്പിക്കുക എന്ന ഒറ്റ അജണ്ടയുമായി കാര്യങ്ങള്‍ മുന്നേറുകയാണ്. മരം ഒരു വരം ആവുന്നത് ആര്‍ക്ക് എന്ന് ഇപ്പോള്‍ ഏതാണ്ട് തിരുവാട് കിട്ടിയെന്ന് തോന്നുന്നു. ഈ ഭൂമിയില്‍ ഇങ്ങനെ വെറുതെ മരം തഴച്ചുവളര്‍ന്നിട്ട് ആര്‍ക്കെന്ത് ഗുണം ? ഉള്ള കാലത്ത് കാല്‍പ്പണം തട്ടിക്കൂട്ടിയില്ലെങ്കില്‍ ഈ ജന്മത്തിന് എന്ത് സാംഗത്യം.
ആയതിനാല്‍ സര്‍വരാജ്യത്തെ തൊഴിലാളികളെ രക്ഷിക്കുന്നവരും അവര്‍ക്ക് പിന്‍ബലമേകുന്നവരും രായ്‌ക്കുരാമാനം ഭൂമിക്കു കിട്ടിയ സ്ത്രീധനം കൈയൊഴിച്ച് ചൂട് കറന്‍സിയുണ്ടാക്കാനാണ് നോക്കിയത്. അതിന് സമ്മതിക്കില്ലാ എന്നു വരുന്നത് എത്രത്തോളം നീചമായ ഏര്‍പ്പാടാണ്. ആരെങ്കിലും വിയര്‍പ്പൊഴുക്കീട്ടാണോ ഇക്കാണായ മരങ്ങളൊക്കെ വെച്ചുപിടിപ്പിച്ചത്? പിന്നെന്തിനാണിങ്ങനെ കൊത്തിക്കീറുന്നത്.
നാട്ടുകാര്‍ക്ക് കിറ്റ് കൊടുത്ത വകയില്‍ എത്ര കോടിയാണ് കടമുള്ളതെന്ന് ആര്‍ക്കാനും അറിയുമോ? കരുതലിന്റെ കരം നീട്ടി കണ്ണീരു തുടച്ചെങ്കില്‍ കരുതാത്ത ധനം ഇത്തരം വഴികളിലൂടെയൊക്കെ ഒഴുകിവരും. അതിന് ആരും നെറ്റിചുളിച്ചിട്ട് കാര്യമില്ല.
പണ്ടൊരു കാട്ടാളന്‍ മരം മരം എന്ന് ചൊല്ലി മന്ത്രപൂതമായ വഴിയിലേക്ക് അറിയാതെ ചെന്നു നിന്നത് എല്ലാവരും ഓര്‍ത്തുവെക്കുന്നത് നന്നാവും. മരത്തിലൂടെ മരണ വഴികള്‍ മറികടക്കാമെന്ന ദാര്‍ശനിക കാഴ്ചപ്പാട് മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞു തന്നിട്ടുണ്ടോ എന്നു ചോദിച്ചാല്‍ പെട്ടെന്ന് മറുപടി പറയാനാവില്ല. കാടും മലയും മരവും ഇങ്ങനെ വളര്‍ന്നു വന്നതിന്റെ പിന്നില്‍ കാണാമറയത്തുള്ള തൊഴിലാളികളുടെ വിയര്‍പ്പുണ്ട്. അതാരും കാണാത്തതു കൊണ്ടാണ് വെറുതെ ആരോപണ ശരങ്ങള്‍ എയ്യുന്നത്. ‘അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ ‘എന്നു പറഞ്ഞതു പോലെ ‘മരമുറി’ അമ്പിന്റെ മുറിവേറ്റു ചോരയൊലിക്കുന്നവരുടെ സംഖ്യ അനുദിനം കൂടി വരികയാണ്. അതിനി എങ്ങിനെ എവിടെയൊക്കെ എത്തുമെന്ന് പറയാനാവില്ല.
ഏതായാലും ഒരു കാര്യം വ്യക്തമാണ്. ഭൂമിയ്‌ക്കു കിട്ടിയ സ്ത്രീധനം യുക്തിഭദ്രമായി ചെലവഴിക്കാനുള്ള സംവിധാനത്തിന് ഭരണകൂടം എന്നു കൂടി പേരുണ്ട്. ഭരണഘടനയില്‍ ഏതനുഛേദത്തിലാണ് അങ്ങനെ സൂചിപ്പിച്ചതെന്ന് വ്യക്തമല്ലെങ്കിലും അതൊരു നാട്ടുനടപ്പാണ്. മരം മരം എന്നുചൊല്ലി മരണത്തെ മറികടക്കാനല്ലെങ്കിലും മരണം വരെ കഴിഞ്ഞു കൂടാനുള്ള ‘വഹ’ ഒപ്പിക്കണം. അതിന് മരം ഒരു വരമായി മുമ്പിലെത്തിയിരിക്കുകയാണ്.
ഇത്തരം വരം കൊടുക്കാന്‍ ഇനിയും ജനങ്ങള്‍ തയാറാവണോ എന്നത്രേ ചിന്തിക്കാനുള്ളത്. മരത്തില്‍ നിന്ന് മരണത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കാന്‍ ഉശിരുള്ള ഒരു തലമുറ ഉദയം ചെയ്തില്ലെങ്കില്‍ എല്ലാം കൈവിട്ട അവസ്ഥയാവും. അതിന് കാഴ്ചക്കാരാവാതെ കരവാളേന്താന്‍ ‘ചെറു കൈയുകള്‍’ തയാറാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: