തൊഴില്‍ സംരംഭകത്വ മേഖലയില്‍ മനസ്സുവെച്ചാല്‍ അസാധ്യമെന്ന് കരുതിയതെന്തും സാധ്യമാക്കാമെന്ന് തെളിയിക്കുകയാണ് ഇലക്ട്രീഷ്യന്‍ കൂടിയായ പാനൂര്‍ ചെണ്ടയാട് അക്കാനിശ്ശേരിയിലെ സുബീഷെന്ന ചെറുപ്പക്കാരന്‍. കാലങ്ങളായി ചെയ്തു വന്ന ഇലക്ട്രീഷ്യന്‍ ജോലിക്കൊപ്പം ചുരുങ്ങിയ നാളുകള്‍കൊണ്ട് കുറഞ്ഞ മുതല്‍മുടക്കില്‍ മുട്ടക്കോഴി വളര്‍ത്തല്‍ തുടങ്ങി വിജയംവരിച്ച കഥയാണ് സുബീഷിന് പറയാനുളളത്. ഇതിന് തുണയായതാവട്ടെ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആറ് വര്‍ഷം മുന്‍പ് നവ സംരംഭം ആരംഭിക്കുന്നവര്‍ക്കായി തുടങ്ങിയ ഈടില്ലാ വായ്പയായ മുദ്രാ ലോണും.
ഇലക്ട്രീഷ്യനായ സുബീഷ് കൊവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നാലുമാസം മുന്‍പാണ് അധിക വരുമാനം ലക്ഷ്യം വച്ച് 500 മുട്ട കോഴികളെ വാങ്ങിയത്. കൊട്ടാരക്കരയിലെ കര്‍ഷക ഉല്‍പാദക കമ്പനിയില്‍ നിന്ന് മുട്ടയിടാറായ കോഴികളെ ഫാമില്‍ എത്തിച്ചു. തുടര്‍ന്ന് പത്തു ദിവസം കൊണ്ട് മുട്ട ഉല്‍പ്പാദനമാരംഭിച്ചു. ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ ദിവസേന 450 മുട്ട ഉല്‍പാദിപ്പിക്കുന്ന സംരംഭമായി സുബീഷിന്റെ ഫാം മാറി. ഇപ്പോള്‍ 460 മുട്ടയാണ് ഫാമിലെ കോഴികളില്‍ നിന്നുള്ള ശരാശരി ഉല്‍പ്പാദനം. തീറ്റചെലവ് കൂടുതല്‍ ആണെങ്കില്‍ പോലും മുട്ടയുല്‍പ്പാദനം ആദായകരമാണെന്നും മികച്ച വരുമാനം ലഭിക്കുന്നതായും സുബീഷ് സാക്ഷ്യപ്പെടുത്തുന്നു. വിപണനം വലിയ പ്രയാസമില്ല. സമീപപ്രദേശങ്ങളിലെ കടകളില്‍ 7 രൂപയ്‌ക്കും വീടുകളില്‍ 8 രൂപയ്‌ക്കുമാണ് മുട്ട നല്‍കുന്നത്. കോഴിത്തീറ്റ ചെലവ് ഗണ്യമായി വര്‍ധിച്ചു. ലോക്ഡൗണ്‍ മൂലമുള്ള പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു മുട്ടയ്‌ക്ക് പരമാവധി 4 രൂപ മാത്രമാണ് ഉല്‍പ്പാദനച്ചെലവെന്ന് സുബീഷ് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കോഴികളുടെ പരിപാലനവും മുട്ട വിപണനവുമൊക്കെ സ്വയം ചെയ്യണമെന്ന് മാത്രം. ഒരു കൂട്ടില്‍ അഞ്ചുകോഴി വിധം 200 കൂടുകളിലായി ആയിരം കോഴികളെ വളര്‍ത്താനുള്ള സൗകര്യമാണ് സുബീഷിന്റെ ഫാമില്‍ ഉള്ളതെങ്കിലും തുടക്കമെന്ന നിലയില്‍ 500 കോഴികളെ മാത്രമാണ് നിലവില്‍ വളര്‍ത്തുന്നത്. കൂടുകള്‍ക്കും അവ സ്ഥാപിച്ച ഷെഡിനും കൂടി നാല് ലക്ഷം രൂപ ചെലവായി. 500 കോഴികള്‍ക്ക് 450 രൂപ നിരക്കില്‍ 2,20,000 രൂപ വില നല്‍കി. ദിവസേന 500 കോഴികള്‍ക്കായി 50 കിലോയുടെ ഒരു ചാക്ക് തീറ്റ വേണ്ടി വരുന്നുണ്ട്. പ്രതിദിന തീറ്റച്ചെലവ് 1400 രൂപയാണ്. മുടക്കു മുതലിന്റെ പലിശയിനത്തില്‍ ദിവസവും 200 രൂപ മാറ്റി വച്ചാല്‍ പോലും ആകെ 1600 രൂപയാണ് ഫാമിലെ ഉല്‍പ്പാദന ചെലവെന്ന് സുബീഷ് പറയുന്നു. 3000ത്തിലധികം രൂപ ദിവസവരുമാനം കിട്ടുമെന്നതിനാല്‍ സംരംഭത്തെ കുറിച്ച് തീരെ ആശങ്കയില്ലെന്ന് സുധീഷ് പറയുന്നു. മുട്ടയുല്‍പ്പാദനം കുറയുമെന്നതിനാല്‍ ഒന്നര വര്‍ഷം കഴിയുമ്പോള്‍ കോഴികളെ മാംസത്തിനായി വില്‍ക്കേണ്ടിവരും. ഒരു കോഴിക്ക് 250 രൂപ നിരക്കില്‍ കിട്ടുമെന്നാണ് സുധീഷ് പ്രതീക്ഷിക്കുന്നത്. എട്ട് ലക്ഷം രൂപ മുതല്‍മുടക്കുള്ള ഈ സംരംഭത്തിന് സുബീഷിന് തുണയായത് മുദ്രാവായ്പയാണ്. 5 വര്‍ഷക്കാലം ഒരോ മാസവും 15000 രൂപ വായ്പാ തിരിച്ചടവുണ്ടെങ്കിലും ഫാം ലാഭകരമായി മുന്നോട്ടു പോകാന്‍ സാധിക്കുമെന്നു തന്നെയാണ് വിശ്വാസമെന്ന് സുബീഷ് പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നവ സംരംഭകര്‍ക്കായി ഈടില്ലാതെ വായ്പാ ലഭ്യമാക്കാന്‍ ആരംഭിച്ച മുദ്ര വായ്പ ലഭ്യമായതാണ് തന്റെ ബിസിനസ് സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചതെന്ന് സുബീഷ് പറയുന്നു. അച്ഛനും അമ്മയും അടങ്ങുന്നതാണ് സുബീഷിന്റെ കുടുംബം. മുട്ടക്കോഴി വളര്‍ത്തലുമായി ബന്ധപ്പെട്ട് അച്ഛനും അമ്മയും തനിക്ക് എല്ലാവിധ സഹായവും ചെയ്തു തരുന്നതായി സുബീഷ് പറഞ്ഞു. പാനൂര്‍ ചെണ്ടയാട് അക്കാനിശ്ശേരി ഗോകുലത്തില്‍ സുരേന്ദ്രന്‍-ശോഭ ദമ്പതികളുടെ മകനാണ് അവിവാഹിതനായ സുബീഷ് കുന്നോത്ത്. ഒരു സഹാദരിയുണ്ട്. 35കാരനായ സുബീഷ് ആര്‍എസ്എസ് മൊകേരി മണ്ഡലം കാര്യവാഹാണ്.
സുധീഷിന്റെ ഫോണ്‍ നമ്പര്‍: 9544810807.
പ്രതികരിക്കാൻ ഇവിടെ എഴുതുക: