ന്യൂദല്‍ഹി: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ സുപ്രീംകോടതിയിലെ വാദംകേള്‍ക്കല്‍ അനന്തമായി നീളുന്നു. കഴിഞ്ഞ ദിവസം കേസ് കേള്‍ക്കേണ്ട ബെഞ്ചിലെ ജസ്റ്റിസായ ഇന്ദിരാ ബാനര്‍ജി കേസില്‍ നിന്നും സ്വയം ഒഴിവായി. ബംഗാള്‍ സ്വദേശിനിയായ അവര്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന കാരണം പറഞ്ഞാണ് കേസില്‍ നിന്നും ഒഴിവായത്.
നിരവധി ബിജെപി കുടുംബങ്ങളാണ് ബംഗാളിലെ കലാപത്തില്‍ അക്രമം ഭയന്ന് അസമിലേക്ക് ഓടി രക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ തന്നെ നേരിട്ട് അക്രമസ്ഥലങ്ങളും അക്രമികളെയും കണ്ട ശേഷം മമതയോടും തൃണമൂലിനോടും രാഷ്ട്രീയ അക്രമം നിര്‍ത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ അക്രമങ്ങളെ സൂചിപ്പിച്ച് ബംഗാളില്‍ ജനാധിപത്യം മരിയ്ക്കുകയാണെന്നും രവീന്ദ്രനാഥ ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ട് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കാന്‍ ജഡ്ജിമാരില്ലാതെ ഈ കേസ് നീളുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയോട് അടുത്ത ചൊവ്വാഴ്ചയെങ്കിലും കേസ് കേള്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിശ്ചയിച്ച ജഡ്ജി ഒഴിവായതിനാല്‍ കേസ് കേള്‍ക്കാന്‍ ഒരു തീയതി നിശ്ചയിക്കാതിരിക്കുന്നത് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുള്ള നല്ല കീഴ് വഴക്കമല്ലെന്നും തുഷാര്‍ മേത്ത വിമര്‍ശിച്ചിരുന്നു.
തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബംഗാള്‍ ബിജെപിയിലെ അംഗമായ അവിജിത് സര്‍ക്കാരിന്റെ സഹോദരന് ബിശ്വജിത് സര്‍ക്കാരാണ് സിബി ഐ ബംഗാള്‍ അക്രമത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട മറ്റൊരു ബിജെപി പ്രവര്‍ത്തകനും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബൂത്ത് ഏജന്റുമായ ഹരണ്‍ അധികാരിയുടെ ഭാര്യ സ്വര്‍ണ്ണലത അധികാരിയും സിബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാര്‍ രണ്ട് പേര് അക്രമത്തിന് ദൃക്സാക്ഷികളാണെന്നും പറയുന്നു. ബിജെപി അനുഭാവികളായ 60കാരിയും 17 വയസ്സുകാരിയും സുപ്രീംകോടതിയെ ഇതേ കേസില്‍ സമീപിച്ചിട്ടുണ്ട്. ബിജെപിയെ ഇവരുടെ കുടുംബം പിന്തുണച്ചതിനാല്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതാണ് ഇവരുടെ പരാതി. ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപവല്‍ക്കരിച്ച് കേസ് അന്വേഷിക്കണമെന്നതാണ് ഇവരുടെ പരാതി.
ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്. ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ കേസ് വാദം കേള്‍ക്കേണ്ടിയിരുന്നത്. ഇതില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇന്ദിര ബാനര്‍ജി ഒഴിഞ്ഞതോടെ ഇനി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ഇനിയും സമയമെടുത്തേക്കും. മെയ് 18നാണ് ഈ കേസില്‍ സുപ്രീംകോടതി എതിര്‍കക്ഷിയായ തൃണമൂല്‍ സര്‍ക്കാരിനോട് എതിര് സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ടത്. മെയ് 25ന് ബംഗാള്‍ സര്‍ക്കാരിന് കേസില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അനുവാദം നല്കി. ഇത്രയും രാഷ്ട്രീയപ്രാധാന്യമുണ്ടായിട്ടുകൂടി ഒരു മാസത്തിലധികമായിട്ടും സുപ്രിംകോടതിയില്‍ കേസ് വാദത്തിനെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: