കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ, പ്രധാനമായും തെരഞ്ഞെടുപ്പിന് ശേഷമുള്ള, മനുഷ്യാവകാശ ലംഘന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സമിതി രൂപീകരിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്(എന്‍എച്ച്ആര്‍സി) ചെയര്‍പേഴ്സനോട് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. എന്എച്ച്ആര്സിക്ക് ലഭിച്ചിരിക്കുന്നതും ഭാവിയില്‍ ലഭിച്ചേക്കാവുന്നതുമായ എല്ലാ പരാതികളും കേസുകളും സമിതി പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ അഞ്ചംഗ ബഞ്ച് പറഞ്ഞു. തത്സ്ഥിതിയെക്കുറിച്ച് സമഗ്ര റിപ്പോര്‍ട്ടും സമിതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതിടവും എപ്പോള്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടാലും തടസങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കി എല്ലാ സഹായങ്ങളും നല്‍കാനും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് വെള്ളിയാഴ്ച നിര്‍ദേശം നല്കി. അത്തരം തടസങ്ങളെ ഗൗരവമായി കാണുമെന്നും കോടതിയലക്ഷ്യ നിയമത്തിന് കീഴില്‍ നടപടിയെടുത്തേക്കാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്ന നിരവധി സ്ത്രീകളെ കണ്ടിരുന്നതായി ദേശീയ വനിതാ കമ്മിഷന്(എന്സിഡബ്യൂ) അധ്യക്ഷ രേഖാ ശര്‍മ പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
അക്രമം കാരണം വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘സ്വമേധയ എടുത്തത് ഉള്‍പ്പെടെ 47 കേസുകള്‍ നിലവിലുണ്ട്. ബംഗാളില്‍ പോയപ്പോള്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലുള്ള നിരവധി സ്ത്രീകളെ കണ്ടു. അക്രമം ഭയന്നാണ് അവര്‍ വീടുവിട്ട് ഇറങ്ങിയത്. റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫിസിനും ആഭ്യന്തരമന്ത്രാലയത്തിനും ബംഗാള്‍ ഗവര്‍ണര്‍ക്കും അയച്ചു’- രേഖ ശര്‍മ വ്യക്തമാക്കി. കാര്യങ്ങള്‍ മറച്ചുപിടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: