പങ്കുവെയ്ക്കാനരുതാത്ത സങ്കടങ്ങളെല്ലാം പിന്നാലെ വരുന്നവര്‍ക്കായി പകര്‍ന്നുവെച്ച് പ്രിയകവി മടങ്ങുന്നു. പുതിയ കാലത്തിന്റെ പൂന്താനമെന്ന് ഹൃദയം തുളസിമലരാക്കി കുറിച്ചിട്ട കൃഷ്ണഗീതികളാല്‍ ഉഷസ്സിന്റെ വെണ്പലകമേല് സൂര്യരശ്മികളാല്‍ ആലേഖനം ചെയ്ത കവിയുടെ മടക്കം. പൊരുതലാണ് ജീവിതമെന്ന് വിളിച്ചുപറഞ്ഞ തന്റേടിയുടെ ഇനി മടക്കമില്ലാത്ത യാത്ര….
എസ്. രമേശന്‍നായര്‍ പാടിയും പറഞ്ഞും ബാക്കിവെച്ചതൊക്കെ വീണ്ടുമുറക്കെ പാടാനും പറയാനും തന്റേടമുള്ള എത്ര പേര് പേരുകേട്ട കേരളത്തിന്റെ പ്രതികരണക്കോലായകളില് അവശേഷിക്കുന്നുവെന്ന ചിന്തയിലാണ് ആ യാത്ര വലിയ ശൂന്യതയായി മാറുന്നത്.
തപസ്യയുടെ അമരക്കാരനായിരിക്കെയാണ് അദ്ദേഹം ഹൃദയത്തോട് ചേര്‍ന്നത്. ആ യാത്ര അന്നേവരെ തപസ്യക്ക് പരിചിതമായിരുന്നിട്ടില്ലാത്ത പാതയിലൂടെയായിരുന്നു. കവിത പോലെ പ്രസംഗിക്കുമായിരുന്നു കവി. യാത്രകളിലെല്ലാം അനുഭവങ്ങളുടെ പുഴയൊഴുകിപ്പടരുമായിരുന്നു. ആകാശവാണിയിലെ അത്ഭുതങ്ങളില്‍, അക്കിത്തത്തോടും വൈലോപ്പിള്ളിയോടുമൊക്കെയുള്ള ആരാധനയില്‍, എഴുത്തുലോകത്തെ കൊച്ചുകൊച്ചു കൗതുകങ്ങളില്‍… നിറയെ നര്‍മ്മം ചാലിച്ച് കവി പറയുമ്പോള്‍ കേട്ടിരിക്കുന്നതെത്ര സുഗന്ധമുള്ള ഓര്‍മ്മയാണ്! ആകാശവാണിയിലെ അനുഭവങ്ങള്‍ എഴുതണമെന്ന അഭ്യര്‍ത്ഥനയ്ക്ക് ചിരിയല്ലാതെ മറ്റൊരു മറുപടി അവസാനം വരെയുമുണ്ടായിരുന്നില്ല.
കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് കോളിളക്കമുണ്ടാക്കിയ ശതാഭിഷേകം എന്ന ആക്ഷേപഹാസ്യനാടകം രമേശന്നായരെന്ന തന്റേടത്തെയാണ് സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയത്. അധികാരരാഷ്ട്രീയത്തിന്റെ അടുക്കളയില്‍ ഉണ്ടുറങ്ങി കഴിഞ്ഞവരുടെ കൂട്ടത്തില്‍ തന്നെ കൂട്ടേണ്ടതില്ലെന്ന പ്രഖ്യാപനമായിരുന്നു ആ നാടകം. കിട്ടുമ്മാനും കിങ്ങിണിക്കുട്ടനുമൊക്കെ ഇന്നും ചര്‍ച്ചയാവുന്നത് ആ എഴുത്തിന്റെ തീക്ഷ്ണത കൊണ്ടായിരുന്നു. വീരസവര്‍ക്കറിന് ശേഷം ആന്‍ഡമാനിലേക്ക് നാടുകടത്തപ്പെട്ടവന്‍ ഞാനാണെന്ന തമാശാപൂര്വമുള്ള ആ ഊറ്റം കൊള്ളലിലുണ്ടായിരുന്നു രമേശന്‍നായരുടെ ചങ്കൂറ്റമത്രയും.
പില്ക്കാലത്ത് ബാലഗോകുലത്തിലേക്കും തപസ്യയിലേക്കുമൊക്കെ നിറഞ്ഞുപടര്ന്നത് ആ തന്റേടത്തിന്റെ അനുരണനമായിരുന്നു. എഴുത്തോ നിന്റെ കഴുത്തോ എന്ന് അടിയന്തരാവസ്ഥയ്ക്കു ശേഷവും പണമെറിഞ്ഞും പദവികളെറിഞ്ഞും രാഷ്ട്രീയക്കാരന് വിലപേശല്‍ നടത്തിക്കൊണ്ടിരുന്ന അതേ കാലത്താണ് അദ്ദേഹം മടിയില്ലാതെ തപസ്യയിലേക്ക് വന്നത്. സാംസ്കാരികസമ്മേളനങ്ങള്‍ പകിട്ടോടെ നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കുറച്ച് പേര് മാത്രം ഒത്തുകൂടുന്ന സര്ഗസംവാദങ്ങളേക്കാള് ആയിരങ്ങള്‍ അണിനിരക്കുന്ന താരപ്പകിട്ടുള്ള പരിപാടികളിലൂടെ തപസ്യയുടെ അന്തസ്സ് വര്‍ധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
തപസ്യയുടെ വേദിയില്‍ അദ്ദേഹം പങ്കുവെച്ചതത്രയും കേരളം അന്യവല്കരിക്കപ്പെടുന്നതിന്റെ വേദനയായിരുന്നു. സംഘടിത മതശക്തികളുടെ അധിനിവേശത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കേരളം കേരളമല്ലാതായിത്തീരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യത്തിലെയും സംഗീതത്തിലെയും അഗ്രഗാമികളെ ഒപ്പം നിര്‍ത്തിയും തപസ്യയുടെ വേദിയില്‍ അണിനിരത്തിയും അദ്ദേഹം പ്രൗഢി ഉയര്‍ത്തി. രമേശന്‍നായരുടെ തപസ്യയല്ലേ എന്ന് സന്തോഷത്തോടെ ആരായുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ ഉണ്ടായ കാലമാണത്.
കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയും തിരിച്ചും സഹ്യാദ്രിതീരത്തുകൂടിയും സാഗരതീരത്തുകൂടിയും തപസ്യ വിഭാവനം ചെയ്ത സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് നേതൃത്വം നല്കാന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മാഷിനൊപ്പം മുന്നില്‍ നിന്നു. എറണാകുളത്ത് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന മഹാസമ്മേളനത്തിന്റെ സംഘാടനം
കൊണ്ട് മുഖ്യധാരയിലുള്ള സംഘടനകളെ പോലും അദ്ദേഹം ഞെട്ടിച്ചു. കൊടുങ്ങല്ലൂരില്‍ സാക്ഷാല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സ്മരണകളിരമ്പുന്ന മണ്ണില്‍ നിന്നാണ് രമേശന് നായര്‍ ലക്ഷണമൊത്ത മഹാകവിയാണെന്ന് വിശ്വംഭരന് മാഷ് പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ജീവിതം വരച്ചിട്ട ഗുരു പൗര്‍ണമിയെ മുന്‍ നിര്‍ത്തിയായിരുന്നു ആ പ്രഖ്യാപനം.
പെരുമ്പാവൂരില്‍ തപസ്യയുടെ മണ്ണില്‍ നടന്ന ഭാഗവതോത്സവവും പൊന്നാനിക്കളരി എന്ന കവിതാ ശില്പശാലയുമൊക്കെ രമേശന് നായരെന്ന സംഘാടകന്റെ അരങ്ങായിരുന്നു. കവി മിണ്ടും എന്നതായിരുന്നു അദ്ദേഹത്തിന്റെ നയപ്രഖ്യാപനം. അത് അവസാനം വരെയും അദ്ദേഹം കൂസലില്ലാതെ നിര്‍വഹിച്ചു.
പെയ്തു തോരാത്ത മേഘമായിരുന്നു കവി….
കവിക്കൊരു ഒസ്യത്തുണ്ടായിരുന്നു, മറ്റാരും എഴുതി വെക്കാത്ത ഭാഗപത്രം :
‘വിട്ടു പോയ വരികളിലെല്ലാം
മൊട്ടിടും പ്രേമഗന്ധം തരുന്നു
ഒന്നിനൊന്നായ് മത്സരിച്ചെത്തും
ഒന്നുമില്ലായ്മയെല്ലാം തരുന്നു
മറ്റൊരു ജന്മമുണ്ടെങ്കിലും ഞാന്‍
ഹൃദ് രമേ, യതും തീറായ് തരുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: