തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളേജിലെ സായാഹ്ന എല്‍എല്‍ബി കോഴ്സ് അവസാനിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനു പിന്നില്‍ സ്വാശ്രയലോബിയെന്ന് ആക്ഷേപം. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു ഇറക്കിയ ഉത്തരവിലാണ് സായാഹ്ന കോഴ്സ് അവസാനിപ്പിക്കാന്‍ തിരുവനന്തപുരം ഗവ. ലോ കോേളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയത്.
2008ലെ നിയമ വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചാണ് അഡീഷണല്‍ സ്വാശ്രയ (സായാഹ്ന) കോഴ്സ് നടത്തുന്നതെന്നാണ് കോഴ്സ് അവസാനിപ്പിക്കാനുള്ള കാരണമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാല്‍ സ്വാശ്രയ കോളേജായ പേരൂര്‍ക്കട ലോ അക്കാദമിയിലെ കോഴ്സ് നിര്‍ത്തലാക്കാന്‍ നിര്‍ദേശവുമില്ല. ലോ അക്കാദമിയില്‍ സായാഹ്നകോഴ്സ് നടത്തുന്നവര്‍ക്ക് മാത്രം എന്റോള്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിനെതിരെ ഗവ.ലോ കോളേജിലുള്ളവര്‍ നല്കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സ്വാശ്രയകോളേജിന് സഹായകമാവുന്ന സര്‍ക്കാര്‍ നടപടി.
2014-15 അക്കാദമിക് വര്‍ഷത്തിലാണ് സായാഹ്ന എല്‍എല്‍ബി കോഴ്സുകള്‍ തിരുവനന്തപുരം ഗവ. ലോ കോളേജില്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും തലസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധി പേരാണ് നിയമപഠനത്തിനായി ഗവ. ലോ കോളജില്‍ ചേര്‍ന്നതും പഠനാവസരം വിനിയോഗിക്കുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറും ആഴ്ചയില്‍ മുപ്പത് മണിക്കൂറും ക്ലാസുകള്‍ വേണമെന്നാണ് നിയമ വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. ഇതനുസരിച്ച് ശനിയാഴ്ച ഉള്‍പ്പെടെ പഠനം ക്രമീകരിച്ചാണ് ഗവ. ലോ കോളേജില്‍ അഡീഷണല്‍ സ്വാശ്രയ കോഴ്സ് നടത്തുന്നത്.
എന്നാല്‍ ഗവ. ലോ കോളേജില്‍ ഇങ്ങനെയല്ല പഠനം മുന്നോട്ട് പോകുന്നതെന്ന് കാട്ടി ബാര്‍ കൗണ്‍സില്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോഴ്സ് അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഈവനിങ് എല്‍എല്‍ബി കോഴ്സ് തുടര്‍ന്നാല്‍ അത് ഗവ. ലോ കോളേജിലെ റഗുലര്‍ എല്‍എല്‍ബി കോഴ്സുകളെയും ബാധിക്കുമത്രേ.
കേരളത്തില്‍ രണ്ട് ലോ കോളേജുകളിലാണ് ഈവനിങ് എല്‍എല്‍ബി കോഴ്സുകള്‍ നടത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളജിലും സ്വകാര്യ സ്വാശ്രയ ലോ കോളേജ് ആയ പേരൂര്‍ക്കട ലോ അക്കാദമി ലോ കോളേജിലും. രണ്ട് ലോ കോളജുകളിലും ബാധകമായത് ഒരേ ചട്ടം, ഒരേ നിയമം. ലോ അക്കാദമി ലോ കോളേജില്‍ പാലിക്കുന്ന അതേ സമയക്രമം തന്നെയാണ് ഗവ. ലോ കോളേജിലും. എന്നിട്ടും എന്തുകൊണ്ട് ഗവ. ലോ കോളേജിലെ കോഴ്സ് മാത്രം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തുവെന്നതാണ് ചോദ്യം.
കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ലോ അക്കാദമിയിലെ സായാഹ്ന എല്‍എല്‍ബി കോഴ്സ് പാസായവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാം. ഇതേ സര്‍വകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് സായാഹ്ന എല്‍എല്‍ബി കോഴ്സ് പഠിച്ചിറങ്ങിയവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്ന ഇരട്ട നീതി നിലനില്‍ക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദ ഉത്തരവ്.
മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠന് അന്തരിച്ച നാരായണന് നായര്‍ ഡയറക്ടറായിരുന്ന സ്ഥാപനമാണ് ലോ അക്കാദമി. ലോ അക്കാദമിയുടെ പാട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചപ്പോള്‍ ഇതിനെതിരെ അന്വേഷണവും നടപടിയുമൊക്കെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി. ലോ കോളേജിനേക്കാള്‍ അഞ്ചിരട്ടി ഫീസ് ഈടാക്കുന്ന അക്കാദമിയെ സഹായിക്കാനാണ് നീക്കമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: