മൂന്നാം മുണ്ഡകം ഒന്നാം ഖണ്ഡം ഹൃദയഹാരിയായ ഒരു ചിത്രരചനയോടെ തുടങ്ങുന്നു.
ദ്വാ സുപര്ണാ സയുജാ സഖായാ
സമാനം വൃക്ഷം പരിഷസ്വജാതേ
തയോരന്യഃ പിപ്പലം സ്വാദ്വ-
ത്തനശ്നന്നന്യോ അഭിചാകശീതി
അര്‍ത്ഥം: എപ്പോഴും ചേര്‍ന്നിരിക്കുന്നവയും സഖാക്കളുമായ രണ്ടുപക്ഷികള്‍ ഒരേ വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അവയില്‍ ഒരു പക്ഷി സ്വാദുള്ള പിപ്പലഫലത്തെ ഭക്ഷിക്കുന്നു. മറ്റേ പക്ഷി ഭക്ഷിക്കാത്തവനായി നോക്കിക്കൊണ്ടിരിക്കുന്നു.
ഒരു മരത്തിന്റെ കൊമ്പത്ത് ചങ്ങാതികളായ രണ്ടു പക്ഷികള്‍ ഇരിക്കുന്നു. അവയില്‍ ഒരു കിളി പഴം തിന്നുമ്പോള്‍ മറ്റേക്കിളി വെറുതെ നോക്കിയിരിക്കുകമാത്രം ചെയ്യുന്നു. ഉപനിഷല്‍സാഹിത്യത്തിലെ ഉദാത്തസങ്കല്പങ്ങളിലൊന്നാണിത്.
ഇവിടെ വൃക്ഷം ശരീരമാണ്. പഴം കര്മത്തില്നിന്നുളവാകുന്ന സുഖ-ദുഃഖങ്ങളുടെ അനുഭവവും. പഴം തിന്നുകൊണ്ടിരിക്കുന്ന പക്ഷി കര്‍മബദ്ധനായ ജീവാത്മാവാണ്. വെറുതെ നോക്കിയിരിക്കുന്ന പക്ഷി ശുദ്ധവും ബുദ്ധവും മുക്തവുമായ പരമാത്മാവാകുന്നു. ജീവിതത്തിലെ അപരിഹാര്യമായ വൈരുദ്ധ്യമാണിത്. ഒരാത്മാവ് സാക്ഷി; മറ്റേത് ഭോക്താവ്. പഴം തിന്നുന്ന പക്ഷി ജീവാത്മാവ്. നോക്കിയിരിക്കുന്ന പക്ഷി പരമാത്മാവ്.
വൃക്ഷം ഇവിടെ ശരീരമാണെന്നു പറഞ്ഞുവല്ലൊ. നാശം എന്ന ധര്‍മം രണ്ടിനും ഒരുപോലെ. ജീവാത്മാവും പരമാത്മാവും ശരീരം എന്ന ആധാരത്തിലാണല്ലൊ. രണ്ടും ഒരേ തൂവല്പക്ഷികള്തന്നെ. രണ്ടുപക്ഷികളെന്നുപറയുന്നുവെങ്കിലും ഒരേ ആത്മാവിന്റെ രണ്ടുഭാവങ്ങളാണ്. പഴം ഭുജിക്കുന്ന പക്ഷി ശരീരത്തിലെ കാമകര്മങ്ങള്ക്ക് വശംവദനാണ്. ജീവാത്മാവ് കര്‍മഫലം അനുഭവിച്ചുകൊണ്ടിരിക്കും. പരമാത്മാവ് കര്‍മഫലങ്ങളില്‍ മോഹിതനല്ല, ആസക്തനുമല്ല. ജീവാത്മപരമാത്മചൈതന്യങ്ങള് ഒന്നെന്നറിയുക. അടുത്തമന്ത്രത്തിലും ഈ വൃക്ഷസങ്കല്പം ആവര്‍ത്തിക്കുന്നു.
സമാനേ വൃക്ഷേ പുരുഷോ നിമഗ്നോള
നീശയാ ശോചതി മുഹ്യമാനഃജൂഷ്ടം
യദാ പശ്യത്യനൃമീശ-
മസ്യ മഹിമാനമിതി വീതശോകഃ (3:1:2)
അര്‍ത്ഥം: ജീവാത്മാവ് സമാനമായ വൃക്ഷത്തില്‍ നിമഗ്നനായി മോഹത്തെ പ്രാപിക്കുന്നവനായി അസ്വാതന്ത്ര്യംകൊണ്ട് ദുഃഖിക്കുന്നു. എപ്പോള്‍ സേവിക്കപ്പെടുന്ന അന്യനായ ഈശനേയും ഇവന്റെ ഇങ്ങനെയുള്ള മാഹാത്മ്യത്തേയും കാണുന്നു. അപ്പോള്‍ ദുഃഖമില്ലാത്തവനായിത്തീരുന്നു.
അസ്വാതന്ത്ര്യത്താല്‍ ബന്ധിക്കപ്പെട്ട ജീവാത്മാവിന്റെ ദുഃഖത്തെപ്പറ്റി ഋഷി പാടുന്നു: ‘അനീശയാ ശോചതി മുഹ്യമാനഃ’. സ്വതന്ത്രനായ പരമാത്മാവിന്റെ ദര്‍ശനത്തില്‍ ഈ ദുഃഖമാകവേ അസ്തമിക്കുകയും ചെയ്യും. ഗൃഹസ്ഥനായ ശൗനകനോട് മഹര്‍ഷിയായ അംഗിരസ് പറയുന്നു: ‘ജീവന്റെ ബ്രഹ്മപ്രാപ്തി പരമാത്മാവിന്റെ പരമസ്വാതന്ത്ര്യം നേടലാണ്. അപ്പോള്‍ അയാള്‍ ആത്മാവില്‍ രമിക്കും, അയാള്‍ ക്രിയാനിരതനുമായിരിക്കും.’
കഠവും ഛാന്ദോഗ്യവും കഴിഞ്ഞാല്‍ സ്വാമി വിവേകാനന്ദന് പ്രിയമേറിയത് മുണ്ഡകംതന്നെ. ഇണക്കിളികളെക്കുറിച്ച് സ്വാമി പറയുന്നതുകേള്‍ക്കുക: ”…മനുഷ്യന് ഈ ജീവിതത്തിന്റേതായ മധുരഫലങ്ങളും തിക്തഫലങ്ങളും കഴിക്കുകയാണ്. ഓരോരുവന്റെയും ജീവിതത്തില്‍ സുവര്‍ണനിമിഷങ്ങള്‍ വന്നുചേരാറുണ്ട്. എന്തിന്റെയോ ഹ്രസ്വദര്‍ശനം നമുക്കുകിട്ടുന്നു. ഈ ദര്‍ശനത്തോടെ മനുഷ്യന് ഒരു നിമിഷം സ്തബ്ധനായി നിന്നുപോകുന്നു. അപ്പോള്‍ ശാന്തനും ഗംഭീരനുമായ കയ്പ്പും പുളിപ്പുമുള്ള പഴങ്ങളൊന്നുമേ കഴിക്കാത്ത ആത്മതൃപ്തനായ മറ്റേപക്ഷിയെ അവന് കാണുന്നു. പിന്നെ മറന്നുപോകുന്നു. വീണ്ടും ജീവിതത്തിന്റെ മധുരവും കയ്പ്പും അനുഭവിക്കുകയായി. പ്രഹരങ്ങള്കിട്ടുംതോറും താഴെയുള്ള പക്ഷി മുകളിലുള്ള പക്ഷിയോട് ഏറെ അടുക്കുന്നു. ഈ പ്രതീകത്തിലൂടെ മുണ്ഡകോപനിഷത്ത് നമ്മളെ ദൈ്വതത്തില്നിന്നും അദൈ്വതത്തില്കൊണ്ടെത്തിക്കുന്നു.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: