തിരുവല്ല: പോപ്പുലര്‍ ഫ്രണ്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ എബിവിപി നേതാവായ വിശാല്‍ വധക്കേസിലെ പ്രധാന സാക്ഷിക്ക് നേരെ വധശ്രമം. തിരുവല്ല തിരുമൂല ജങ്ഷന് സമീപം അജ്ഞാത വാഹനം സാക്ഷിയായ വിജയപ്രതാപ് സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വൈകിട്ട് 7.30യോടെയാണ് സംഭവം.
ഗുരുതര പരിക്കേറ്റ വിജയ് പ്രതാപ് ചികിത്സയിലാണ്..കഴിഞ്ഞ മാസം ചെങ്ങന്നൂരില്‍ വച്ച് ഇദ്ദേഹത്തെ മത തീവ്ര സംഘടനയില്‍പ്പെട്ടവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തിന് മാരകമായി പരിക്കേറ്റിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിശാല്‍ വധക്കേസില്‍ വിചാരണ ആരംഭിക്കാന്‍ ഇരിക്കെയാണ് സാക്ഷിക്ക് നേരെ തുടരെ ആക്രമണം ഉണ്ടായത്.
8 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് വിശാല്‍ കൊല്ലപ്പെടുന്നത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ പിതാവിന്റെ ആവശ്യം മാറി മാറി വന്ന സംസ്ഥാന സര്‍ക്കാറുകള്‍ നിരാകരിച്ചു.
2012 ജൂലൈ 16ന് കോളേജില്‍ പുതുതായി എത്തിയ വിദ്യാര്‍ത്ഥികളെ എ.ബി.വി.പി നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാലിന്റെ നേതൃത്വത്തിലുളള വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം വിശാലിനെയും സുഹൃത്തുക്കളേയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. സംഭവത്തില്‍ നേരിട്ടും ആസൂത്രണം നടത്തിയതുമായി 19 പ്രതികളാണ് ഉണ്ടായിരുന്നത്. പിടികൂടിയ പ്രതികളില്‍ പലരും ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു. സംഭവം നടന്ന് 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്യാമ്പസ് ഫ്രണ്ട് നടത്തിയ കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി കൊലപാതകമായിരുന്നു വിശാലിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: