ബാലഗോകുലത്തിന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായി പി. ശ്രീകുമാര്‍ അന്തരിച്ച എസ്. രമേശന് നായരെ അനുസ്മരിക്കുന്നു
മാര്‍ച്ച് 18 നാണ് രമേശന് നായര്‍ സാറിന്റെ മകന് മനുവിന്റെ ഭാര്യ ഡോ. ഉമ മരിച്ചത്. സാറിനെ അവസാനമായി വിളിച്ചതും. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന് സാര്‍ ഫോണ്‍ വെച്ചത്. കോവിഡ് ആയതിനാല്‍ വരാന്‍ നോക്കേണ്ടന്നും പറഞ്ഞു. ഇപ്പോള്‍ പൊട്ടിക്കരയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരമവാര്‍ത്തയും. അതും കോവിഡ് ബാധിച്ച്.
ബാലഗോകുലത്തിലൂടെയാണ് രമേശന് നായര്‍ സാറുമായുള്ള അടുപ്പം.പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്റെ ചുമതല ഏറെക്കാലം എനിക്കുണ്ടായിരുന്നു. പിന്നീട് അതിന്റെ ചെയര്‍മാനായി സാര്‍ എത്തി. കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കി. ബാലഗോകുലവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായി. ഇടയക്ക് തപസ്യ അധ്യക്ഷനായെങ്കിലും വീണ്ടു ബാലസാഹിതി പ്രകാശന് അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തി. മമ്മൂട്ടി ഉള്‍പ്പെടെ പ്രമുഖരെ ബാലഗോകുലം വേദിയിലെത്തിച്ചതും കെ ജി ജയനേപ്പോലുള്ള പ്രമുഖരെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയതും രമേശന് നായര്‍ സാര്‍ ആണ്.
സാറിന് അമൃത കീര്‍ത്തി പുരസ്ക്കാരം കിട്ടിയപ്പോള്‍ എറണാകുളത്ത് ഭാസ്ക്കരീയത്തില്‍ നടന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണനെ കൂട്ടിക്കൊണ്ടു പോകേണ്ട ചുമതല എനിക്കായിരുന്നു. യാത്രക്കിടയില്‍ തന്നെ സാറിന്റെ രചനകളെക്കുറിച്ചും പദസമ്പത്തുകളെക്കുറിച്ചുമൊക്കെ നല്ലതുമാത്രം പറഞ്ഞ അടൂര്‍, കേരളത്തില്‍ നിന്ന് ജ്ഞാനപീഠം കിട്ടാന്‍ അര്‍ഹതയുള്ള ഒരാള്‍ രമേശന് നായരാണ് എന്നും സൂചിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തില്‍ അടൂര്‍ അത് ആവര്‍ത്തിക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത മമ്മൂട്ടി, സംഘടന ഏതെന്ന് നോക്കിയല്ല, രമേശന് നായര്‍ സാര്‍ വിളിച്ചതുകൊണ്ടു മാത്രം എത്തി എന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. തപസ്യ നടത്തിയ സാസ്ക്കാരിക യാത്രയുടെ സമാപനത്തില്‍ കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നടന് മധുവിനെ എത്തിക്കാനുള്ള ചുമതലയും രമേശന് നായര്‍ സാര്‍ എന്നെയാണ് ഏല്‍പ്പിച്ചത്.
യാത്രക്കിടയില്‍ മധുസാര്‍ സംസാരിച്ചതേറെ മയില്പീലിയിലെ കൃഷ്ണഗീതങ്ങളെക്കുറിച്ച്. ഐഎസ്ആര്‍ഒ ചെയര്മാന് ജി മാധവന് നായരും ആ പരിപാടിയില്‍ പങ്കെടുത്തു. രണ്ടു പേരോടുമൊപ്പം കണ്ടപ്പോള്‍ രണ്ടു മാധവന് നായര്‍ മാര്‍ക്കിടയില്‍ ഒരു ശ്രീകുമാര്‍’ എന്ന് രമേശന് നായര്‍ സാര്‍ പറഞ്ഞപ്പോള്‍ ആദ്യം പിടികിട്ടിയില്ല. നടന് മധുവിന്റെ പേരും മാധവന് നായര്‍ എന്നാണല്ലോ.
ജന്മഭൂമിയ്ക്കു വേണ്ടി അവതരണ ഗാനം വേണമെന്നും പറഞ്ഞപ്പോഴും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കായി കേരള ഗാനം ചോദിച്ചപ്പോഴും താമസം വിനാ എഴുതിത്തന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കൊച്ചിയില്‍ താമസം മാറ്റിയ ശേഷം തുടര്‍ച്ചയായി തിരുവനന്തപുരത്ത് വരേണ്ട സാഹചര്യം ഉണ്ടായി. എത്തുമ്പോഴൊക്കെ വിളിക്കുകയും ഉച്ചഭക്ഷണം ഒന്നിച്ചാകുകയും ചെയ്യും. ഫോണ്‍ വിളിച്ചു തീരാറാകുമ്പോള്‍ വക്കീലമ്മയ്ക്കും സുഖമാണോ എന്ന ചോദ്യം ഇനി കേള്‍ക്കില്ല. അനന്യസാധാരണമായ വൃത്തശില്‍പ്പവും ശൈലി സൗകുമാര്യവും സമന്വയിപ്പിക്കുന്ന മഹനീയ രചനാ വൈഭവത്തോടെ ദേവ സംഗീതത്തിന്റെ ചന്ദന സുഗന്ധമായ് മനസ്സിനെ മയീല്പ്പീലി സ്പര്‍ശത്താല്‍ തൊട്ടുണര്‍ത്തിയ മലയാളത്തിന്റെ പുണ്യത്തെ ഇനി കാണാനാവില്ല. സ്നേഹപൂര്‍വം എന്നു കുറിച്ച് ഒപ്പിട്ടു തന്ന ഗുരു പൗര്‍ണ്ണമിയും കാവ്യാമൃതവും നോക്കി ആ സാന്നിധ്യം അനുഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: