ഗുവാഹത്തി: രാഹുല്‍ ഗാന്ധിയ്ക്ക് നേരെ അടിമുടി വിമര്‍ശനവുമായി അസമിലെ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ രൂപ്ജ്യോതി കുര്‍മി.
‘രാഹുല്‍ ഗാന്ധി നേതൃത്വം തോളിലേന്താനുള്ള കരുത്തില്ല. അദ്ദേഹം തലപ്പത്തിരുന്നാല് കോണ്‍ഗ്രസ് മുന്നേറില്ല. കേരളത്തിലെ സ്വന്തം എംപി സീറ്റ് തന്നെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തോറ്റു. രാഹുലിനെ ജനങ്ങള്‍ക്ക് ഇഷ്ടമല്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം മോശമാണെന്നും ആ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് സ്ഥാനം നല്കുന്നതിലുള്ള കോണ്‍ഗ്രസിന്റെ വിമുഖതയെയും അദ്ദേഹം കുറ്റപ്പെടുത്തി.
മരിയാന എല്‍എസി നിയോജകമണ്ഡലത്തില്‍ നിന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച കുര്‍മി എംഎല്‍എ പദവിയും വെള്ളിയാഴ്ച രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്കി.
‘ഞാന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചയാളാണ്. ഏറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് സേവകനാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസ് യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നില്ല. ദല്‍ഹിയിലെ ഹൈക്കമാന്റും ഗുവാഹത്തിയിലെ നേതാക്കളും വയസ്സായ നേതാക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ഇക്കുറി സാധ്യതയുണ്ടെന്നും എ ഐയുഡിഎഫുമായി (മുസ്ലിം പാര്‍ട്ടി) കൂട്ടുകൂടുന്നത് വലിയ അബദ്ധമായിരിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചു,’ കുര്‍മി പറഞ്ഞു.
126 അംഗ അസം നിയമസഭയില്‍ 75 സീറ്റുകള്‍ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയത്. ബിജെപി ഒറ്റയ്ക്ക് 60 സീറ്റുകളില്‍ വിജയിച്ചു. ബിജെപി സഖ്യകക്ഷികളായ അസം ഗണപരിഷത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി, ലിബറല്‍ എന്നിവ യഥാക്രമം ഒമ്പതും ആറും സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 29 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ എ ഐയുഡിഎഫ് 16ഉം ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് നാലും സീറ്റുകളില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: