ഗുവാഹത്തി: ബിജെപി തുടര്‍ഭരണം നേടി ഒരു മാസം കഴിയുമ്പോഴേക്കും അസമിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് എംഎല്‍എ രൂപ്ജ്യോതി കുര്‍മി മരിയാന എല്‍എസിയില്‍ നിന്നുള്ള എംഎല്‍എ പദവിയും രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് നല്കി.
രാഹുല്‍ ഗാന്ധിയുടെ മോശമായ നേതൃത്വത്തെ അദ്ദേഹം വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് സ്ഥാനം നല്കുന്നതിലുള്ള കോണ്‍ഗ്രസിന്റെ വിമുഖതയെയും അദ്ദേഹം വിമര്‍ശിച്ചു. കുര്മിഉള്പ്പെടെ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് അടുത്ത ദിവസം ചേരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തിലായിരിക്കും നേതാക്കള്‍ ബിജെപിയില്‍ ചേരുക.
അതേ സമയം രുപ്ജ്യോതി കുര്‍മിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. ‘ഞാന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചയാളാണ്. ഏറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് സേവകനാണ് ഞാന്‍. പക്ഷെ ഇപ്പോള്‍ കോണ്‍ഗ്രസ് യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നില്ല. ദല്‍ഹിയിലെ ഹൈക്കമാന്റും ഗുവാഹത്തിയിലെ നേതാക്കളും വയസ്സായ നേതാക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ഇക്കുറി സാധ്യതയുണ്ടെന്നും എ ഐയുഡിഎഫുമായി (മുസ്ലിം പാര്‍ട്ടി) കൂട്ടുകൂടുന്നത് വലിയ അബദ്ധമായിരിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. അത് സംഭവിച്ചു,’ കുര്‍മി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു: ‘രാഹുല്‍ ഗാന്ധി നേതൃത്വം തോളിലേന്താനുള്ള കരുത്തില്ല. അദ്ദേഹം തലപ്പത്തിരുന്നാല് കോണ്‍ഗ്രസ് മുന്നോട്ട് പോകില്ല. കേരളത്തിലെ സ്വന്തം എംപി സീറ്റ് തന്നെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ തോറ്റു. രാഹുലിനെ ജനങ്ങള്‍ക്ക് ഇഷ്ടമല്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: