ന്യൂദല്‍ഹി: കൊവിഡ് കാരണം റദ്ദാക്കിയ പ്ലസ്ടു പരീക്ഷകള്‍ക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താന്‍ 13 അംഗ ഉന്നതതല സമിതി തയാറാക്കിയ പുതിയ ഫോര്‍മുല സിബിഎസ്ഇ അധികൃതര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിലയിരുത്തല്‍ ഫലം (മാര്‍ക്ക്) ജൂലൈ 31നകം പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ കോടതിയില്‍ അറിയിച്ചതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പുതിയ ഫോര്‍മുല ഇന്നലെ ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
പത്താം ക്ലാസ്, 11-ാം ക്ലാസ് എന്നിവയിലെ ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ ടെസ്റ്റുകളുടെ മാര്‍ക്കും ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കും വിലയിരുത്തിയാണ് അന്തിമ മാര്‍ക്ക് നിശ്ചയിക്കുക (30:30:40 എന്നിങ്ങനെയാണ് മാര്‍ക്ക് നല്‍കുക).
പുതിയ ഫോര്‍മുലയുടെ വിശദരൂപം
- പത്താം ക്ലാസില്‍ ഏറ്റവും മികച്ച രീതിയില്‍ എഴുതിയ മൂന്നു പരീക്ഷകളുടെ മാര്‍ക്കിന് 30 ശതമാനം വെയ്റ്റേജ്. പതിനൊന്നാം ക്ലാസിലെ മാര്‍ക്കിനും 30 ശതമാനം വെയ്റ്റേജ്. 40 ശതമാനം വെയ്റ്റേജാണ് പന്ത്രണ്ടാം ക്ലാസിലെ ടെസ്റ്റുകള്‍ക്കും ഇന്റേണല്‍ അസസ്മെന്റിനും നല്‍കുക.
- പത്ത്, പതിനൊന്ന് ക്ലാസുകളിലെ അഞ്ചു പേപ്പറുകളില്‍ ഏറ്റവും നന്നായി എഴുതിയ മൂന്നു പേപ്പറുകളുടെ മാര്‍ക്കാകും പരിഗണിക്കുക.
- 12-ാം ക്ലാസിലെ യൂണിറ്റ്, ടേം പ്രാക്ടിക്കല്‍ പരീക്ഷകളുടെ മാര്‍ക്ക് പരിഗണിക്കും.
- ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും.
- ചില സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അനാവശ്യ മുന്‍തൂക്കം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഫല നിര്‍ണ്ണയ സമിതി രൂപീകരിക്കും
- വിവിധ സ്കൂളുകള്‍ മാര്‍ക്ക് നല്കുന്ന രീതികളിലെ വ്യത്യാസം പഠിച്ച് വിവേചനം ഒഴിവാക്കാന്‍ മോഡറേഷന് സമിതികളും രൂപീകരിക്കും.
- കുട്ടികള്‍ക്ക് മാര്‍ക്കില്‍ തൃപ്തിയില്ലെങ്കില്‍ അന്തരീക്ഷം മെച്ചപ്പെടുന്ന മുറയ്ക്ക് അവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം.
- വിവിധ സ്കൂളുകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാര്‍ക്ക്വാരിക്കോരി നല്കുന്ന രീതിയുണ്ട്. ഇത് മറ്റു കുട്ടികള്‍ക്ക് ദോഷകരമാകാതിരിക്കാനാണ് ഫല നിര്‍ണ്ണയ സമിതിയും മോഡറേഷന് സമിതിയും. ഓരോ സ്കൂളും ഫല നിര്‍ണ്ണയ സമിതി രൂപീകരിക്കണം.ഇവരാകും ഓരോ കുട്ടിയും മികച്ച മാര്‍ക്ക് നേടിയ മൂന്നു പരീക്ഷകള്‍ തീരുമാനിക്കുക. ഇവരുടെ തീരുമാനം സിബിഎസ്ഇ രൂപീകരിക്കുന്ന ഫല നിര്‍ണ്ണയ സമിതി അംഗീകരിക്കണം.
- കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സ്കൂളുകളുടെ പ്രകടനം, കുട്ടികളുടെ ശരാശരി മാര്‍ക്ക് എന്നിവ പരിഗണിച്ചാകും മോഡറേഷന് സമിതികള്‍ മോഡറേഷന് നിശ്ചയിക്കുക.
പരാതി പരിഹരിക്കണം: ജഡ്ജിമാര്‍
മാര്‍ക്ക് കുറഞ്ഞുപോയെന്ന കുട്ടികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് ഇനി പുനപ്പരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി. മാര്‍ക്ക് മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്ക് വേണമെങ്കില്‍ പിന്നീട് പരീക്ഷയെഴുതാം. വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹാജരായ മിക്ക അഭിഭാഷകരും സിബിഎസ്ഇയുടെ പുതിയ ഫോര്‍മുല അംഗീകരിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ മികച്ച ഫോര്‍മുല
കൊറോണയുടെ കാലത്ത് സാധ്യമായ മികച്ച ഫോര്‍മുലയാണ് സിബിഎസ്ഇ രൂപീകരിച്ച 13 അംഗ ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. രാമചന്ദ്രന് പിള്ള ജന്മഭൂമിയോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുമതിയോടെ പൊതുസ്വീകാര്യതയുള്ള അസസ്മെന്റ് സംവിധാനമാണിത്. മൂന്നു വര്‍ഷത്തെ മാര്‍ക്കും ഈ വര്‍ഷത്തെ പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകളും വിലയിരുത്തുന്ന രീതിയാണിത്. തയാറാക്കിയതിലെ അതേ ഗൗരവത്തില്‍ തന്നെ നടപ്പാക്കണം.
താഴെത്തട്ടില്‍ വരെ കൃത്യമായി നടപ്പാക്കിയാല്‍ ഒരു പരാതിയും കൂടാതെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയും. കൂടുതല്‍ മാര്‍ക്ക് കിട്ടേണ്ടതായിരുന്നുവെന്ന് കരുതുന്ന കുട്ടികള്‍ക്ക് പിന്നീട് പരീക്ഷയെഴുതാനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. ഏതെങ്കിലും സ്കൂളുകള്‍ മാര്‍ക്ക് കൂടുതലായി നല്‍കിയെന്ന് കണ്ടെത്തിയാല്‍ അതിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ മോഡറേഷന് സമിതിയുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട വിലയിരുത്തല്‍ ഫോര്‍മുലയാണ് ഇത്, അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് അന്തിമ പരീക്ഷയുടെ മാര്‍ക്കില്‍ രണ്ടു ശതമാനം വരെ വ്യത്യാസം വരാമെന്ന് മുന്‍പ് പറഞ്ഞ സുപ്രീംകോടതി, ഇത് 12-ാം ക്ലാസില്‍ അഞ്ചു ശതമാനം വരെയാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ നിര്‍ദ്ദേശം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: