കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് വെള്ളാംചേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു. രാവിലെ പനവല്ലിയില്‍ നിന്നും മലയില്‍ ശ്യാമള എന്ന രോഗിയുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് ഭാഗികമായി തകര്‍ത്തത്.
റോഡില്‍ നില്ക്കുന്ന അനയെക്കണ്ട് ഓട്ടോ തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കോമത്ത് സുരേഷ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ഓട്ടോയിലുണ്ടായിരുന്ന ശ്യമളയെ പ്രാധമിക ചികില്‍സ നല്കി വിട്ടയച്ചു.
വന്യമൃഗശല്യം രൂക്ഷമായ പനവല്ലി വെള്ളാം ചേരി മേഖലയില്‍പ്പെട്ട ഇതേ സ്ഥലത്ത് വെച്ച് ഇതിന് മുമ്പ് ഒരു ജീപ്പും സ്കൂട്ടിയും ആക്രമിക്കപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് കുഞ്ഞന്‍ എന്ന ആദിവാസി യുവാവ് ആനയുടെ കുത്തേറ്റ് മരിച്ചതും ഈ പരിസരത്ത് വെച്ചാണ്. കാലങ്ങളായി വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ കഷ്ടപ്പെടുന്ന പനവല്ലിക്കാര്‍ക്ക് കാണിക്കാനുള്ള ഉത്തമോദാഹരണമാണ് കാട്ടുപോത്തിന്റെ ആക്രമണത്താല്‍ ഒരു കണ്ണു നഷ്ടപ്പെട്ട കൊച്ചു കുന്നേല്‍ ശ്യാമള.
ഇവിടങ്ങളിലെ എസ്റ്റേറ്റുകളില്‍ വൈദ്യൂത കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഭാരിച്ച മുതല്‍മുടക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ഇവിടത്തുകാര്‍ പല രീതിയിലുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ശാശ്വതപരിഹാരത്തിനായി യാതോരുവിധ നടപടിയുമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: