തിരുവനന്തപുരം: മരം മുറിക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിലപാടില്‍ റവന്യുമന്ത്രി കെ. രാജന്. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് റവന്യു സെക്രട്ടറി കത്ത് നല്‍കിയെന്ന് പറയുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അങ്ങനെ ഒരു കത്തിലും ആരും പറയുന്നില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തന്നെയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് വിവാദ ഉത്തരവ് പുറത്തിറക്കിയതെന്ന് വ്യക്തമായി.
കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന് പലതവണ യോഗങ്ങളില്‍ മരംമുറിക്ക് ഉത്തരവ് നല്കണമെങ്കില് നിയമവകുപ്പിന്റെ അംഗീകാരം തേടണമെന്ന് പറഞ്ഞുവെന്നതും മന്ത്രി കെ. രാജന് നിഷേധിച്ചു. അതൊക്കെ തെറ്റായ കാര്യങ്ങളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിയമസഭയിലും വനംകുപ്പ് പിസിസിഎഫ് വനംവകുപ്പിന് നല്കിയ കത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നത് മന്ത്രി വിസ്മരിച്ചു.
റവന്യു ഉദ്യോഗസ്ഥര്‍ക്കോ കളക്ടര്‍മാര്‍ക്കോ വീഴ്ച വന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുട്ടില്‍ കേസില്‍ വസ്തുവിന്റെ നിജസ്ഥിതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ നല്കിയ കത്തില്‍ നടപടിയെടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് മുട്ടിലില്‍ മാത്രമാണ് അത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതെന്നും പറഞ്ഞു. റവന്യു വകുപ്പാണ് കേസില്‍ പട്ടികജാതി/വര്‍ഗ അതിക്രമനിയമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടത് എന്നു പറഞ്ഞ മന്ത്രി നമ്മളാരും എഫ്ഐആര്‍ കണ്ടിട്ടില്ലല്ലോയെന്നും പറഞ്ഞു. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ എല്ലാം പറയുന്നത് ശരിയല്ലെന്നു പറഞ്ഞ മന്ത്രി വനംകൊള്ള നടന്നത് മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും അറിഞ്ഞില്ലല്ലോ, പിന്നെ റവന്യു ഉദ്യോഗസ്ഥര്‍ എങ്ങനെയറിയും എന്നാണ് ചോദിച്ചത്.
പട്ടയഭൂമിയിലെ രാജകീയ വൃക്ഷങ്ങളടക്കമുള്ളവയുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നുണ്ട്. എല്ലാ വര്‍ഷവും വില്ലേജ് ഓഫീസര്‍മാര്‍ ഈ ട്രീ രജിസ്റ്റര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ പല വില്ലേജ് ഓഫീസുകളിലും ഈ രജിസ്റ്റര്‍ എവിടെയെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയാണ്. വിവാദ ഉത്തരവിന്റെ മറവില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇതൊന്നും പരിശോധിക്കാതെയാണ് മരംമുറിക്കാര്‍ക്ക് മരംമുറിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പലയിടത്തും ഇത് കാണിച്ചാണ് മരംമുറിക്കാര്‍ വനംവകുപ്പില്‍ നിന്ന് പാസുകള്‍ നേടിയതും. വസ്തുതകള്‍ ഇതായിരുന്നിട്ടും റവന്യു വകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് റവന്യുമന്ത്രി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: