തിരുവനന്തപുരം: സംസ്ഥാനത്ത് അണ്‍ലോക്ക് നടപ്പാക്കിത്തുടങ്ങിയതോടെ സര്‍ക്കാര്‍ ഉത്തരവിലെ അപാകം ആശയക്കുഴപ്പമുണ്ടാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് അനുസരിച്ച് നാല് വിഭാഗങ്ങളായിട്ടാണ് അണ്‍ലോക്ക് നടപ്പിലാക്കുന്നത്.
ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എ വിഭാഗം. എട്ട് മുതല്‍ 20 വരെ ബി വിഭാഗം. 20 മുതല്‍ 30 വരെ സി. 30 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം. ഇങ്ങനെയാണ് അണ് ലോക്ക് നടപ്പാക്കിയത്. എല്ലാ ബുധനാഴ്ചയും തദ്ദേശ സ്ഥാപനങ്ങളുടെ ഏഴ് ദിവസത്തെ കൊവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് കാറ്റഗറി നിശ്ചയിക്കേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ്ണമായും ലോക്ഡൗണായിരിക്കും.
സര്‍ക്കാര്‍ പൊതുവായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം ഉണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. എല്ലാ വിഭാഗത്തിലും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം. യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം കരുതണം. എ, ബി വിഭാഗത്തില്‍പെട്ട പ്രദേശങ്ങളിലെ ബിവറേജസുകളും ബാറുകളും ഇന്നലെ തുറന്നു. എ, ബി വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ ഹാജരായി. വര്‍ക്ക്ഷോപ്പുകള്‍ തുറന്നു. ഹോട്ടലുകളില്‍ ടേക്ക് എവെ സംവിധാനത്തില്‍ തുടങ്ങി. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും അനുമതി നല്കി. വ്യവസായ, നിര്‍മ്മാണ മേഖലകള്‍ പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തി.
സി വിഭാഗത്തില്‍ ലോക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ആവശ്യത്തിനായി വസ്ത്രങ്ങള്‍, ജ്വല്ലറികള്‍ ചെരുപ്പുകടകള്‍ എന്നിവയ്ക്ക് വെള്ളിയാഴ്ചകളില്‍ തുറക്കാം. ഡി കാറ്റഗറിയില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഒഴികെ മറ്റൊന്നും തുറക്കാന്‍ അനുവദിച്ചില്ല. തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇവിടെ നിന്ന് അത്യാവശ്യമായി പുറത്ത് പോകേണ്ടവര്‍ക്ക് പോലീസ് പാസ് നല്കി.
സര്‍ക്കാര്‍ ഉത്തരവ് പോലീസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. പൊതുവായി അനുവദിച്ചിട്ടുള്ള ചില സ്ഥാപനങ്ങളിലെ ഇളവുകള്‍ എങ്ങനെ നടപ്പാക്കണമെന്ന ആശയക്കുഴപ്പത്തിലായി. നഗരസഭകളിലാകട്ടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കാറ്റഗറി നിര്‍ണ്ണയിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്നത്. വാര്‍ഡുകളുടെ അതിര്‍ത്തികളിലെ അശാസ്ത്രീയത വ്യാപാരികളുമായി തര്‍ക്കത്തിന് ഇടയാക്കി. നേരത്തെ കളക്ടര്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന വാര്‍ഡുകളില്‍ ഇന്നലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കണക്കനുസരിച്ച് ചില നഗരസഭകള്‍ ബി കാറ്റഗറിയിലായിരുന്നു. ഇതസനുസരിച്ച് വ്യാപാര സ്ഥാപനം തുറക്കാന്‍ എത്തിയവര്‍ പോലിസിന്റെ ശകാരം കേട്ട് മടങ്ങേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: