ശ്രോതാവിനെ പാട്ടിലാക്കാന്‍പോന്ന വരികളായിരുന്നു രമേശന്‍നായരെഴുതിയതെല്ലാം. ”സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവച്ചു നടക്കേണം…” എന്ന വരികേട്ടാല്‍ ആ പാട്ടിന്റെ ആദ്യാവസാനത്തിലേക്ക്, ഈണത്തിന്റെ ലാളിത്യത്തിലേക്ക് പാട്ടാസ്വാദകന്‍ കടന്നുചെല്ലും. പിന്നീട് ആ പാട്ടിനൊപ്പം സഞ്ചരിക്കും. എഴുതി സമര്‍പ്പിച്ചവയിലെല്ലാം ഇനിയും പറഞ്ഞുതീരാന്‍ ബാക്കിയുണ്ടെന്ന് ധ്വനിപ്പിക്കുമാറ് കാവ്യസൗന്ദര്യം അദ്ദേഹം ഒളിപ്പിച്ചുവച്ചു.
വാസ്തു ശില്പി എല്ലാ കണക്കുമൊപ്പിച്ച് വീടുവയ്ക്കുന്നതു പോലെയാണ് രമേശന്‍നായരുടെ എഴുത്ത്. ഐശ്വര്യം തുളുമ്പുന്ന വരികള്‍. അഞ്ഞൂറോളം നല്ല സിനിമാ ഗാനങ്ങള്‍. ഓരോന്നിനും വേറിട്ട സൗന്ദര്യം. ആസ്വാദകരെ ആകര്‍ഷിച്ച ഗാനമാണ് ബാലചന്ദ്രമേനോന്റെ ‘അച്ചുവേട്ടന്റെ വീട്’ എന്ന ചിത്രത്തിലെ പാട്ട്. വിദ്യാധരന് സംവിധാനം ചെയ്ത ഗാനം ഈണത്തിന്റെ ലാളിത്യത്തിനൊപ്പം വരികളുടെ അര്‍ത്ഥപൂര്‍ണ്ണത കൊണ്ടു കൂടിയാണ് നിത്യഹരിതമാകുന്നത്.
”ചന്ദനം മണക്കുന്ന പൂന്തോട്ടം…
ചന്ദ്രിക മെഴുകിയ മണിമുറ്റം…
ഉമ്മറത്തമ്പിളി നിലവിളക്ക്…
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം…ഹരിനാമജപം” എന്ന വരികള്‍ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു.
”മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട്
മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്്യു
കാലം വിടുപണി ചെയ്യേണം്യു
സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൗഭാഗ്യം പിച്ചവച്ചു നടക്കേണം…”. ബാലചന്ദ്രമേനോന്റെ ഭൂരിപക്ഷം സിനിമകള്‍ക്കും പാട്ടെഴുതിയത് രമേശന്‍നായരാണ്. 1986ലാണ് പ്രിയദര്ശന് സംവിധാനം ചെയ്ത ‘രാക്കുയിലിന്‍ രാഗ സദസ്സില്‍’ എന്ന ചിത്രം പുറത്തു വന്നത്. അതിലെ പാട്ടുകളിലൂടെയാണ് സിനിമ വിജയിച്ചത്. എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ രമേശന്‍നായരെഴുതിയ വരികള്‍ എക്കാലത്തും മലയാളിയുടെ മനസ്സിലുണ്ട്.
”പൂമുഖവാതില്ക്കല് സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ
ദുഃഖത്തിന് മുള്ളുകള്‍ തൂവിരല്‍ തുമ്പി
നാല്
പുഷ്പങ്ങളാക്കുന്നു ഭാര്യ….”
രമേശന്‍നായരെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കോടിയെത്തുന്ന നിരവധി കൃഷ്ണഭക്തിഗാനങ്ങളുണ്ട്. അവ ഓരോ ആസ്വാദകനിലും ഭക്തിയുടെ മാധുര്യം നിറയ്ക്കുന്നു.
”ഗുരുവായൂരൊരു മഥുര…
എഴുതിയാല്‍ തീരാത്ത കവിത…
ഒഴുകാതൊഴുകുന്ന യമുന…ഭക്ത-
ഹൃദയങ്ങളില്‍ സ്വര്‍ണ്ണദ്വാരക…” രമേശന്‍നായരുടെ വാക്കിലും നോക്കിലും നടപ്പിലുമെല്ലാം ഗുരുവായൂരപ്പന് നിറഞ്ഞു നില്ക്കുന്നു. ഗുരുവായൂരപ്പനെ വിട്ടൊരു ജീവിതത്തിന് അദ്ദേഹം തയ്യാറല്ല.
”ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ…പാഞ്ചജന്യം കൊടുത്തവനേ…
നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ…എന്നും
സംഗീതപ്പാല്‍ക്കടലല്ലോ…..”
അനേകമൂര്‍ത്തിയും അനുപമകീര്‍ത്തിയുമായ ഗുരുവായൂരപ്പന്റെ മുന്നിലേക്ക് ഒരു അവില്‍പ്പൊതിയുമായി കവി എത്തുകയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഈറനണിഞ്ഞു വന്ന് വാകച്ചാര്‍ത്ത് തൊഴാന്‍ അദ്ദേഹം നില്ക്കുന്നു.
”അനേക മൂര്‍ത്തേ അനുപമകീര്‍ത്തേ….
അവിടുത്തേക്കൊരവില്‍പ്പൊതി….
അനന്തദുഃഖ തീയില്‍ പിടയുമോ-
രാത്മാവിന്റെയഴല്‍പ്പൊതി”
ഗുരുവായൂരപ്പന്റെ മാറിലെ വനമാലപ്പൂക്കളിലെ ആദ്യ വസന്തം താനാണെന്നാണ് കവി പറയുന്നത്. പാദത്തിലെ താമരമൊട്ടിനെ ആദ്യം വിടര്‍ത്തിയ സൂര്യപ്രകാശവും കവിയാണ്. ഭഗവാന്റെ ഗീതവും വേദവുമെല്ലാം കവിതന്നെ….
”കൗസ്തുഭമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടൂ ഞാന്‍…
ഉറക്കെ ചിരിക്കുവാന്‍ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കി നീ…
തിരുനട കാക്കാന്‍ നിര്‍ത്തീ നീ…”
ഗുരുവായൂരപ്പന്റെ കാരുണ്യവും കടാക്ഷവും എല്ലാക്കാലത്തും രമേശന്‍നായര്‍ക്കൊപ്പമുണ്ടായിരുന്നു.
”ഒരുപിടി അവിലുമായ് ജന്മങ്ങള് താണ്ടി ഞാന്‍
വരികയായ് ദ്വാരക തേടി….
ഗുരുവായൂര്‍ക്കണ്ണനെ തേടി….
അഭിഷേകവേളയാണെങ്കിലും നീയപ്പോള്‍
അടിയനു വേണ്ടി നട തുറന്നു….”
കവിയെന്ന നിലയില്‍ രമേശന്‍നായര്‍ തന്റെ ജീവിതം ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നതായാണ് അദ്ദേഹത്തിന്റെ കൃഷ്ണഭക്തി ഗാനങ്ങള്‍ തെളിയിക്കുന്നത്.
”ഗുരുവായൂരപ്പാ നിന് മുന്നില്‍
ഞാന്‍ ഉരുകുന്നു കര്‍പ്പൂരമായി….
പലപല ജന്മം ഞാന്‍ നിന്റേ…കള-
മുരളിയില്‍ സംഗീതമായി…”
മലയാള കവിശാഖയിലെ പാരമ്പര്യത്തനിമയുടെ കവിയായിരുന്നു രമേശന്‍നായര്‍. എല്ലാം വഴങ്ങിയിരുന്ന കവി. ഭക്തിയും പ്രണയവും തത്വചിന്തയും എല്ലാം. വാല്മീകിയും പൂന്താനവും കാളിദാസനും അദ്ദേഹത്തില്‍ ഒന്നുചേര്‍ന്നു…പാരമ്പര്യത്തിന്റെ കെട്ടുറപ്പില്‍ നിന്ന് ഒരുകണ്ണികൂടിയാണ് രമേശന്‍നായരുടെ മരണത്തോടെ നഷ്ടമായത്…
ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടുത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലേ ജനപ്രവാഹം-ഇതു
കാല്ക്കലേയ്ക്കോ? വാകച്ചാര്‍ത്തിലേയ്ക്കോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: