റോം: യൂറോ 2020ന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ആദ്യ ടീമായി ഇറ്റലി. ഗ്രൂപ്പ് എയിലെ രണ്ടാം കളിയിലും ഗംഭീരവിജയം നേടിയാണ് ഇറ്റലി അവസാന 16-ല്‍ ഇടം പിടിച്ചത്. ആദ്യ കളിയില്‍ തുര്‍ക്കിയെ 3-0ന് തകര്‍ത്ത അസൂറികള്‍ ഇന്നലെ പുലര്‍ച്ചെ അവസാനിച്ച രണ്ടാം പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും ഇതേ മാര്‍ജിനില്‍ കീഴടക്കി. യുവതാരം മാനുവേല്‍ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികള്‍ക്കായി മൂന്നാം ഗോള്‍ നേടി. ഈ വിജയത്തോടെ തുടര്‍ച്ചയായ 29 മത്സരങ്ങള്‍ ഇറ്റലി പരാജയമറിയാതെ പൂര്‍ത്തീകരിച്ചു.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ സ്വിറ്റ്സര്‍ലന്‍ഡ് നേരിയ മുന്‍തൂക്കം നേടിയെങ്കിലും സാവധാനത്തില്‍ ഇറ്റലി പിടിമുറുക്കിത്തുടങ്ങി. തുടര്‍ന്ന് മികച്ച മുന്നേറ്റങ്ങളുമായി അസൂറികള്‍ കളംപിടിച്ചു. 10-ാം മിനിട്ടില്‍ സീറോ ഇമ്മൊബിലിന് മികച്ച ഒരു അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഹെഡ്ഡര്‍ ക്രോസ്ബാറിന് മുകളിലൂടെ ഗോള്‍മുഖത്ത് ഭീതി പരത്താന്‍ ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധം ശക്തമാക്കി.
എന്നാല്‍, സ്വിസ് പ്രതിരോധക്കോട്ട ഭേദിച്ച് 20-ാം മിനിറ്റില്‍ ഇറ്റാലിയന്‍ നായകനും പ്രതിരോധത്തിലെ നെടുംതൂണുമായ ചെല്ലിനി വല കുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോളടിക്കും മുന്‍പ് പന്ത് ചെല്ലിനിയുടെ കൈയില്‍ തട്ടിയതുമൂലമാണ് ഗോള്‍ നിരസിച്ചത്. പിന്നാലെ പരിക്കേറ്റ ചെല്ലിനി കളിയില്‍ നിന്നും പിന്മാറി.
ചെല്ലിനി മടങ്ങിയതിനുതൊട്ടുപിന്നാലെ ഇറ്റലി മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 26-ാം മിനിറ്റില്‍ മാനുവേല്‍ ലോക്കാട്ടെല്ലിയാണ് ഇറ്റലിക്ക് വേണ്ടി സ്കോര്‍ ചെയ്തത്. പന്തുമായി മുന്നേറിയ ബെറാഡി മികച്ച ഒരു കട്ട്പാസ് ലോക്കോട്ടെല്ലിയ്ക്ക് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ലോക്കോട്ടെല്ലിയ്ക്ക് വന്നുള്ളൂ. ഇറ്റലിയ്ക്കായി താരം നേടുന്ന രണ്ടാമത്തെ ഗോളാണിത്. 2020 യൂറോകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി.
ലീഡ് നേടിയതോടെ അസൂറികളുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ലീഡ് ഉയര്‍ത്താന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കി സ്വിറ്റ്സര്‍ലന്‍ഡ് അവയെല്ലാം വിഫലമാക്കി. ഇതോടെ ആദ്യപകുതിയില്‍ 1-0ന് ഇറ്റലി മുന്നിട്ടുനിന്നു. ഇടയ്ക്ക് ഒന്നുരണ്ടുതവണ സ്വിസ്് ടീം ഇറ്റാലിയന്‍ ബോക്സിലേക്ക് മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ ലക്ഷ്യമിട്ടാണ് സ്വിസ് പട കളി തുടങ്ങിയത്. എന്നാല്‍ അവരുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചുകൊണ്ട് 52-ാം മിനിറ്റില്‍ ഇറ്റലി ലീഡ് ഉയര്‍ത്തി. മാനുവേല്‍ ലോക്കാട്ടെല്ലിയാണ് ഇത്തവണയും ലക്ഷ്യം കണ്ടത്. ബോക്സിന് പുറത്തുനിന്നും ലോക്കാട്ടെല്ലി പായിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചപ്പോള്‍ സ്വിസ് ഗോള്‍കീപ്പര്‍ക്ക് നോക്കി നില്ക്കാന് മാത്രമേ സാധിച്ചുള്ളൂ.
രണ്ട് ഗോളിന് മുന്നിട്ടുനിന്നിട്ടും ആക്രമിച്ചുതന്നെയാണ് ഇറ്റലി കളിച്ചത്. 75-ാം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം സീറോ ഇമ്മൊബിലെ പാഴാക്കി. എന്നാല്‍ 88-ാം മിനിട്ടില്‍ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്സിന് വെളിയില്‍ നിന്നും താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്സര്‍ലന്‍ഡ് പരാജയം ഉറപ്പിച്ചു. മത്സരത്തിലുടനീളം ഒരിക്കല്‍ മാത്രമാണ് ഇറ്റാലിയന്‍ ഗോളിയെ പരീക്ഷിക്കാന്‍ സ്വിസ്് നിരയ്ക്ക് കഴിഞ്ഞുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: