ന്യൂദല്‍ഹി: രാജസ്ഥാന് കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം തുടരുന്നതിനിടെ, രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി സച്ചിന് പൈലറ്റ്. 12 വിഷയങ്ങളില്‍ ചര്‍ച്ച നടന്നുവെന്ന് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക മാത്രമല്ല, പ്രധാന വകുപ്പുകള്‍ നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തതായാണ് വിവരം. അതേസമയം, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം മാത്രമേ മന്ത്രിസഭാ വികസനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സച്ചിന് പൈലറ്റിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന സൂചനയാണ് അശോക് ഗെലോട്ട് നല്‍കുന്നത്. കോവിഡ് മുക്തനായശേഷം സുഖംപ്രാപിച്ചുവരുന്ന അശോക് ഗെലോട്ട് നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ഒന്നരമാസത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് ഗെലോട്ട് പക്ഷം വിശദീകരിക്കുമ്പോഴും മന്ത്രിസഭാ അഴിച്ചുപണി സംബന്ധിച്ച ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമായാണ് ഒരു വിഭാഗം ഇതിനെ വിലയിരുത്തുന്നത്. ഗെലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാൻ്റ് താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ഗെലോട്ട് ഒഴിവാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം ഉടനൊന്നും ദല്‍ഹിയിലെത്താന്‍ ഇടയില്ല. യുവനേതാവായ സച്ചിന് പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
ഒഴിഞ്ഞുകിടക്കുന്ന ഒന്‍പത് ഒഴിവുകള്‍ക്കായി 25 എംഎല്‍എമാരാണ് കാത്തുനില്‍ക്കുന്നതെന്ന് മന്ത്രിസഭാ അഴിച്ചുപണിക്കുള്ള സാധ്യതകള്‍ക്കിടെ മുതിര്‍ന്ന എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം സച്ചിൻ ദല്ഹിയിലെത്തിയതോടെയാണ് രാജസ്ഥാനിലെ പ്രശ്നങ്ങള്‍ മറനീക്കിയത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപെട്ട് സച്ചിനെ അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്തിയെങ്കിലും പത്തുമാസമായി പ്രശ്നപരിഹാരമുണ്ടാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഉത്തര്‍പ്രദേശില്‍നിന്നുള്ള നേതാവ് ജിതിന് പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ സച്ചിന് പൈലറ്റും ഈ മാതൃക സ്വീകരിക്കുമെന്ന് അഭ്യൂങ്ങളുയര്ന്നിരുന്നു. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന നിലപാടാണ് സച്ചിന് പരസ്യമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: