ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന ക്രിക്കറ്റ് താരം ബി വിജയകൃഷ്ണ (71) ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഇടംകൈയന്‍ സ്പിന്നറും, ഓള്‍റൗണ്ടറുമായ വിജയകൃഷ്ണയെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് 15 വര്‍ഷത്തെ വ്യതിരിക്തമായ ക്രിക്കറ്റ് ജീവിതത്തില്‍ 80 ഫസ്റ്റ് ക്ലാസും, രണ്ട് ലിസ്റ്റ് ‘എ’ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 194 വിക്കറ്റ് നേടുകയും രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 2,297 റണ്‍സ് (25.8 ശരാശരിയില്‍) നേടിയിട്ടുമുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ വിജി എന്നറിയപ്പെട്ടിരുന്ന വിജയകൃഷ്ണ 70കളില്‍ രഞ്ജി ട്രോഫി കിരീടങ്ങള്‍ നേടിയ കര്‍ണാടക ടീമിന്റെ ഭാഗമായിരുന്നു. എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും കര്‍ണാടക ക്രിക്കറ്റ് ടീം നേടിയ പല വിജയങ്ങളിലും ഇടത് കൈയ്യന്‍ ഓള്‍റൗണ്ടര്‍ പ്രധാന പങ്കുവഹിച്ചു. 1949 ഒക്ടോബര്‍ 12 ന് ജനിച്ച വിജി, 1960കളില്‍ പ്രമുഖ ക്രിക്കറ്റ് താരം കെ. നാഗഭൂഷണിന്റെ ശിഷ്യനായിരുന്നു.
1968ല്‍ നടന്ന ഹൈദരാബാദിനെതിരായുള്ള വിജിയുടെ ആദ്യ രഞ്ജി മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും, മദ്രാസിനെതിരെയുള്ള കളിയില്‍ ആറു വിക്കറ്റുകളും വീഴ്ത്തിയതോടെ ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വിജി എന്ന താരോദയം സംഭവിച്ചു. പിന്നീട് കര്‍ണാടകത്തിനു വേണ്ടി പല മത്സരങ്ങളിലും തിളങ്ങിയെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് കടക്കുന്നതിനായി വിജിക്ക് സാധിച്ചില്ല. ഒട്ടേറെ കഴിവുകള്‍ ഉണ്ടായിട്ടും, ലോകോത്തര സ്പിന്‍ ജോഡികളായ ബി.എസ്. ചന്ദ്രശേഖര്‍, ഇ.എന്‍.എസ്. പ്രസന്ന എന്നിവരുടെ ആധിപത്യം കാരണം സൗത്ത് സോണിലേക്ക് മാത്രമായി വിജിയുടെ ക്രിക്കറ്റ് ജീവിതം ഒതുങ്ങുകയായിരുന്നു.
1975-76 സീസണില്‍ മഹാരാഷ്ട്രക്കെതിരായി ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടിയ വിജി പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം ബീഹാറിനെതിരെ ഒരു സെഞ്ച്വറി കൂടി നേടി. 1971ല്‍ സെന്‍ട്രല്‍ കോളേജ് മൈതാനത്ത് നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ വിജിയുടെ കളി കാണുന്നതിനായി എത്തിയത് പതിനായിരങ്ങളായിരുന്നു. 70കളുടെ അവസാനത്തില്‍ രാജസ്ഥാനോട് ഏറ്റുമുട്ടി കാലിനു പരിക്കേറ്റിട്ടും, അര്‍ദ്ധസെഞ്ച്വറിയോടെ ക്രീസില്‍ നിന്നും പുറത്തേക്ക് വന്ന വിജി കാണികള്‍ക്ക് എന്നും ഹരമായിരുന്നു. 1982-83ല്‍ ബോംബെയ്ക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിനു ശേഷം അദ്ദേഹം വിരമിച്ചു. സംസ്ഥാന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുനില്‍ ജോഷി, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: