ന്യൂദല്‍ഹി : സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 56 ലക്ഷം സൗജന്യ കോവിഡ് വാക്സിനുകള്‍ കൂടി കേന്ദ്രം എത്തിച്ചു നല്കുന്നു. സംസ്ഥാനങ്ങളിലെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ തുടരുന്നതിനാണ് ഇത്. മൂന്ന് ദിവസത്തിനുള്ളില്‍ ഈ വാക്സിനുകള്‍ എത്തിച്ചു നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
56,70,350 വാക്സിന് ഡോസുകളാണ് പുതിയതായി സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതുവരെ 27.28 കോടി വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. 2.18 കോടിയിലധികം വാക്സിന് സംസ്ഥാനങ്ങളില്‍ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 26,55,19,251 ഡോസ് വാക്സിന് വിതരണം ചെയ്തിട്ടുണ്ട്. വേസ്റ്റേജ് അടക്കം 25,10,417 ഡോസ് വാക്സിന് ഉപയോഗിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രം കൂടുതല്‍ വാക്സിന് ഡോസുകള്‍ അനുവദിക്കുന്നത്. വരുംദിവസങ്ങളില്‍ വാക്സിന് വിതരണം വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതേസമയം പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതുക്കിയ വാക്സിന് മാര്‍ഗനിര്‍ദേശം തിങ്കളാഴ്ച മുതല്‍ രാജ്യത്ത് നിലവില്‍ വരും. ഡിസംബര്‍ മാസത്തോടെ എല്ലാ പൗരന്മാര്ക്കും വാക്സിന് എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. അടുത്ത മാസം പകുതിയോടെ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന് ലഭ്യമാക്കുന്നതിനായി നടപടികള്‍ കാര്യക്ഷമമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: