ശാസ്താംകോട്ട: വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി വെട്ടിപ്പ് നടത്തി യുവതി കവര്‍ന്നത് ലക്ഷങ്ങള്‍. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മാവിലാത്തറ വടക്കതില്‍ അശ്വതി (32)യെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. എല്‍ഡി ക്ലര്‍ക്കാണെന്നും, റവന്യു വകുപ്പ് ജീവനക്കാരിയെന്നും പറഞ്ഞ് പറ്റിച്ചാണത്രേ ഇവരുടെ വെട്ടിപ്പ്.
5000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപെട്ടവരുണ്ട്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയും ആയ ഇവര്‍ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വ്യാജ ക്ഷണപത്രികയും ഉണ്ടാക്കി. പിന്നീട് ഇയാളുടെ പക്കല്‍ നിന്നും രണ്ട് ലക്ഷം രൂപയോളം കൈക്കലാക്കി.
എറണാകുളത്തുള്ള രണ്ട് സഹോദരിമാരുടെ ഫേയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് വെട്ടിപ്പെല്ലാം. ഇവരുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും ഫെയ്സ് ബുക്ക് ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൗണ്ടുകള്‍ വഴിയാണ് യുവാക്കളുടെ പണം തട്ടിയത്. തട്ടിപ്പിനിരയായ യുവാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഇതേപ്പറ്റി വിവരങ്ങള്‍ പങ്കുവെച്ചതോടെയാണ് പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെങ്കിലും അക്കൗണ്ടുകള്‍ പലതും നീക്കംചെയ്തതിനാല്‍ ഫെയ്സ് ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാന്‍ ആകില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: