ചാലക്കുടി: ആനമല ജങ്ഷനില്‍ ആംബുലന്‍സ് കുഴിയിലേക്ക് വീണ് രോഗി മരിച്ചു. മാള കുഴൂര്‍ തുമ്പരശ്ശേരി പടമാടുങ്കല് ജോണ്സണ് (50) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായ ജോണ്‍സന്റെ മകന് നോബിളി(19)ന് സാരമായി പരിക്കേറ്റു. ഡ്രൈവറടക്കം മൂന്ന് പേര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹൃദയാഘാതത്തെ തുടര്‍ന്ന് ജോണ്‍സണെ മാള ഗുരുധര്‍മ്മം ആശുപത്രിയുടെ ആംബുലന്‍സില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ആംബുലന്‍സ് കുഴിയില്‍ വീണത്. ആനമല ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് കാന താഴ്ത്തി നവീകരിക്കുന്ന ജോലികള്‍ക്കായി വലിയ കുഴി താഴ്ത്തിയിരുന്നു. ഇതറിയാതെയാണ് ആംബുലന്‍സ് ഇതു വഴി വന്നത്.
അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നഗരസഭ അധികൃതരുടെ ആവശ്യപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് ആനമല ജങ്ഷനില്‍ റോഡ് മുറിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കാന നിര്‍മിക്കുന്നത്. മതിയായ സുരക്ഷയൊരുക്കാതെയാണ് നിര്‍മാണം. അപകട സൂചക ബോര്‍ഡുകളോ, പ്രദേശത്ത് വഴി വിളക്കുകളോ, ബാരിക്കേഡുകളോ സ്ഥാപിക്കാതെ പ്ലാസ്റ്റിക് റിബണ്‍ വലിച്ച് കെട്ടിയാണ് നിര്‍മാണം നടക്കുന്നത്.
രാത്രിയില്‍ ഇവിടെ പണി നടക്കുന്നുണ്ടെന്ന് അറിയാനും യാതൊരു മാര്‍ഗവുമില്ല. പണിയുടെ പേരില്‍ റോഡ് പൂര്‍ണമായി പൊളിച്ച് കാനയുണ്ടാക്കിയതിനാല് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ചെറിയ സ്ഥലം മാത്രമാണിവിടെ ഒഴിച്ചിട്ടിരിക്കുന്നത്. പരിചയമില്ലാത്ത വാഹനയാത്രക്കാര്‍ റോഡില്‍ കുഴിയുള്ളത് അടുത്തെത്തുമ്പോഴാണ് കാണുന്നത്.
അപകടത്തിന് സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും കോണ്‍ട്രാക്ടര്‍ക്കെതിരെയും കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ പി.എസ്. സുമേഷ്, മുനിസിപ്പല്‍ പ്രസിഡന്റ് കെ.പി. ജോണി, ജന. സെക്രട്ടറി ഉണ്ണികൃഷ്ണന്, അമ്പാടി ഉണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: