മ്യൂണിക്ക്: പന്ത് കൂടുതല്‍ കൈവശം വച്ചിട്ടും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും കാര്യമില്ലെന്ന് മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി മറന്നുപോയി. ഫലം നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനോട് യൂറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ തോല്‍വി. ഗ്രൂപ്പ് എഫില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് ജയിച്ചത്. ഗോളാകട്ടെ, ജര്‍മനിയുടെ ദാനവും. പ്രതിരോധതാരം മാറ്റ്സ് ഹമ്മല്‍സാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. കളിയുടെ അവസാന മിനിറ്റുകളില്‍ കിലിയന്‍ എംബപെയും കരിം ബെന്‍സേമയും ഓരോ തവണ വീതം പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
കളിയില്‍ 62 ശതമാനവും പന്ത് കൈവശം വച്ചത് ജര്‍മനിയായിരുന്നു. 10 ഗോളവസരങ്ങളും ജര്‍മനി സൃഷ്ടിച്ചു. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് നീങ്ങിയത് ഒറ്റ ഷോട്ടുമാത്രം. അതിന് ഫ്രാന്‍സ് ഗോളിയും നായകനുമായ ഹ്യഗോ ലോറിസിനെ കീഴ്പ്പെടുത്താനുമായില്ല. മുള്ളര്‍, ഹാവെര്‍ട്്സ്, നാബ്രി എന്നീ മുന്‍നിര താരങ്ങള്‍ നിറം മങ്ങിയതും ജര്‍മനിക്ക് തിരിച്ചടിയായി.
അതേസമയം എംബപ്പെ, ഗ്രിസ്മാന്, ബെന്‍സേമ, പോഗ്ബ, വരാനെ തുടങ്ങിയവരടങ്ങിയ ഫ്രാന്‍സിനും പേരിനൊത്ത പ്രകടനം കളിക്കളത്തില്‍ പുറത്തെടുക്കാനുമായില്ല. ഒത്തിണക്കമില്ലായ്മ കളിക്കളത്തില്‍ പ്രകടമായിരുന്നു. ശരാശരി പ്രകടനം മാത്രമാണ് ലോക ചാമ്പ്യന്മാരുടെ ലോകോത്തര താരങ്ങള്‍ പുറത്തെടുത്തത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ജര്‍മനി ആക്രമിച്ചുകളിച്ചു. ഏഴാം മിനിറ്റില്‍ തന്നെ ജര്‍മനിയുടെ ജോഷ്വ കിമ്മിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങി. ആദ്യ പത്തുമിനിറ്റില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. 15-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് അദ്ദേഹത്തിന്റെ മുതുകില്‍ തട്ടി പോസ്റ്റിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ജര്‍മന്‍ ബോക്സിനകത്തേക്ക് കുതിച്ചെത്തിയ എംബാപ്പെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ന്യൂയര്‍ തട്ടിയകറ്റി. 20-ാം മിനിട്ടില്‍ ഫ്രാന്‍സ് ലീഡെടുത്തു. ജര്‍മന്‍ പ്രതിരോധ താരം മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്. ഹെര്‍ണാണ്ടസിന്റെ ക്രോസില്‍ അബദ്ധത്തില്‍ കാലുവെച്ച ഹമ്മല്‍സിന്റെ ക്ലിയറന്‍സ് ഗോളില്‍ കലാശിക്കുകയായിരുന്നു.
24-ാം മിനിട്ടില്‍ ജര്‍മനിക്ക് പോസ്റ്റിന് തൊട്ടുമുന്നില്‍വച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ടോണി ക്രൂസിന്റെ ഷോട്ട് ഫ്രഞ്ച് പ്രതിരോധമതിലില്‍ തട്ടിത്തെറിച്ചു. മികച്ച കളി പുറത്തെടുത്തിട്ടും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജര്‍മനി പരാജയപ്പെട്ടു. 38-ാം മിനിറ്റില്‍ ജര്‍മനിയുടെ ഗുണ്ടോഗന് നല്ലൊരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. ഇതോടെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് 1-0ന് മുന്നില്‍.
ആദ്യപകുതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനം നടത്തി. 51-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ റാബിയോയുടെ ഉഗ്രന്‍ ഷോട്ട് ജര്‍മന്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ജര്‍മനിയുടെ മുന്നേറ്റതാരം നാബ്രിയുടെ ശ്രമവും പാഴായി. നാബ്രി പായിച്ച ഷോട്ട് ക്രോസ് ബാറിലുരുമ്മി പുറത്തു പോവുകയായിരുന്നു.
പിന്നീട് സമനിലക്കായി ജര്‍മനി തുടരെത്തുടരെ ഫ്രഞ്ച് ബോക്സിലേക്ക് മുന്നേറ്റങ്ങള്‍ തീര്‍ത്തു. ഇതോടെ ഫ്രാന്‍സ് പ്രതിരോധം പലതവണ പൊളിഞ്ഞെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. പിന്നീട് 66-ാം മിനിറ്റില്‍ എംബപ്പെയും 85-ാം മിനിറ്റില്‍ ബെന്‍സേമയും ജര്‍മന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അവസാന മിനിറ്റുകളില്‍ ജര്‍മനി ഗോളടിക്കാന്‍ ആഞ്ഞുശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ഫ്രാന്‍സ് പ്രതിരോധനിരയെ മറികടക്കാന്‍ ജര്‍മന്‍ സംഘത്തിന് കഴിയാതിരുന്നതോടെ ജര്‍മനി തോല്‍വി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: