തൃശൂര്‍: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും വീണ്ടും ശ്രമമാരംഭിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരുടേയും രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ വിവിധ സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന പദ്ധതി ഇക്കുറി നടപ്പാക്കാനാണ് നീക്കം.
സംസ്ഥാനത്ത് പ്രളയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളപ്പൊക്ക സാധ്യതയുള്ള അഞ്ച് നദികളില്‍ പുതിയ അണക്കെട്ടുകള്‍ പണിയണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ അണക്കെട്ടുകളില്‍ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അണക്കെട്ടുകള്‍ നിര്‍മ്മിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുള്ള നദികളിലൊന്ന് ചാലക്കുടിപുഴയാണ്. ജലവിഭവ വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് സൂചന.
നേരത്തെ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ത്ത് സിപിഐ രംഗത്ത് വന്നിരുന്നു. മാറിയ സാഹചര്യത്തില്‍ സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. സിപിഎമ്മും അവരുടെ തൊഴിലാളി സംഘടനയായ സിഐടിയുവുമാണ് അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി ആദ്യം മുതല്‍ രംഗത്തുള്ളത്. ബിജെപിയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും പദ്ധതി വേണ്ട എന്ന നിലപാടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചാലക്കുടി പുഴ സംരക്ഷണ സമിതിയും നിരവധി പരിസ്ഥിതി സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിക്കാതായതോടെയാണ് നേരത്തെ പദ്ധതി നടപ്പാക്കാന്‍ കഴിയാതിരുന്നത്.
വെള്ളപ്പൊക്ക സാധ്യത ചൂണ്ടിക്കാണിച്ച് പദ്ധതിക്കെതിരായുള്ള എതിര്‍പ്പ് മറികടക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018ല്‍ ചാലക്കുടി പുഴയില്‍ വന്‍ പ്രളയമുണ്ടാകുകയും ചാലക്കുടി പട്ടണവും നിരവധി ഗ്രാമങ്ങളും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. ഇതാണ് ജലവിഭവ വകുപ്പും കെഎസ്ഇബിയും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, പദ്ധതി നടപ്പായാല്‍ ലോക പ്രസിദ്ധമായ വെള്ളച്ചാട്ടം ഇല്ലാതാകുമെന്നും നിരവധി വനവാസി ഊരുകള്‍ നഷ്ടമാകുമെന്നും മറുവാദമുയരുന്നുണ്ട്. നൂറുകണക്കിന് ഹെക്ടര്‍ വനപ്രദേശവും ആയിരക്കണക്കിന് മരങ്ങളും നഷ്ടമാകും. മാത്രമല്ല പദ്ധതി വഴിയുള്ള വൈദ്യുതി ഉത്പാദനം സാമ്പത്തികമായി നഷ്ടമായിരിക്കുമെന്നും കണക്കുകള്‍ നിരത്തി എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരത്തിനും നിയമ നടപടിക്കും നേതൃത്വം നല്‍കുമെന്ന് റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം വക്താക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: