ബെംഗളൂരു: ബെംഗളൂരു നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രതികളുടെ പാക്കിസ്ഥാന് ബന്ധം ബെംഗളൂരു പോലീസ് സ്ഥിരീകരിച്ചു.
മൂന്നു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. മലപ്പുറം സ്വദേശികളായ ഇബ്രാഹിം പുല്ലാട്ടി(36), മുഹമ്മദ് ബഷീര്‍ (51), അനീസ് അത്തിമണ്ണില്‍ (30), തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ഗൗതം(27), ഭട്കല് സ്വദേശി നിസാര്‍, തൂത്തുക്കുടി സ്വദേശികളായ ശാന്തന്‍കുമാര്‍ (29), സുരേഷ് തങ്കവേലു(32), ജയ് ഗണേശ് (30) എന്നിവരാണ് ബെംഗളൂരു തീവ്രവാദ വിരുദ്ധ സേനയുടെയും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംയുക്ത നീക്കത്തില്‍ അറസ്റ്റിലായത്. രാജ്യാന്തര ഫോണ്‍ കോളുകളെ പ്രാദേശിക കോളുകളാക്കി മാറ്റുകയാണ് ഇവര്‍ ചെയ്തിരുന്നത്.
മുഖ്യപ്രതി ഇബ്രാഹിം മുല്ലാട്ടി ഉള്‍പ്പെടെയുള്ളവര്‍ പാക്കിസ്ഥാനിലെ ചില ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നത് സ്ഥിരീകരിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍പാന്ത് പറഞ്ഞു. ഇബ്രാഹിം മുല്ലാട്ടി, ഗൗതം എന്നിവരെ ജൂണ്‍ എട്ടിനും നിസാറിനെ ഒമ്പതിനും മറ്റു പ്രതികളെ ജൂണ്‍ 14നുമാണ് അറസ്റ്റു ചെയ്തത്.
ഒരേ സമയം 3000ത്തിലധികം ജിഎസ്എം സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്‍പതിലധികം ടെലിഫോണ്‍ എക്സ്ചേഞ്ചുകളായിരുന്നു സംഘം അനധികൃതമായി പ്രവര്‍ത്തിപ്പിച്ചിരുന്നത്. 3000 സിംകാര്‍ഡുകള്‍, 109 സിം ബോക്സ് ഡിവൈസ്, 23 ലാപ്ടോപ്പ്, 10 പെന്‍ഡ്രൈവുകള്‍, 14 യുപിഎസ്, 17 റൗട്ടേഴ്സ് എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
സിലിഗുഡിയിലെ കരസേനയുടെ ഹെല്‍പ്പ്ലൈനിലേക്ക് പാക്കിസ്ഥാനില്‍ നിന്നും ലഭിച്ച ഫോണ്‍ കോളിനെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് റാക്കറ്റിനെ പിടികൂടാന്‍ സഹായിച്ചത്.
പ്രതിരോധ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന വ്യാജേന സൈനിക ഓഫീസിലേക്ക് വിളിക്കുകയും രഹസ്യവിവരങ്ങള്‍ ചോദിക്കുകയും ചെയ്തതോടെയാണ് ഫോണ്‍ കോളുകളെക്കുറിച്ച് മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്. കൂടുതല്‍ അന്വേഷണത്തില്‍ മൂവ്മെന്റ് കണ്ട്രോള് ഓഫീസിലേക്കും (എംസിഒ), പ്രിന്‍സിപ്പല്‍ കണ്ട്രോളര് ഓഫ് ഡിഫന്‍സ് അക്കൗണ്ടിലേക്കും (പിസിഡിഎ) വിശദാംശങ്ങള്‍ തേടി സമാനമായ കോളുകള്‍ എത്തിയിരുന്നു.
ഇന്ത്യയിലെ സൈനിക ക്യാമ്പുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സമാന്തര എക്സ്ചേഞ്ച് വഴി വ്യാജ ഫോണ്‍ കോളുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അറുനൂറിലധികം ഫോണ്‍ കോളുകള്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചുവഴി എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
ദുബായ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും സമാനമായി ഇന്ത്യയിലേക്ക് ഫോണ്‍ കോളുകള്‍ എത്തിയിട്ടുണ്ട്. ദുബായ്, പാക്കിസ്ഥാന് രാജ്യങ്ങളില്‍ നിന്ന് സമാന്തര എക്സ്ചേഞ്ച് നടത്തുന്നതിന് ഫണ്ട് ലഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സെയില്‍സ് എക്സിക്യൂട്ടീവായ ശാന്തന് കുമാറാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നത്. കര്‍ണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ള സിം കാര്ഡുകളാണിവയെന്നും കൂടുതലും മലപ്പുറത്ത് നിന്നുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഈ വര്‍ഷം മാര്‍ച്ചില്‍ ബെംഗളൂരു ചിക്കബാനവാരയില്‍ ചായക്കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിയിരുന്ന കോഴിക്കോട് സ്വദേശി അഷ്റഫിനെ(33) ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടിയിരുന്നു. ചായക്കടയുടെ മറവിലായിരുന്നു ഇയാള്‍ സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: