ബെംഗളൂരു: ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ മനുഷ്യക്കടത്ത് ശൃംഖലയിലൂടെ ഇന്ത്യയില്‍ എത്തിയതായി വിവരം. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം ലൈംഗികപീഡനത്തിനിരയായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗ്ലാദേശ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും മനുഷ്യക്കടത്ത് റാക്കറ്റിലെ നാല് പേരെ ബംഗ്ലാദേസ് റാപ്പിഡ് ആക്ഷന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിലയനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു.
ക്രൂരമായ ലൈംഗികപീഢനത്തിന് ഇരയായ ഈ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയതാകട്ടെ കോഴിക്കോട് നിന്നും. ഇതില്‍ നിന്നാണ് കേരളത്തിലും ബംഗ്ലാദേശ് പെണ്‍കുട്ടികള്‍ എത്തുന്നതായി സംശയിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ അറിവില്‍ തന്നെ നൂറുകണക്കിന് ബംഗ്ലാദേശ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു. ഈയടുത്തയിടെ കര്‍ണ്ണാടകത്തില്‍ പൊലീസ് നടത്തിയ മറ്റൊരു റെയ്ഡില്‍ ഏഴ് ബംഗ്ലദേശി പെണ്‍കുട്ടികളെയും നാല് പുരുഷന്മാരെയും ഛന്നസാന്ദ്ര പൊലീസ് സ്റ്റേഷന് അരികില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു സ്ത്രീയുടെ അഞ്ച് വയസ്സുകാരി മകളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രധാനി ഷോബുജ് എന്ന മനുഷ്യകടത്തുസംഘത്തിന്റെ തലവനാണ്. ഇയാള്‍ തന്നെ നൂറുകണക്കിന് ബംഗ്ലദേശി പെണ്‍കുട്ടികളെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തി അനധികൃതമായി മുറിച്ച് കടന്നാണ് ഇവര്‍ ഇന്ത്യയില്‍ എത്തുന്നത്. അതിര്‍ത്തി രക്ഷാസേനയെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ സഹായിക്കുന്ന ബംഗ്ലാദേശുകാരന്‍ റഫീക് അഷ്‌റഫുള്‍ സഹായത്തിനുണ്ട്. ഇന്ത്യയില്‍ കൊല്‍കൊത്തയിലെ ഹൗറയില്‍ എത്തിച്ച ശേഷം വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ ശേഷം ഇന്ത്യയിലെ പല ഭാഗത്തേക്ക് അയക്കുകയാണ് ഈ റാക്കറ്റ് ചെയ്യുന്നത്.
ഇതുപോലെ നൂറുകണക്കിന് മനുഷ്യക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്താണ് ഇവരെ എത്തിക്കുന്നതെങ്കിലും നഗരങ്ങളില്‍ ലൈംഗികത്തൊഴിലിന് തന്നെയാണ് ഇവരെ ഉപയോഗിക്കുന്നത്. ഈ പെണ്‍കുട്ടികളെ ഒരു നിഴല്‍ പോലെ മനുഷ്യക്കടത്ത് റാക്കറ്റ് പിന്തുടരും. ഇവരുടെ വരുമാനത്തില്‍ നിന്നും നിരന്തരം ഇത്തരം റാക്കറ്റുകള്‍ പണം സ്വീകരിച്ചുകൊണ്ടിരിക്കും.
ഇവരെ തീവ്രവാദ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമോ എന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: