കോട്ടയം: കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത് റവന്യൂ-വനം വകുപ്പുകളെ ഉപയോഗിച്ച് സിപിഐ നടത്തിയ കടുംവെട്ടാണ് വനംകൊള്ളയെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.എന്‍.കെ. നാരായണന് നമ്പൂതിരി. ഇടതുസര്‍ക്കാരിന്റെ വനം കൊള്ളയ്ക്കെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പേര് പറഞ്ഞ് ഉത്തരവുണ്ടാക്കി വനം കൊള്ളക്കാരെ സഹായിക്കുകയായിരുന്നു സര്‍ക്കാര്‍.
സംസ്ഥാനത്തെ 13 ജില്ലകളിലുമായി ആയിരം കോടിയുടെ മരംവെട്ടാണ് നടത്തിയത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വനം കൊള്ളക്കാരും ചേര്‍ന്ന് നടത്തിയ അഴിമതിയാണിത്. ഇടതുപക്ഷം മാത്രമല്ല, ചില യുഡിഎഫ് നേതാക്കളും ഇതിന്റെ പങ്ക് പറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഇല്ലാത്തത്. ആമസോണ്‍ കാടുകളിലെ കാട്ടു തീയ്ക്കെതിരെ പ്രതിഷേധിച്ചവരാണ് നിയമം ഉണ്ടാക്കി കാട്ടുക്കൊള്ളക്കാര്ക്ക് കൂട്ടുനിന്നതെന്നും അദ്ദേഹം ആരോപിച്ചു.
റോഡുകളില്‍ ശക്തമായ പോലീസ് സാന്നിധ്യമുള്ള കോവിഡ് സാഹചര്യത്തില്‍ വെട്ടിമാറ്റിയ മരത്തടികള്‍ കടത്തിക്കൊണ്ട് പോകാന്‍ പോലീസ് സഹായം ഇല്ലാതെ സാധിക്കില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ല ജനറല്‍ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു. ആഭ്യന്തരവകുപ്പിന്റെ ഒത്താശയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസാണ് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിസ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.ആര്. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. മുകേഷ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനിത എന്നിവരും പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷനിന് മുമ്പില്‍ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജെ.എസ്. ജോഷി അദ്ധ്യക്ഷനായി. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. വി. നാരായണന് സംസാരിച്ചു.
കുറവിലങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധം ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. വേണുകുട്ടന് അദ്ധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം. ഹരികൃഷ്ണന്, സി.എം. പവിത്രന്, സുരേഷ് കണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. കോട്ടയം ജില്ലയില്‍ ആയിരത്തി അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ നേതാക്കള്‍, മോര്‍ച്ച ഭാരവാഹികള്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: