സേലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണമാല ഊരി നല്കിയ യുവതിക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചാകും ജോലി നൽകുകയെന്ന് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മേട്ടൂര്‍ ഡാമില്‍ ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സൗമ്യ എന്ന യുവതി രണ്ട് പവന്റെ സ്വര്‍ണമാല ഊരി നല്‍കിയത്. ഒപ്പം ഒരു കത്തും നൽകി. തനിക്ക് ജോലിയൊന്നും ഇല്ലാത്തതിനാല്‍ കുടുംബം നോക്കാന്‍ കഷ്ടപ്പെടുകയണെന്നും അച്ഛൻ ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ സമ്പാദ്യമെല്ലാം അമ്മയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പണമൊന്നും കൈവശം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നല്‍കുന്നതെന്നും യുവതി കത്തില്‍ പറയുന്നു.
കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വീസില്‍ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിര്‍ന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്. ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: