പാലക്കാട് : പത്ത് വര്‍ഷത്തോളം റഹ്മാന്റെ വീട്ടില്‍ സജിത ഒളിവില്‍ താമസിച്ച സഭവം അസാധാരണമെന്ന് വനിതാ കമ്മിഷന്. സംഭവത്തില്‍ മൊഴിയെടുക്കാനെത്തിയപ്പോഴാണ് സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന് ഇക്കാര്യം അറിയിച്ചത്.
നെന്മാറയിലെ സംഭവം അവിശ്വസനീയമാണ്. തേനും പാലും നല്കി കൂട്ടിലിട്ടാലും ബന്ധനം തന്നെയാണ്. പ്രണയിച്ച് ഒന്നിച്ചുജീവിക്കാന്‍ ഇരുവരും തെരഞ്ഞെടുത്ത രീതി ശരിയല്ല. വിഷയത്തില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ട് മാത്രം പരിഗണിക്കില്ല.
കുടുസുമുറിയില്‍ 10 കൊല്ലം സുരക്ഷിതമായി ഇരുന്നു എന്നത് അംഗീകരിക്കാനാകില്ല. തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ല. സജിതയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് വേണ്ടത്ര ഇടപെട്ടില്ല. കേസില്‍ പോലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നെന്നും ജോസഫൈന് പറഞ്ഞു.
സജിതയെയും റഹ്മാനെയും കണ്ട് സംസാരിച്ചു. സാമ്പത്തിക പരാധീനതയും വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് ഒളിച്ചു കഴിഞ്ഞത് എന്നാണ് കമ്മീഷന് മുന്നില്‍ നല്കിയ മൊഴിയെന്ന് കമ്മീഷന് അംഗം ഷിജി ശിവജി പറഞ്ഞു. പൊതു സമൂഹത്തിന്റെ ആശങ്ക കമ്മീഷനുമുണ്ട്. ആ അടിസ്ഥാനത്തിലാണ് വന്നത്.
പ്രണയിക്കാം, ഒരുമിച്ച് ജീവിക്കാം. പക്ഷേ റഹ്മാന് തെരഞ്ഞെടുത്ത രീതിയാണ് പ്രശ്നം. ഈ രീതി ശരിയായില്ല. അവര്‍ തെരഞ്ഞെടുത്ത രീതിയെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല. പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ ഈ രീതിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കമ്മീഷന് അംഗം ഷിജി ശിവജി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസ് ഒഴിവാക്കാമെന്ന് വനിതാ കമ്മിഷന് ഉറപ്പുനല്‍കിയതായി സജിത പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷവും റഹ്മാന്റെ മുറിയിലാണ് കഴിഞ്ഞതെന്നും അവര്‍ ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: