തിരുവനന്തപുരം: കൊവിഡ് ദേശീയ തലത്തില്‍ കുറയുമ്പോഴും കേരളത്തിലെ വ്യാപനം ഉയര്‍ന്നു തന്നെ. സംസ്ഥാനത്തെ മരണനിരക്കും ആശങ്കയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളുന്നു എന്നു വിലയിരുത്തല്‍. രാജ്യത്ത് 74 ദിവസത്തിനു ശേഷം ഏറ്റവും കുറഞ്ഞ രോഗസ്ഥിരീകരണമാണ് തിങ്കളാഴ്ച, 70,421 പോസിറ്റീവ്.
സംസ്ഥാനത്താകട്ടെ തിങ്കളാഴ്ച 7719 പേര് രോഗബാധിതരായി. ഇത് രാജ്യത്തെ ആകെ ദിനംപ്രതി പോസിറ്റീവ് കേസുകളുടെ 10.96 ശതമാനം വരും. രാജ്യത്തെ ആകെയുള്ള 9,73,158 സജീവരോഗികളില്‍ 1,13,817 പേര് കേരളത്തിലാണ് (ആകെ രോഗികളുടെ 11.65 ശതമാനത്തോളം). ലോക്ഡൗണിന് ശേഷം സംസ്ഥാനത്തെ പോസിറ്റീവ് ആകുന്നവരുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവില്ല.
ദേശീയ തലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.72 ആണ്. മൂന്ന് ആഴ്ചകളായി 10 ശതമാനത്തില്‍ താഴെ തുടരുകയാണ്. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെ 10 ശതമാനത്തില്‍ പോലും എത്തിയിട്ടില്ല. മൂന്ന് ദിവസത്തെ സംസ്ഥാനത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 12.7.
ചൊവ്വാഴ്ച 161 മരണങ്ങള് കൂടി സ്ഥിരീകരിച്ചു. ആഴ്ചകളായി 150ന് മുകളിലാണ് പ്രതിദിന മരണ നിരക്ക്. മുപ്പതു ദിവസം അടച്ചിട്ടിട്ടും പോസ്റ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിക്കാനാകാത്തത് ആശങ്കാജനകമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
നിലവില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ക്വാറന്റൈന് നിരീക്ഷണം പലപ്പോഴും കൃത്യമായി നടപ്പിലാക്കുന്നില്ല. പോസിറ്റീവ് ആകുന്നവര്‍ പരിശോധന കൂടാതെ 17 ദിവസം കഴിയുമ്പോള്‍ നെഗറ്റീവായി കണക്കാക്കാം എന്നാണ് സര്‍ക്കാര്‍ തീരുമാനം. 17 ദിവസം കൊണ്ട് നെഗറ്റീവ് ആകാത്തവരും ഇതോടെ പുറത്തിറങ്ങുന്നുണ്ട്. ഇത് രോഗം പടരുന്നതിനും കാരണമാകുന്നു. മാത്രമല്ല നിയന്ത്രണങ്ങള്‍ ശക്തമാക്കുമ്പോഴും ഇളവുകള്‍ വ്യാപകമായി നല്‍കുന്നത് അടച്ചിടലിന്റെ ഫലം കുറച്ചുവെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: