ഉദാത്തമായ ഗാഥാകാവ്യഗരിമയെ കൃഷ്ണ സന്തര്പ്പണത്തിലൂടെ ഉണര്‍ത്തിയെടുത്ത ആചാര്യ കവിയാണ് ചെറുശ്ശേരി നമ്പൂതിരി. നാരദ വീണയില്‍ നിന്ന് നാരായണ മന്ത്രങ്ങള്‍ പോലെ ചെറുശ്ശേരിയുടെ മാകന്ദ മഞ്ജരിയില്‍ വിടരുക കൃഷ്ണ ജീവനത്തിന്റെ മഹാഗാഥയാണ്. ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്കും കാതുകളില്‍ നിന്ന് കാതുകളിലേക്കും കൃഷ്ണപ്പാട്ട് നിറഞ്ഞൊഴുകുകയായിരുന്നു. ആവണിക്കുളിരില്‍ സന്ധ്യാ ദീപത്തിന്റെ ശാന്തി പ്രാര്‍ത്ഥനയായ് ഗാഥാ ശീലുകള്‍ നാടിന്റെ അകത്തളങ്ങളില്‍ നിറവുകളായി.
‘ഇന്ദിര തന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യില്‍ പരക്കയാലേ
പാലാഴി വെള്ളത്തില്‍
മുങ്ങി നിന്നീടുന്ന
നീലാഭമായുള്ള ശൈലം പോലെ’
ഉറക്കുപാട്ടല്ല, സ്നേഹഭക്തിയാല്‍ സാന്ദ്രമായ കൃഷ്ണഗാഥാ കാവ്യം മാനവതാപ്പൊരുളിന്റെ ഉണര്‍ത്തുപാട്ടാണ്. പാട്ടുകാവ്യചരിതവും മണിപ്രവാള കാലവും കടന്നെത്തുന്ന ഗാഥാകാവ്യസംസ്കൃതിയെ അന്നത്തെ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ ചരിത്രങ്ങളുടെ പശ്ചാത്തല സൂചനയിലൂടെ മൂല്യനിര്‍ണയം ചെയ്ത ഗവേഷകരാണ് ഉള്ളൂരും കൂട്ടരും. പതിനഞ്ചാം ശതകത്തിലെ ഉത്തരാര്‍ദ്ധമാണ് മഹാകാവ്യപ്പിറവിയെന്ന പൊതു സിദ്ധാന്തത്തിനപ്പുറം കവിയെയും കാലത്തെയും സൂക്ഷ്മവും സമഗ്രവുമായ രീതിയില്‍ സിദ്ധാന്ത നിര്‍ണയം നടത്തിയത് ചിറക്കല്‍ ടി. ബാലകൃഷ്ണന് നായരാണ്. കോലത്തുനാട്ടരചനായ ഉദയവര്‍മ്മന്റെ ആജ്ഞ പ്രകാരമാണ് കാവ്യരചനയെന്ന് ഗ്രന്ഥവരികള്‍ പ്രമാണമാണെങ്കിലും കൊല്ലവര്‍ഷം 621 മുതല്‍ 650 വരെയാണ് ഉദയവര്‍മ്മയുടെ ഭരണകാലമെന്ന് അദ്ദേഹം തെളിവേകുന്നു. സാമൂതിരിയുടെ പതിനെട്ടര കവികളിലൊരാളായ പൊനത്തില്‍ ശങ്കരന് നമ്പിടി (പുനത്തില്‍ ശങ്കരന് നമ്പൂതിരി) യാണ് കൃഷ്ണഗാഥയുടെയും ഭാഗവതഗാഥയുടെയും കര്‍ത്താവെന്ന് ചിറക്കല്‍ കണ്ടെത്തുന്നുണ്ട്.
ഗാഥ എന്നാല്‍ ഗാനം എന്നര്‍ത്ഥം. കൃഷ്ണ ജീവനകഥയുടെ ഉജ്ജീവനഗാഥയാണ് മാണ്‍പുറ്റ ഈ മഹാകാവ്യം. ഭാഗവതപ്രചുരമായ 47 കഥകള്‍ കാവ്യത്തിന്റെ ഭാവരാഗതാളം നിര്‍ണയിക്കുന്നു. ‘ഉന്തുന്തു’ പാടി കുഞ്ഞിനെ ഉറക്കാനായുള്ള തൊട്ടില്പ്പാട്ട് രാജാവിനെ ഉണര്‍ത്തിയതിനപ്പുറം മാനവ മാധവനെയും മാധവ മാനവനെയും സാക്ഷാത്കരിച്ച് മധ്യകാല മലയാളത്തിന്റെ ചിന്തുപാട്ടായി മാറി. ഭക്തി ജ്ഞാന കര്‍മ്മ യോഗ വൈഭവങ്ങളിലൂടെ ആദിബിംബത്തെ താരാട്ടിന്നീണങ്ങളില് പ്രതിഷ്ഠിക്കുന്ന കൃഷ്ണപ്പാട്ട് മാനവതയുടെ ധര്‍മ്മ പ്രഹേളികയായി പുരുഷാന്തരങ്ങളില്‍ പുണ്യപര്വം രചിക്കുന്നു. കൃഷ്ണാര്‍പ്പണത്തിന്റെ താരാട്ടിനപ്പുറം വിളിയേല്‍ക്കുന്ന ചെറുശ്ശേരി ഭാഗവതം തന്നെയാണ് പൂര്‍ണ്ണ പുണ്യാവതാരത്തിന്റെ ജീവനകലയില്‍ കൃഷ്ണാവബോധം പൊഴിക്കുന്ന മുരളീരവ സായൂജ്യം. ആത്മശുദ്ധിപ്രദവും ഭക്തിമുക്തി പ്രദമായ കാവ്യസരണിയാണ് ചെറുശ്ശേരിയെ ആവേശിക്കുക. ഗാഥാന്ത്യം കവി സ്വന്തം മുക്തിചിത്രം നെയ്തെടുക്കുന്നു. സാന്ദ്രാനന്ദമായ അവബോധത്തിലാണ് ചെറുശ്ശേരിയുടെ സച്ചിദാനന്ദം.
തുഞ്ചത്തെഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും കൃഷ്ണഗാഥയുടെ വായനാ സംസ്കൃതി കാവ്യാത്മാവില് ലയിപ്പിച്ചത് അതിലെ മാനവതാപ്രകാശത്തിലാണ.് സ്ത്രീകളുടെ പാരായണസംസ്കൃതിയിലും പാട്ടിന്റെ ഈ പാലാഴി ഒഴുകിയെത്തി.
പ്രേമം, ധര്‍മ്മം, ഭക്തി എന്നീ മൂല്യ സങ്കല്പ്പനങ്ങളാണ് ആത്മീയ-ഭൗതിക സ്രോതസ്സുകളായി ഗാഥാ ഹൃദയത്തില്‍ വളരുന്നത്. അദൈ്വതം, സ്ഥലം, കാലം, മൃത്യു, ആത്മാവ്, സംഗീതം, ലാവണ്യം, ഏകാത്മകത, പ്രകൃതി എന്നീ സാഹിതീയ ദര്‍ശനങ്ങള്‍ ചെറുശ്ശേരിയുടെ ആ സാരസ്വതവിദ്യ പരീക്ഷിച്ചറിയുന്നു. ആത്മവിദ്യയുടെയും ആത്മ സംലയനത്തിന്റെയും വിചാരധാരയാണത.് ‘ചെറുശ്ശേരിയുടെ എരിശ്ശേരിയിലെ കഷ്ണം ഇളക്കി നോക്കിയാല്‍ കാണാം’. മനുഷ്യന് തന്നെ ദര്‍ശനമായി മാറുകയാണ് ചെറുശ്ശേരിയില്‍.
വിശിഷ്ടാദൈ്വത ദര്‍ശനത്തിന്റെ മുരളികയാണ് ആ കാവ്യകല.
അര്‍ത്ഥ ശബ്ദാലങ്കാരാദികളിലൂടെയും ഔചിത്യദീക്ഷയുള്ള ശൈലീ സംരചനയിലൂടെയുമാണ് ആ സര്‍ഗ്ഗകലയുടെ സമ്പൂര്‍ണ്ണ രീതിശാസ്ത്രം വികസ്വരമാവുക. ചെറുശ്ശേരിയുടെ ശൃംഗാര സങ്കല്പം ഗാഥാവീഥിയുടെ കല്‍പ്പന കാല്പനിക മന്ദാരമാകുന്നു. തൈര് കലക്കുന്ന യശോദ, പ്രണയ സ്വരൂപന്റെ വേണുഗാനം, തുടങ്ങിയ രംഗങ്ങള്‍ വരികളായല്ല, വരകളായി വാര്‍ന്നു വീഴുന്നു. അസാധാരണമായ രചനാതന്ത്ര സംസ്കൃതിയുടെ സാന്ദ്രസൗഭഗമാണ് ആ വര്‍ണ്ണനകള്‍. ഗോവര്‍ദ്ധനോദ്ധാരണവും സൈരന്ധ്രീസംഗമവും ഗാഥാ രസികന്മാര്‍ക്ക് അമൃതരസമാണ.് ഫലിതത്തെ ഫലിത സംസ്കാരമാക്കുന്ന രസായന പ്രക്രിയയാണ് ചെറുശ്ശേരിച്ചിരി. ഉത്തരകേരളത്തിന്റെ തനി നാടന്‍ പ്രയോഗങ്ങളും വാക്കുകളും മഹാകവിക്ക് പ്രിയങ്കരമാണ്. ഉപമാസാരൂപ്യം ഉദാത്തമെങ്കിലും ഉല്‍പ്രേക്ഷയാണ് ചെറുശ്ശേരിയുടെ വര്‍ണരാജി. ഉല്പ്രേക്ഷാ മാലകള്‍ കൃഷ്ണചരിത വിഗ്രഹത്തിന് മാറ്റുകൂട്ടുന്നതു കൊണ്ടാവാം ‘ഉല്പ്രേക്ഷാ കൃഷ്ണഗാഥായാം’ എന്ന ചൊല്ല് പ്രചാരസിദ്ധി നേടുന്നത്.
കൃഷ്ണപ്പാട്ടിന്റെ മുരളീഗീതം മനുഷ്യത്വമെന്ന മതത്തെ ദര്‍ശന വിധേയമാക്കുന്നു. പൗരുഷ വ്യവഹാരത്തിനപ്പുറം സ്ത്രീത്വത്തെയും പെണ്മനസ്സിനെയും മനഃശാസ്ത്ര ദൃഷ്ട്യാ വ്യവഹരിക്കാനുള്ള പ്രതിഭയുടെ പ്രകാശം ചെറുശ്ശേരിക്ക് കരഗതമാണ്.
ഭാരതീയ സംസ്കൃതിയുടെ നൈതികമൂല്യവും പ്രണയസാരവും ആത്മ സ്വത്വാവബോധവും ഉദാര മാനവികതയും ജീവനമന്ദാരങ്ങളും ഗാഥയുടെ ശാന്തിഗീതമാണ്. മനുഷ്യമഹത്വവും ജീവിത കാമനയും സാമൂഹ്യ പരിപ്രേക്ഷ്യവും സ്വത്വാവബോധമാര്ജിച്ച് ചെറുശ്ശേരിയുടെ കാവ്യകല പ്രസാദാത്മകഥയുടെ സത്യ ശിവ സൗന്ദര്യം മുഴക്കുന്നു.
പാട്ട് -മണിപ്രവാള പ്രാചീന ഭാഷാ സങ്കലനത്തിന്റെ അവ്യവസ്ഥയില്‍ നിന്ന് ഭാഷയുടെ നിര്‍മ്മലവും ലാവണ്യാത്മകവുമായ പ്രാദേശിക ഭൂമികയിലേക്ക് മലയാളകവിതയെ ആനയിക്കുന്നത് ചെറുശ്ശേരിയാണ്. ഭാരതീയ ധര്മ്മപൊരുളിന്റെ അഗ്നിസ്തവമായ കൃഷ്ണഗാഥ സംസ്കാരത്തിന്റെ നവഭാവുകത്വമായി സൂക്ഷ്മകാലത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: