ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കെ ബ്രിട്ടണിലെ കോണ്‍വാളില്‍ രണ്ടുദിവസങ്ങളിലായി ചേര്‍ന്ന ജി 7 ഉച്ചകോടി പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. കൊവിഡ് വൈറസ് ചൈന രഹസ്യമായി നിര്‍മിച്ച ജൈവായുധമാണെന്ന ധാരണ ഇതിനകം ശക്തിപ്പെട്ടു കഴിഞ്ഞു. ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് സുതാര്യവും സമയോചിതവും ശാസ്ത്രീയവുമായ വിദഗ്ധ അന്വേഷണം വേണമെന്ന് ജി 7 രാജ്യത്തലവന്മാര് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടത് നിര്‍ണായകമാണ്. ഇതു സംബന്ധിച്ച സ്വതന്ത്രമായ അന്വേഷണത്തെ പല വിധത്തിലും തടസ്സപ്പെടുത്തുന്ന സമീപനം ചൈന സ്വീകരിക്കുന്നതില്‍ ലോകജനതയ്ക്ക് ആശങ്കയുണ്ട്. കൊവിഡ് മഹാമാരിക്കു പിന്നിലെ യഥാര്‍ത്ഥ വില്ലനായി കരുതപ്പെടുന്ന ചൈനയെ സംരക്ഷിച്ചുപോരുന്ന നയമാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സ്വീകരിച്ചുപോന്നത്. എന്നാലിപ്പോള്‍ അന്വേഷണവുമായി ചൈന സഹകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് ഗബ്രിയേസസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ജി 7 ഉച്ചകോടിയുടെ സമ്മര്‍ദ്ദഫലമാണിത്. വുഹാന്‍ വൈറസ് എന്ന അപരനാമത്തിലറിയപ്പെടുന്ന കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ചൈന പറയുന്ന കഥകളൊക്കെ പൊളിഞ്ഞിരിക്കെ ഇത് ഒരു ജൈവായുധമാണെന്ന നിഗമനത്തിലേക്ക് ലോകരാജ്യങ്ങള്‍ എത്തിച്ചേരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച അന്വേഷണം വേണമെന്ന ജി 7 ഉച്ചകോടിയുടെ ആവശ്യവും, ലോകാരോഗ്യ സംഘടനയ്ക്ക് അതിന് വഴങ്ങേണ്ടി വന്നിരിക്കുന്നതും സുപ്രധാന മാറ്റമായി കാണേണ്ടിയിരിക്കുന്നു.
അമേരിക്ക, ബ്രിട്ടണ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്, ഫ്രാന്‍സ് എന്നിവയുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയങ്ങളും നിര്‍ദ്ദേശങ്ങളും അംഗരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു എന്നത് എടുത്തുപറയേണ്ടതുണ്ട്. ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം, സ്വതന്ത്ര ചിന്ത എന്നിവയോട് ഭാരതത്തിനുള്ളത് ചരിത്രപരമായ പ്രതിബദ്ധതയാണെന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ജി 7 രാഷ്ട്രങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ഭാരതമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത് പ്രസക്തമാണ്. സ്വേച്ഛാധിപത്യ-ഭീകര ശക്തികളില്‍ നിന്ന് ഈ മൂല്യങ്ങള്‍ ഭീഷണി നേരിടുകയാണെന്നും പറയുകയുണ്ടായി. പേരെടുത്തു പറഞ്ഞില്ലെങ്കിലും ചൈനയ്ക്കു നേരെയാണ് മോദി വിരല്‍ ചൂണ്ടിയതെന്ന് വ്യക്തം. ചില ഭരണകൂടങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും, ഡാറ്റാ മോഷണത്തിലേര്‍പ്പെടുന്നതും, സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതും സ്വതന്ത്ര സമൂഹത്തിന്റെ നിലനില്‍പ്പിന് എതിരാണെന്നു പറഞ്ഞ മോദി, ഭയത്തില്‍നിന്നും അടിമത്തത്തില്‍നിന്നും ജനങ്ങള്‍ മോചിതരാവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടത് കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം പുലര്‍ത്തുന്ന ചൈനയെ മനസ്സില്‍വച്ചുകൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഉച്ചകോടിയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളുമൊക്കെ സ്വഭാവികമായും ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. ആഗോള തീരുമാനങ്ങള്‍ ഒരു ചെറു സംഘം അടിച്ചേല്‍പ്പിക്കുന്ന കാലം കഴിഞ്ഞെന്നും, ഐക്യരാഷ്ട്രസഭ നേതൃത്വം നല്കുന്ന ആഗോള വ്യവസ്ഥയെ മാത്രമേ അംഗീകരിക്കൂ എന്നുമാണ് ചൈന പ്രതികരിച്ചിട്ടുള്ളത്. തികഞ്ഞ ദുഷ്ടലാക്കോടെയാണ് ചൈന ഇതു പറയുന്നതെന്ന് ആഗോള സാഹചര്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാക്കാനാവും. ഐക്യരാഷ്ട്രസഭ, ലോകാരോഗ്യ സംഘടന എന്നിങ്ങനെ രാജ്യാന്തര വേദികളെ ഹൈജാക്കു ചെയ്യുന്ന രീതിയിലേക്ക് ചൈന മാറിയിരിക്കുന്നു. ഇതിന്റെ ബലത്തില്‍ ലോകത്തെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തിലാക്കാമെന്നാണ് ചൈന മോഹിക്കുന്നത്. ഭാരതത്തിനെതിരെ ചൈന രൂപപ്പെടുത്തിക്കൊണ്ടുവരുന്ന ബെല്‍റ്റ്-റോഡ് പദ്ധതിക്ക് ആ രാജ്യത്തിന്റെ സ്വാഭാവിക സഖ്യകക്ഷിയായ പാക്കിസ്ഥാനില്‍ പോലും തിരിച്ചടി നേരിടുകയാണ്. ഈ ചുവപ്പു സാമ്രാജ്യത്വ പദ്ധതിയില്‍നിന്ന് തുടക്കം മുതല്‍ തന്നെ ഭാരതം വിട്ടുനില്‍ക്കുന്നത് ചൈനയെ കുറച്ചൊന്നുമല്ല അമര്‍ഷം കൊള്ളിക്കുന്നത്. ബെല്‍റ്റ്-റോഡ് പദ്ധതിയില്‍ ചേര്‍ന്ന രാജ്യമാണ് ഇറ്റലി. ജി 7 ഉച്ചകോടിയില്‍ ഈ പദ്ധതിക്കെതിരെ ഇറ്റലിയും രംഗത്തുവന്നത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്. ചുരുക്കത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും ചൈന ഉയര്‍ത്തുന്ന ഭീഷണിക്കെതിരെയുള്ള ഉറച്ച ശബ്ദമാണ് ജി 7 ഉച്ചകോടിയില്‍ ഉയര്‍ന്നു കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: