‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചലച്ചിത്രം, കഴിഞ്ഞൊരു ദിവസം ഒരിക്കല്‍ക്കൂടി കണ്ടു. സത്യന് എന്ന അഭിനയ വിസ്മയം ഇന്നും കണ്മുന്നില് പൂര്‍ണ ജീവസ്സോടെ നില്ക്കുന്നതു പോലെ തോന്നി. മരണത്തിന്റെ കൈ പിടിച്ച് അദ്ദേഹം നടന്നു മറഞ്ഞിട്ട് വര്‍ഷങ്ങള്‍ അന്‍പത് കഴിഞ്ഞു എന്ന് അറിയാത്തതുകൊണ്ടല്ല. കാലത്തെ അതിജീവിച്ച ആ അഭിനയത്തികവിന് ഒരു പുതുപുത്തന്‍ സൃഷ്ടിയുടെ തിളക്കമുണ്ടായിരുന്നു. അതാണല്ലോ സത്യന് മാഷ് എന്ന സത്യന്റെ തലയെടുപ്പ്.
അര നൂറ്റാണ്ടിനിടെ സിനിമ എത്ര മാറി! അഭിനയ സങ്കല്‍പ്പങ്ങള്‍ മാറി. ആസ്വാദന രീതി മാറി. എന്നിട്ടും, സത്യന്റെ അഭിനയത്തില്‍ ഈ 50 വര്‍ഷത്തിന്റെ വിടവ് തീരെ കാണാനില്ല. ഈ നൂറ്റാണ്ടിലെ, ഈ കാലഘട്ടത്തിലെ അഭിനയ ശൈലിയാണ് അന്നു തന്നെ ആ നടനില്‍ കണ്ടത്. അഭിനയ ജീവിതത്തില്‍, കാലത്തിനും അരനൂറ്റാണ്ടുമുന്നേ സഞ്ചരിച്ച നടന്. കാലാതിവര്‍ത്തിയാണ് ആ അഭിനയ സിദ്ധി. നാടകീയത തൊട്ടുതെറിക്കാത്ത, സ്വാഭാവികത തുളുമ്പിനില്ക്കുന്ന ശൈലി.
ഇന്ന് 2021 ജൂണ്‍ 15. സത്യനേശന് എന്ന സത്യന്റെ അന്‍പതാം ചരമവാര്‍ഷിക ദിനം. 40-ാം വയസ്സില്‍ തുടക്കം. 19 വര്‍ഷം മാത്രം നീണ്ട ചെറിയ സിനിമാജീവിതം. അതിനിടെ 150 ലേറെ ചിത്രങ്ങള്‍. രണ്ട് സര്‍ക്കാര്‍ പുരസ്കാരങ്ങള്‍. ആത്മസഖിയിലൂടെ അരങ്ങേറ്റം. 59-ാം വയസ്സില്‍ തിരശീല. ഈ കാലയളവില്‍ പിറന്ന സത്യന്ചിത്രങ്ങള് മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ വാടാത്ത പൂക്കളാണ് ഇന്നും. ദിലീപ് കുമാറും രാജ്കപൂറും അശോക് കുമാറും അടക്കമുള്ളവരുടെ കാലം മുതലുള്ള സിനിമകള്‍ കണ്ടു പോന്നിട്ടുണ്ട്. താരങ്ങളും സൂപ്പര്‍ താരങ്ങളും മെഗാതാരങ്ങളുമുണ്ടാകാം. പക്ഷേ, സത്യന് നടനായിരുന്നു, നൂറു ശതമാനവും. താരപരിവേഷത്തിന് അപ്പുറം ജ്വലിച്ചു നില്ക്കുന്ന നടന ചാരുത.
വൈവിധ്യങ്ങളുടെ കലവറയായിരുന്നു സത്യന്റെ ചലച്ചിത്ര ലോകം. കരുത്തും താന്‍പോരിമയും നേര്‍രൂപം പൂണ്ടവരായിരുന്നു മുടിയനായ പുത്രനിലെ രാജനും ആദ്യകിരണങ്ങളിലെ കുഞ്ഞൂട്ടിയും കരകാണാക്കടലിലെ തോമ്മായും അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനും. കടപ്പുറത്തെ മുക്കുവക്കുടിയില്‍ നിന്ന് ഇറങ്ങി വന്നപോലെ ചെമ്മീനിലെ പളനി. പകല്ക്കിനാവില്, പ്രതിനായകന്റെ സ്വഭാവത്തോടെയുള്ള നായകന്, വടക്കന്‍ പാട്ടില്‍ നിന്നു ജീവന് ഉള്‍ക്കൊണ്ടപോലെ തച്ചോളി ഒതേനനും പാലാട്ടു കോമനും ഉണ്ണിയാര്ച്ചയിലെ ആരോമല്‍ ചേകവരും. ശകുന്തളയിലെ കണ്വമഹര്‍ഷി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ പടനായകനായി പഞ്ചവന്‍കാട്ടിലെ അനന്തക്കുറുപ്പ്. പിടവാശിക്കാരന് കാരണവരായി കടല്‍പ്പാലത്തിലെ നാരായണക്കൈമള്‍, ഓടയില്‍ നിന്നിലെ പപ്പു, കരിനിഴലിലെ കേണല്‍ കുമാര്‍, രസികനും സംശയരോഗിയുമായ വാഴ്വേമായത്തിലെ സുധി, അശ്വമേധത്തിലെ ഡോക്ടര്‍, യക്ഷിയിലെ പ്രഫസര്‍… വൈവിധ്യത്തിന്റെ പൂര്‍ണതയാണ് ആ കലാജീവിതം. അതിന്റെ ഉത്തുംഗമായിരുന്നു അണയുംമുന്‍പുള്ള ആളിക്കത്തല്‍ പോലെ അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്റെ അവതരണം.
കഥകളി അരങ്ങിലെ കലാമണ്ഡലം കൃഷ്ണന് നായര്‍ ആയിരുന്നു സിനിമയിലെ സത്യന്. അയത്നലളിതമായി പൊടുന്നനെ മുഖത്തുവിടരുന്ന ഭാവങ്ങളിലൂടെ പ്രേക്ഷകരുമായി സംവദിച്ചു. ചലനങ്ങളില്‍ പോലും കഥാപാത്രം നിറഞ്ഞുനിന്നു. പാത്രമനസ്സിന്റെ ആഴംവരെ ആസ്വാദകര്‍ക്കായി തുറന്നു കാണിച്ചു. അഭിനയ കലയില്‍ അങ്ങനെ പൂര്‍ണത ആര്‍ജിച്ചു ഇരുവരും. റിക്ഷാക്കാരനായും തനി റൗഡിയായും കാമുകനായും കാരണവരായും തൊഴിലാളിയായും സത്യന് പരകായ പ്രവേശം ചെയ്തു. കരുത്തുറ്റ കഥാപാത്രങ്ങള്‍ ആ കൈകളില്‍ കൂടുതല്‍ ഭദ്രമായി.
കരുത്തും ദൃഢനിശ്ചയവും അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും പുലര്‍ത്തിപ്പോന്നു. ഹജൂര്‍ കച്ചേരി ഗുമസ്തനും എസ്ഐയും പട്ടാളക്കാരനുമായി ഔദ്യോഗിക ജീവതം കടന്നാണ് സിനിമാ ലോകത്തേയ്ക്കു വന്നത്. ചെയ്യുന്ന ജോലിയില്‍ നൂറുശതമാനം ആത്മാര്‍ഥത എന്ന നിര്‍ബന്ധം എല്ലാമേഖലയിലും പ്രകടമാക്കുകയും ചെയ്തു. അതില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമുണ്ടായിരുന്നു.
തന്റേടി ആയിരിക്കുമ്പോഴും നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നില്ല സത്യന് എന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയാറുണ്ട്. അതിന്റെ ആവശ്യവുമില്ല. സത്യന് സാര്‍ വന്നാല്‍, പറയാതെ തന്നെ, സെറ്റ് ആകെയൊന്ന് ഇളകി ഉറയ്ക്കും. നിശ്ശബ്ദത തളംകെട്ടും. പിന്നെ അടക്കം പറച്ചില് മാത്രം. എല്ലാത്തിനും ഒരു ചിട്ട കൈവരും. അതൊരു സിദ്ധിയാണ്. ചിലരില്‍ നിന്നു പ്രസരിക്കുന്ന ഒരു അപൂര്‍വ ശക്തി. ആരും അതിന്റെ മാസ്മര വലയത്തില്‍ പെട്ടുപോകും. ഗുരുവായൂര്‍ കേശവന് വന്നാല്‍ ആനപ്പന്തിയില്‍ ഒരു അടക്കം കൈവരുമായിരുന്നെന്നു കേട്ടിട്ടുണ്ട്. ഒരു കാരണവര്‍ കയറി വന്ന പ്രതീതി.
അഭിനയജീവിതത്തിലെ കരുത്ത് സ്വജീവിതത്തിലും പുലര്‍ത്തിയ സത്യന്, ജീവിതസഖിയെ കണ്ടെത്തുന്ന കാര്യത്തില്‍ അച്ഛനുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ആ സമരം വര്‍ഷങ്ങളോളം നീണ്ടു. അവസാനം സത്യന് തന്നെ ജയിച്ചു. അങ്ങനെ മുറപ്പെണ്ണുകൂടിയായ ജെയ്സി സഹധര്‍മിണിയുമായി.
ഇതേ വാശിതന്നെയാണ് കടല്‍പ്പാലത്തിലെ കാരണവരായ നാരായണ കൈമളായും അച്ഛനെ എതിര്‍ക്കുന്ന മൂത്തമകനായും ഇരട്ടവേഷത്തില്‍ സത്യന് അവതരിപ്പിച്ചത്. തന്നെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന രക്താര്‍ബുദത്തോട് പോലും പൊരുത്തപ്പെടാന്‍ ആ മനസ്സു കൂട്ടാക്കിയില്ല. താന്‍ ക്ഷീണിതനാണെന്ന് അംഗീകരിക്കാനും തയ്യാറില്ലായിരുന്നു. അതുകൊണ്ടു തന്നെ സെറ്റില്‍ ഡ്യൂപ്പുകളെ വയ്ക്കാന്‍ സമ്മതിച്ചുമില്ല. സംവിധായകന് സേതുമാധവനോട് ഏറെ സ്നേഹവും ബഹുമാനവുമായിരുന്നെങ്കിലും ഡ്യൂപ്പിന്റെ കാര്യത്തില്‍ സത്യന് വഴങ്ങിയിരുന്നില്ല. വാഴ്വേമായത്തിന്റെ സെറ്റില്‍ വച്ചാണ് രോഗം ആദ്യം സത്യനെ വീഴിച്ചത്. ആ തലകറക്കവും വീഴ്ചയും പക്ഷേ, ഇത്ര ഭീകരമായ രോഗത്തേക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നില്ല. അത് അറിയുമ്പോഴേയ്ക്കും കാര്യങ്ങള്‍ മിക്കവാറും കൈവിട്ടു പോയിരുന്നു. ചികില്‍സയ്ക്കുപോലും, കരാര്‍ ചെയ്ത പടങ്ങള്‍ തീര്‍ത്തിട്ട് എന്ന കര്‍ക്കശ നിലപാടിലായിരുന്നു അദ്ദേഹം. ആ കരാറുകള്‍ എല്ലാം തന്നെ തീര്‍ത്തു. പക്ഷേ, സത്യന് അറിയാതെ രോഗം ഒരു കരാര്‍ തയ്യാറാക്കിയിരുന്നു.
ഇടയ്ക്കിടെ ശല്യപ്പെടുത്താന്‍ വന്ന രോഗത്തോട്, വാഴ്വേ മായത്തിലെ സുധിയുടെ ശൈലിയില്‍ പറഞ്ഞിട്ടുണ്ടാവും ‘ഓ… തിരക്കൊന്നുമില്ല. ഒരാഴ്ച്ച കഴിഞ്ഞു വന്നാലും മതി ‘ എന്ന്. അവസാനം അസുഖത്തിന്റെ നീരാളിക്കൈകളില്‍ അമര്ന്നപ്പോള്, അടിമകളിലെ അപ്പുക്കുട്ടന് ശൈലിയില്‍ പറഞ്ഞിരിക്കാം: ‘നിനക്ക് വേണോ? എന്നാല്‍ കൊണ്ടുപോയ്ക്കോ ‘ എന്ന്. മരണം അത് അനുസരിച്ചപ്പോഴും സത്യന് അക്ഷോഭ്യനായിരുന്നിരിക്കാം. പക്ഷേ, മലയാളികളേയും മലയാള സിനിമയേയും അതു വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഇന്ന് അരനൂറ്റാണ്ട് പിന്നിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: