തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആശുപത്രിക്ക് മുന്നില്‍ മീന്‍വ്യാപാരം. കേരളാ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ പനച്ചമൂട്ടിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആശുപത്രിക്ക് മുന്നില്‍ തന്നെ മീന്‍ വില്‍പ്പന നടത്തുന്നത്. പരിസര പ്രദേശത്ത് നിന്നും നിരവധിപേര്‍ ദിനംപ്രതി ചന്തയില്‍ എത്തുന്നത് രോഗവ്യാപന സാധ്യതകള്‍ കൂട്ടുന്നുവെന്നാണ് നാട്ടുകാരുടെ ആശങ്ക.
തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തും തമിഴ്നാട്, കന്യാകുമാരി ജില്ലയിലെ പുലിയൂര്‍ശാല പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് പനച്ചമൂട്. അതിനാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇരുസംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധിപേരാണ് മീന്‍ ചന്തയില്‍ എത്തുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന വില്‍പ്പന രണ്ടുമണിക്കൂര്‍ മാത്രമാണ് നീണ്ടു നില്‍ക്കുന്നത്. അതിനാല്‍ തന്നെ നിരവധിപേരാണ് ചന്തയില്‍ തിക്കുംതിരക്കിലും മീന്‍ വാങ്ങനായി എത്തുന്നത്. വ്യാപാരം കൊവിഡ് രോഗികളെ അടക്കം പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിലായിട്ടുകൂടി അധികൃതര്‍ മൗനംപാലിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
കേരളത്തിലെ വെള്ളറട സ്റ്റേഷന് പരിധിയിലാണ് തത്വത്തില്‍ കച്ചവടം നടത്തുന്നത്. ചന്ത ആരംഭിക്കുന്ന കുറച്ച് സമയത്തേക്ക് മാത്രമാണ് പോലീസ് തിരക്ക് നിയന്ത്രിക്കാന്‍ നില്‍ക്കുന്നത്. തമിഴ്നാട് പോലീസ് അഞ്ചുമിനിട്ട് നേരത്തെ അനൗണ്‍സ്മെന്റിലൂടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിപ്പിക്കും. അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കണമെന്നും രോഗവ്യാപനം രൂക്ഷമാകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഇരുഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: