തിരുവനന്തപുരം: മലയാളി ഡോക്ടര്‍ ശാരിക സരസിജയ്ക്ക് കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ മകളായ ശാരിക ഇപ്പോള്‍ ഒട്ടാവ സര്‍വകലാശാലയില്‍ പോസ്റ്റ്ഡോക്ടറല്‍ ഫെലോ ആണ്. അല്‍ഷിമേഴ്സ് രോഗത്തില്‍ ജി-പ്രോട്ടീന്‍ കപ്പിള്‍ഡ് റിസപ്റ്ററുകളുടെ പങ്ക് നിര്‍ണ്ണയിക്കുന്നതിനുള്ള പഠനത്തിനാണ് മൂന്ന് വര്‍ഷത്തെ ഫെലോഷിപ്പ്.
2005 ല്‍ അമേരിക്കയിലെ ഫീനിക്സില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രീ-കോളേജ് സയന്‍സ് കോണ്‍ഫ്രന്‍സായ ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 7 ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ശാരിക. തുടര്‍ന്ന് ഫുള്‍ ട്യൂഷന് സ്കോളര്‍ഷിപ്പോടെ ന്യൂയോര്ക്ക്ആല്ബാനി കോളേജ് ഓഫ് ഫാര്‍മസി ആന്‍ഡ് ഹെല്‍ത്ത് സയന്‍സസില്‍ നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ ബിരുദം നേടി.
അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തി ബയോമെഡിക്കല്‍ സയന്‍സസില്‍ പിഎച്ച്ഡിയും നേടി. ഡോ. ശാരികയുടെ പ്രബന്ധങ്ങള്‍ ജനിറ്റിക്സ്, ഇലൈഫ്, ഏജിംഗ് സെല്‍ തുടങ്ങിയ പ്രശസ്ത ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും വിവിധ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തു.
കേരള പിഡബ്ല്യുഡി റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സരസിജയാണ് അമ്മ. സുകൃത് കൃഷ്ണകുമാര്‍ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: