ആലത്തൂര്‍: കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസിനെതിരെ സിപിഎം നേതാക്കളുടെ കൊലവിളി. ആലത്തൂരില്‍ കയറിയാല്‍ കാല്വെട്ടുമെന്നുള്പ്പെടെ ഭീഷണി മുഴക്കിയ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എ. നാസര്‍, പഞ്ചായത്തംഗം നജീബ്, കണ്ടാലറിയാവുന്ന മറ്റ് ഏഴുപേര്‍ക്കുമെതിരെ എംപിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
‘സ്ത്രീകളെ ആദരിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജന്മദിനത്തില് തന്നെ ആധുനിക കമ്മ്യൂണിസ്റ്റുകാരന് അവന്റെ തനിനിറം പുറത്തെടുത്തു. ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങിനെ പെരുമാറണം എന്നുപോലും അറിയാത്ത രീതിയിലേക്ക് ഇടതുപക്ഷക്കാര്‍ മാറിക്കഴിഞ്ഞോ?ആലത്തൂര്‍ കയറിയാല്‍ കാലുവെട്ടും എന്നാണ് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്പ്രസിന്റിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിന് മുതിരും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയില്‍ മുന്നോട്ട് പോകുമ്പോള്‍ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാന്‍ തന്നെയാണ് തീരുമാനം,’ രമ്യാ ഹരിദാസ് ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.
ആലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. പഞ്ചായത്തംഗം എംപിയെ അധിക്ഷേപിക്കുന്ന വിധം സംസാരിക്കുന്നതിനിടയിലാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് എംപി റോഡില്‍ കുറെ നേരം കുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപും എംപിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: