മാവേലിക്കര: മലയാളികളുടെ മാതൃഭാഷ വിദ്യാലയങ്ങളില്‍ നിന്ന് പടിയിറങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ അപേക്ഷിച്ച് മലയാളം പഠിക്കാന്‍ പകുതിയോളം കുട്ടികളേ ഇത്തവണ ചേര്‍ന്നിട്ടുള്ളൂ. സംസ്ഥാനത്തെ കേന്ദ്ര സിലബസിലുള്ള വിദ്യാലയങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും മലയാളം പഠിക്കാന്‍ കുട്ടികളില്ലാത്ത അവസ്ഥയാണ്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലാകട്ടെ 35 മുതല്‍ 45 വരെ കുട്ടികള്‍ പഠിക്കുമ്പോഴാണ് മാതൃഭാഷയായ മലയാളത്തിന് ഈ ദുരവസ്ഥ.
മലയാളത്തോട് താല്‍പ്പര്യമുള്ള ചില അധ്യാപകര്‍, മലയാളത്തിന്റെ സവിശേഷതകള്‍ പറഞ്ഞും മലയാള കവിതകള്‍ ഇമ്പമോടെ ചൊല്ലിയും കുട്ടികളെ ആകര്ഷിക്കുന്നുണ്ടെങ്കിലും മലയാളം പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തുലോം കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ പല സ്കൂളുകളില്‍ നിന്നും മലയാളം മീഡിയം അപ്രത്യക്ഷമാകും. ഈ അധ്യായന വര്‍ഷം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളില്‍ നിന്നും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്ക് നിരവധി കുട്ടികളാണ് പ്രവേശനം നേടിയത്. എന്നാല്‍ 99 ശതമാനം വിദ്യാര്‍ത്ഥികളും തെരഞ്ഞെടുത്തത് ഇംഗ്ലീഷ് മീഡിയമാണ്.
മലയാളം ഡിവിഷനില്ലാത്തത് അധ്യാപകരുടെ നിയമനത്തേയോ നിലനില്‍പ്പിനേയോ ബാധിക്കാത്ത കാര്യമായതിനാല്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. മിക്ക വിദ്യാലയങ്ങളിലും ഡിവിഷന് കുറയാതിരിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. അധ്യാപകര്‍ക്ക് നിലനില്‍ക്കാനുള്ള കുട്ടികള്‍ ഉണ്ടോയെന്ന കണക്കുകളാണ് പ്രാഥമികമായി എടുക്കുന്നത്. അല്ലാതെ എത്ര മലയാളം ഡിവിഷനുകളുണ്ടെന്നോ, അവയില്‍ എത്ര കുട്ടികളുണ്ടെന്നോ നോക്കാറില്ല. മലയാളം ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചിരിക്കുന്ന കേരളത്തില്‍ മാതൃഭാഷാ പഠനം ഇല്ലാതാകുന്നത് ഭാഷാസ്നേഹികള്ക്കിടയില് വലിയ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: