തിരുവനന്തപുരം: അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ ഹിറ്റായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ മീടു ആരോപണത്തിലൂടെ ഉയര്‍ന്നത് ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍. വുമെന്‍ എഗൈന്‍ഡസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വേടനെതിരേ ആരോപണം ഉയര്‍ന്നത്.
വേടനെതിരേ ഉയര്‍ന്ന ആരോപണം സംബന്ധിച്ച പോസ്റ്റ്-
വേടന്‍ എന്ന റാപ്പറെപ്പറ്റി ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ മോശം അനുഭവം പങ്ക് വെച്ചിരിക്കുന്നു. ഇദ്ദേഹം പ്രസിദ്ധനായ ഒരു കലാകാരനായതുകൊണ്ടും കുറെ ആരാധകരുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു പ്ലാറ്റ്‌ഫോമിലൂടെ കാര്യം പറയുന്നത്. വേടനുമായി ഇടപെട്ടിട്ടുള്ള സ്ത്രീകള്‍ താഴെ പറയുന്ന മോശം അനുഭവങ്ങള്‍ പങ്ക് വയ്‌ക്കാന്‍ ആഗ്രഹിക്കുന്നു.
* ‘സ്‌ക്വര്‍ട്ട് ചെയ്ത് തരട്ടെ?’ എന്നുള്ള ചോദ്യങ്ങള്‍ സാധാരണ സംസാരത്തിനിടയില്‍ അല്ലെങ്കില്‍ പരിചയപ്പെട്ട് കഴിഞ്ഞാലുടന്‍ ചോദിക്കുക
* മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്‌സിന് വേണ്ടി സമീപിക്കുക (ഉമ്മ വയ്‌ക്കാന്‍ പോലും താല്‍പര്യമില്ല എന്ന് പല തവണ വ്യക്തമാക്കിയതിന് ശേഷവും)
* സെക്ഷ്വല്‍ ആയ ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക.
* സെക്‌സ് ചെയ്യുമ്പോള്‍ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിര്‍ത്താതെ കൂടുതല്‍ വേദന ഉണ്ടാകുന്ന തരത്തില്‍ തുടരുക
* തങ്ങള്‍ തമ്മില്‍ സെക്‌സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക
* സെക്ഷ്വല്‍ റിലേഷന്‍ഷിപ്പില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകള്‍ സുഹൃദ്വലയങ്ങളില്‍ പ്രചരിപ്പിക്കുക.
ഇതു വന്‍ വിവാദമായതോടെ വിഷയത്തില്‍ മാപ്പ് ചോദിക്കുന്നതായി വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാളം റാപ്പര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. വോയ്‌സ് ഓഫ് വോയ്‌സ് എന്ന പേരില്‍ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാന്‍ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് വിമണ്‍ എഗെയിന്‍സ്റ്റ് സെക്ച്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
‘തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഞാന്‍ ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്ന് ഞാന്‍ ഒരുപാട് ഖേദിക്കുന്നുണ്ട്. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാം വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു’ വേടന്‍ കുറിച്ചു.
‘തുറന്നു പറയുന്ന സ്ത്രീയ്‌ക്ക്, അതേത്തുടര്‍ന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെതിരിച്ചറിയാതെ ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു. എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം. വന്നിടത്തേക്ക് തന്നെ മടങ്ങുമായിരിക്കാം. അറിയില്ല. സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാന്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്, മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നും വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മാപ്പു പറഞ്ഞതിനു പിന്നാലെ ഹിരണ്‍ ദാസ് മുരളിക്കെതിരെ(വേടന്‍) നടി രേവതി സമ്പത്ത്. സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ രേവതി സമ്പത്ത് പറഞ്ഞു.
ട്രാപ്പിലാകും എന്ന് അറിഞ്ഞത് കൊണ്ടാണ് വേടന്‍ മാപ്പ് പറഞ്ഞതെന്നും അല്ലെങ്കില്‍ ആദ്യം തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞ് വരില്ലായിരുന്നെന്നും രേവതി പറഞ്ഞു. സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ വേടന്റെ പോസ്റ്റിന് താഴെ കമന്റിടുന്നവര്‍ സെക്ഷ്വല്‍ അബ്യൂസിനെ പ്രോത്സാഹിപ്പിക്കുകയാണ്. സെക്ഷ്വല്‍ അബ്യൂസ് നടത്തി തിരച്ചറിവ് ലഭിച്ചു എന്ന് പറയുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. ഒരുപാട് ഹിരണ്‍ ദാസ് മുരളിമാരുള്ള ലോകത്താണ് താനടക്കമുള്ള സ്ത്രീകള്‍ ജീവിച്ചുപോകുന്നതെന്നു രേവതി പറഞ്ഞു. അദ്ദേഹം അര്‍ഹിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും രേവതി കൂട്ടിച്ചേര്‍ത്തു
‘വേടനെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളല്ല. പാട്ടുകളിലൂടെ മാത്രമാണ് അദ്ദേഹത്തെ അറിയുന്നത്. അദ്ദേഹം ഒരു ക്രിമിനല്‍ ആണെന്നറിയാതെയായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്തത്. ഈ വിഷയം ചര്‍ച്ചയായത് മുതല്‍ വീഡിയോ താന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള വിസിബിലിറ്റിയും ഇങ്ങനെയുള്ള ക്രിമിനല്‍സിന് കൊടുക്കേണ്ട ആവശ്യമില്ല. അയാള്‍ ഒരു സെക്ഷ്വല്‍ ക്രിമിനലാണ്,’ രേവതി സമ്പത്ത് പറഞ്ഞു. സെക്ഷ്വല്‍ അബ്യൂസിനെ അതിജീവിച്ച മുഴുവന്‍ സ്ത്രീകള്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നതായും രേവതി പറഞ്ഞു.
അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ഫ്രം എ നേറ്റീവ് ഡോട്ടര്‍ നിര്‍ത്തി വച്ചു.വീഡിയോയുടെ ഭാഗമായ റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.ഇന്‍സ്റ്റഗ്രാമിലൂടെ മുഹ്‌സിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍ എന്നീ സംഗീത ആല്‍ബങ്ങളുടെ തുടര്‍ച്ച ആയാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍ ഒരുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ നിര്‍ത്തി വയ്‌ക്കുകയാണ്. അതിക്രമത്തെ അതിജീവി്ചചവരേയും ആല്‍ബത്തിന്റെ ഭാഗമായവരെയും തീരുമാനം അറിയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ഗുരുതരം ആയതിനാല്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്‌സിന്‍ പരാരി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: