കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് ലക്ഷം രൂപ വില വരുന്ന വീഡിയോ ലാറിംജോ സ്കോപ്പ് കാണാതായ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യല്‍ തുടരുന്നു. അനസ്തേഷ്യ രോഗികള്‍ക്കും കോവിഡ് ബാധിതര്‍ക്കും അടിയന്തിര ചികിത്സ നല്കാന് ഉപയോഗിക്കുന്ന ഉപകരണമാണ് വീഡിയോ ലാറിംജോ സ്കോപ്പ്.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. അജിത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ലാറിംജോ സ്കോപ്പ് നഷ്ടപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടയുടനെ അനസ്തേഷ്യ വിഭാഗം മേധാവി വിവരം അറിയിച്ചതായും ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും സാധ്യത തെളിഞ്ഞു.
അതിനിടെ പരിയാരം പോലീസ് അന്വേഷണം ശക്തമാക്കി. എസ്ഐ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് തീയറ്ററിലെ ജീവനക്കാരെ ചോദ്യം ചെയ്തു. ഓപ്പറേഷന് തീയറ്ററിലുള്ളവരും പോലീസിന്റെ സംശയ നിഴലിലാണ്. ഇവരറിയാതെ ലാറിംജോ സ്കോപ്പ് പുറത്തെത്തിക്കാനാവില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഏഴ് ലക്ഷം രൂപ വില വരുന്ന ലാറിംജോസ്കോപ്പ് വളരെ എളുപ്പം ആശുപത്രിക്ക് പുറത്തെത്തിക്കാവുന്ന ചെറിയ ഉപകരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: