തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മരംമുറി മാഫിയയ്ക്ക് കോടികള്‍ കൊയ്യാന്‍ അവസരമൊരുക്കിയതിനു പിന്നില്‍ ആസൂത്രിത നീക്കം. ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരും മന്ത്രിയുടെ ഓഫീസിലെ പ്രമുഖനും വയനാട്ടില്‍ മരംമുറി മാഫിയയുമായി ബന്ധമുള്ളവരെ സന്ദര്‍ശിച്ചു. വിവാദ ഉത്തരവ് അടിസ്ഥാനമാക്കി മരംമുറിക്കാനാവില്ലെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും വനം, റവന്യു വകുപ്പുകള്‍ ഒന്നരമാസക്കാലം ഈ വിധി കണ്ടില്ലെന്ന് നടിച്ച് വനം മാഫിയയ്ക്ക് സൗകര്യമൊരുക്കി.
വിവാദ ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന് ഏപ്രില്‍ മാസത്തില്‍ മുട്ടില്‍ മരംമുറി കേസില്‍പ്പെട്ടവരെ കണ്ടിരുന്നുവെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒരു മന്ത്രിയുടെ ഓഫീസിലെ പ്രധാനി വിവാദ മരംമുറി നടക്കുന്ന സമയത്ത് വയനാട്ടിലുണ്ടായിരുന്നു. തൃശൂരില്‍ മരംമുറിക്ക് പാസ് അനുവദിക്കുന്നതിന് തടസം നിന്നതിന്റെ പേരില്‍ തൃശൂര്‍ ഡിവിഷനില്‍ പട്ടിക്കാട് റേഞ്ചില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഡിഎഫ്ഒയുടെ എതിര്‍പ്പു മറികടന്നു പോലും സ്ഥലംമാറ്റി. മുന്‍ എംഎല്‍എയുടെ ഇടപെടലിലായിരുന്നു ഇത്.
ലോകത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് ഊര്‍ജിത പരിഗണന നല്‍കേണ്ടതില്‍ ഏഴാം സ്ഥാനത്തുനില്ക്കുന്ന പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന ഏഴു ശതമാനം വരുന്ന വനമേഖലയോടടുത്ത് സ്ഥിതിചെയ്യുന്ന പരിസ്ഥിതിസംരക്ഷണ മേഖലയിലുള്‍പ്പെടുന്ന റിസര്‍വ് ഭൂമിയിലടക്കമുള്ള മരങ്ങള്‍ വന്‍തോതില്‍ മരംമാഫിയയ്ക്ക് മുറിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിനെ പോലും പൂഴ്ത്തിവയ്ക്കാന്‍ ഉന്നതര്‍ തയാറായി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരംമുറിക്ക് അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി 2020 ഡിസംബര്‍ 15ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്. ഈ വിധിയുണ്ടായിട്ടുണ്ടെന്നും വിവാദ ഉത്തരവ് റദ്ദാക്കിയത് ഫെബ്രുവരി രണ്ടിന്റെ തീയതി വച്ച് ഫെബ്രുവരി അഞ്ചിനും.
തൊടുപുഴ ഉടുമ്പന്നൂരിലെ ഏഴു പേര് തങ്ങളുടെ ഭൂമിയില്‍ നിന്നും മരംമുറിക്കാന്‍ നല്കിയ അപേക്ഷയില്‍ കോതമംഗലം ഡിഎഫ്ഒ പി.ആര്. സുരേഷ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് അപേക്ഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷകരില്‍ രണ്ടു പേരുടെ ഭൂമി 1977 ജനുവരി 1 ന് മുമ്പ് വനഭൂമി കൈയേറിയത് സാധൂകരിച്ച് നല്കിയ പട്ടയഭൂമിയായിരുന്നു. കാലങ്ങളായി കൈവശം വയ്ക്കുന്ന ഭൂമിയാണെന്നും തൊട്ടടുത്ത പട്ടയമേളയില്‍ പട്ടയംലഭിക്കുമെന്നും മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരം മുറിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ 1964ലെ ഭൂ പതിവുചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ സര്‍ക്കുലറുകളിലൂടെയോ ഉത്തരവുകളിലൂടെയോ വെള്ളം ചേര്‍ക്കാനാവില്ലെന്നു പറഞ്ഞ കോടതി പട്ടയം ലഭിക്കുന്നവര്‍ പട്ടയവ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കക്ഷിയായി ഇങ്ങനെ ഒരു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉടനടി വിവാദ ഉത്തരവനുസരിച്ചുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ വനംവകുപ്പോ റവന്യു വകുപ്പോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. വേണ്ടപ്പെട്ടവര്‍ക്ക് മരങ്ങള്‍ മുറിച്ചുമാറ്റാനും മുറിച്ചുമാറ്റിയവ കടത്താനും വീണ്ടും ഒന്നരമാസം കൂടി ഉന്നതര്‍ അനുവദിച്ചുനല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: