സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളില്‍ ബെല്‍ജിയത്തിന് അനായാസ വിജയം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പറായ ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ എല്ലാമത്സരങ്ങളിലുമായി ബെല്‍ജിയത്തിന്റെ അപരാജിത കുതിപ്പ് പത്തായി . അവസാന കളിച്ച മുപ്പത്തിയൊന്ന് മത്സരങ്ങളിലും ബെല്‍ജിയം ഗോളുകളും നേടി.
മീഡ്ഫീല്‍ഡിലെ കരുത്തന്‍ കെവിന്‍ ഡി ബ്രൂയിന്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവം ബെല്‍ജിയത്തെ ബാധിച്ചില്ല. റഷ്യക്കെതിരെ തുടക്കം മുതല്‍ അവര്‍ തകര്‍ത്തുകളിച്ചു. പത്താം മിനിറ്റില്‍ ഗോളും നേടി. റഷ്യന്‍ പ്രതിരോധ താരം ആന്ദ്രെ സെംയോനോവിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് തടയാനുള്ള ഈ പ്രതിരോധ താരത്തിന്റെ ശ്രമം പാഴായി. ചാടിവീണ ലുകാകു അവസരം മുതലാക്കി പന്ത് വലയിലേക്ക്് തിരിച്ചുവിട്ടു.
മുപ്പത്തിനാലാം മിനിറ്റില്‍ ബെല്‍ജിയം രണ്ടാം ഗോളും നേടി. തോമസ് മ്യൂനിയറാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്‌ക്ക് ബെല്‍ജിയം 2-0 ന് മുന്നിട്ടുനിന്നു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ലുകാകു രണ്ടാം ഗോളിലൂടെ ബെല്‍ജിയത്തിന് 3- 0 ന്റെ വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ബെല്‍ജിയം ഗ്രൂപ്പ് ബിയില്‍ മൂന്ന്് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഫിന്‍ലന്‍ഡിനും മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യതാസത്തില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: