തിരുവനന്തപുരം: ആദ്യ ലോക്ഡൗണ്‍ സമയത്ത് സിഎഫ്എല്‍ടിസികളിലും അന്തേവാസികള്‍ക്കും ഭക്ഷണം നല്‍കിയതിന് കുടുംബശ്രീക്ക് തിരുവനന്തപുരം നഗരസഭ പണം അനുവദിച്ചതില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. ഒരേ ആവശ്യത്തിന് പണം നല്‍കിയത് രണ്ട് തവണ. കൗണ്‍സില്‍ യോഗങ്ങളുടെ അജണ്ട 48 മണിക്കൂറിനകം അംഗങ്ങള്‍ക്ക് ലഭിക്കണമെന്നിരിക്കെ മെയ് 26ന് കൂടിയ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട ലഭിച്ചത് കഴിഞ്ഞ ദിവസം. അജണ്ട വ്യക്തമായി പരിശോധിച്ചപ്പോള്‍ ഒരേ ആവശ്യത്തിന് ചട്ടം ലംഘിച്ച് രണ്ട് തവണ പണം നല്‍കിയതായി കണ്ടെത്തി.
എച്ച്/17/21404/2020 ഫയല്‍നമ്പര്‍ പ്രകാരം കഴിഞ്ഞ കൗണ്‍സിലില്‍ മേയറുടെ ഔദ്യോഗികവിഭാഗത്തിലെ അജണ്ടപ്രകാരം 25,52,762 രൂപ മുന്‍കൂറായി മേയര്‍ നല്‍കിയതിന് അനുമതി നല്കി. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ശുപാര്‍ശപ്രകാരമാണ് തുക നല്‍കിയതിന് അനുമതി നല്‍കിയത്. എന്നാല്‍ അന്നത്തെ കൗണ്‍സിലില്‍ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റിയുടെ ഇതേ നമ്പറിലെ അജണ്ട പ്രകാരം 59,96,705 രൂപ നല്കിയതും പാസ്സാക്കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിക്ക് ശിപാര്‍ശ ചെയ്ത് അവിടെ ചര്‍ച്ചചെയ്തശേഷമാണ് കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍. ഇതും ഉണ്ടായില്ല. മേയറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു ലക്ഷം രൂപവരെ പാസ്സാക്കി നല്‍കാവൂ എന്ന ചട്ടം നിലനില്‍ക്കെയാണ് ഒരു ചര്‍ച്ചയും ഇല്ലാതെ നിയമം ലംഘിച്ച് 85,49,467 രൂപ നല്‍കിയിരിക്കുന്നത്.
വന്‍ സാമ്പത്തികക്രമക്കേടാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. എവിടെയൊക്കെ സിഎഫ്എല്‍ടിസി പ്രവര്‍ത്തിച്ചിരുന്നുവെന്നോ എത്ര അന്തേവാസികള്‍ക്ക് ഭക്ഷണം നല്കിയെന്നോ എന്നതിന്റെ കണക്ക് അജണ്ടയില്‍ ഇല്ല. കഴിഞ്ഞ കൗണ്‍സിലില്‍ ചില വിവാദവിഷയങ്ങള്‍ അടിയന്തര പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ അരമണിക്കൂര്‍കൊണ്ട് പാസ്സാക്കി മേയര്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക ക്രമക്കേട് കണ്ടുപിടിക്കും എന്നതിനാലാണ് യോഗം പെട്ടെന്ന് അവസാനിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
പരാതി നല്കി
കൗണ്‍സില്‍ അജണ്ടയില്‍ ഒരേ ഫയല്‍നമ്പര്‍ രണ്ടിടത്ത് കാണിച്ച് ഭീമമായ തുക കുടുംബശ്രീക്ക് നല്‍കിയതിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ തിരുമല അനില്‍ സെക്രട്ടറിക്ക് പരാതി നല്കി. വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: