ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കരുതെന്ന് ഗ്വാട്ടമലയിലെ ഭാവി കുടിയേറ്റക്കാരോട് അഭ്യര്‍ഥിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഓഫിസിന്റെ ചുമതലയേറ്റശേഷം നടത്തിയ ആദ്യ വിദേശ സന്ദര്‍ശനത്തിലായിരുന്നു അവരുടെ പ്രതികരണം. വടക്കോട്ടുള്ള യാത്ര അപകടകരമെന്നും കള്ളക്കടത്തുകാര്‍ക്ക് മാത്രമേ നേട്ടമുണ്ടാകൂവെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവരെ അതിര്‍ത്തിയില്‍ തിരിച്ചയ്‌ക്കുമെന്നും കമല ഹാരിസ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റത്തിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ കമല ഹാരിസിനെയാണ് പ്രസിഡന്റ് ബൈഡന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
തെക്കന്‍ അതിര്‍ത്തി വഴി എത്തുന്ന കുടിയേറ്റക്കാരില്‍ അധികവും മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, ഹോണ്‍ഡുറസ് തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുടിയേറ്റങ്ങള്‍ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തെ മന്‍നിര്‍ത്തി, രാജ്യങ്ങളിലെ സാമ്പത്തിക അഭിവൃദ്ധി, അഴിമതിക്കെതിരായ പോരാട്ടം, നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുക തുടങ്ങിയവ പരിഹരിക്കാനാണ് വൈറ്റ് ഹൗസ് ശ്രമിക്കുന്നത്. ഒപ്പം ഈ രാജ്യങ്ങളുമായി പരസ്പര ബഹുമാനവും പൊതു മൂല്യങ്ങളും കാത്തുസൂക്ഷിച്ച് നല്ല ബന്ധവും വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നു. കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ച് അയയ്‌ക്കാവുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്കായി രാജ്യങ്ങളുമായി ചര്‍ച്ചയും നടത്തും.
അമേരിക്കയിലെ രണ്ടാമത്തെ വലിയ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച കമലയ്‌ക്ക് കുടിയേറ്റപ്രശ്‌നം പരിഹാരിക്കാന്‍ മറ്റാരേക്കാളും യോഗ്യതയുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. കുടിയേറ്റ പ്രശ്‌നം മാനുഷികമായി പരിഹരിക്കുക നിലവിലെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയ ബൈഡന്‍ കുടിയേറ്റങ്ങളിലെ കുതിച്ചുചാട്ടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരെ തടയാന്‍ ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച മതിലിന്റെ പണി നിര്‍ത്തുകയായിരുന്നു അധികാരത്തിലെത്തിയ ഉടന്‍ ബൈഡന്‍ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: